ലോക്ഡൗണ്‍: റദ്ദാക്കിയ വിമാനടിക്കറ്റുകളുടെ മുഴുവന്‍ തുകയും തിരികെ നല്‍കണമെന്ന് സുപ്രീംകോടതി

പ്രതീകാത്മക ചിത്രം

ലോക്ഡൗണ്‍ മൂലം റദ്ദാക്കിയ വിമാനടിക്കറ്റുകള്‍ക്കു യാതൊരു ക്യാന്‍സലേഷന്‍ ചാര്‍ജും ഈടാക്കാതെ വിമാനക്കമ്പനികള്‍ പണം മടക്കി നല്‍കണമെന്ന് സുപ്രീംകോടതി. ലോക്ഡൗണ്‍ കാലയളവില്‍ ബുക്ക് ചെയ്ത ആഭ്യന്തര, രാജ്യാന്തര ടിക്കറ്റുകള്‍ക്ക് ഉത്തരവ് ബാധകമാണ്.

ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ഉത്തരവിട്ടത്. സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിര്‍ദേശങ്ങള്‍ പരിഗണിച്ചാണു കോടതി വിധി.

ട്രാവല്‍ ഏജന്റ്മാര്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ഏജന്റ്മാരുടെ അക്കൗണ്ടിലേക്കു പണം എത്തുന്ന മുറയ്ക്ക് ടിക്കറ്റ് ചാര്‍ജ് തിരികെ വാങ്ങാവുന്നതാണ്. പണം മടക്കി നല്‍കാന്‍ അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ കമ്പനികള്‍ക്ക് കോടതി സാവകാശം നല്‍കിയിട്ടുണ്ട്.

അതേസമയം ലോക്ഡൗണിന്റെ ഭാഗമായുള്ള ആവശ്യങ്ങള്‍ക്കായി ബുക്ക് ചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കിയിട്ടുണ്ടെങ്കില്‍ ടിക്കറ്റ് ചാര്‍ജ് അടിയന്തരമായി മടക്കി നല്‍കണം. ലോക്ഡൗണ്‍ കാലയളവില്‍ അത്തരത്തില്‍ ടിക്കറ്റ് ബുക്കിങ് നടത്താന്‍ പാടില്ലായിരുന്നുവെന്നും കോടതി പറഞ്ഞു.

മാര്‍ച്ച് 25 മുതല്‍ മേയ് 24 വരെ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ പണം ക്യാന്‍സലേഷന്‍ തീയതി മുതല്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ നല്‍കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു കോടതി നിര്‍ദേശം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News