ഞാന്‍ സഞ്ജുവിന്റെ കടുത്ത ആരാധിക; രാജസ്ഥാനെ പിന്തുണയ്ക്കുന്നത് സഞ്ജു ഉള്ളതിനാല്‍: സ്മൃതി മന്ദന

ഐപിഎല്ലില്‍ മലയാളി താരം സഞ്ജു സാംസണിനോടുള്ള ആരാധന വെളിപ്പെടുത്തി ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ സൂപ്പര്‍താരം സ്മൃതി മന്ദന. ഇത്തവണ ഐപിഎലില്‍ സഞ്ജുവിന്റെ ബാറ്റിങ് മറ്റൊരു തലത്തിലാണെന്ന് മന്ദന അഭിപ്രായപ്പെട്ടു. ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിനോടുള്ള ഇഷ്ടം പോലും ആ ടീമില്‍ സഞ്ജുവിന്റെ സാന്നിധ്യമുള്ളതു കൊണ്ടാണെന്ന് മന്ദന വെളിപ്പെടുത്തി.

‘ഐപിഎലില്‍ യുവതാരങ്ങള്‍ ബാറ്റു ചെയ്യുന്ന രീതി വളരെയധികം പ്രചോദനമാണ്. സഞ്ജു സാംസണിന്റെ ബാറ്റിങ് കണ്ടതോടെ ഞാന്‍ അദ്ദേഹത്തിന്റെ വലിയൊരു ആരാധികയായി മാറി. സഞ്ജു ഉള്ളതുകൊണ്ട് ഇപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനെയും ഇഷ്ടമാണ്. അദ്ദേഹത്തിന്റെ ബാറ്റിങ് വേറെ ലെവലാണെന്നുതന്നെ പറയണം. ഐപിഎലില്‍ മികച്ച രീതിയില്‍ ബോളിങ്ങും ബാറ്റിങ്ങും ചെയ്യുന്നവരില്‍നിന്ന് പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനെക്കുറിച്ചാണ് എന്റെ ചിന്ത’ സ്മൃതി പറഞ്ഞു.

സഞ്ജു ഉള്ളതുകൊണ്ട് രാജസ്ഥാനെ ഇഷ്ടമാണെന്ന് പറഞ്ഞെങ്കിലും, ഐപിഎലില്‍ പ്രത്യേകിച്ച് ഒരു ടീമിനെയും പിന്തുണയ്ക്കുന്നില്ലെന്ന് മന്ഥന വ്യക്തമാക്കി. അതേസമയം, ഐപിഎലില്‍ കളിക്കുന്ന ഒരു കൂട്ടം താരങ്ങള്‍ക്കാണ് ഇത്തവണ പിന്തുണ. അവരോടാണ് ഇഷ്ടം. വിരാട് കോലി, എ.ബി. ഡിവില്ലിയേഴ്‌സ്, രോഹിത് ശര്‍മ, എം.എസ്. ധോണി തുടങ്ങിയവരാണ് ഐപിഎലിലെ പ്രിയ താരങ്ങളെന്നും മന്ഥന പറഞ്ഞു.

ഐപിഎലില്‍ ഇത്തവണ മിന്നുന്ന തുടക്കമിട്ട സഞ്ജു, ആദ്യ രണ്ട് മത്സരങ്ങളിലും അര്‍ധസെഞ്ചുറി നേടിയിരുന്നു. ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ 32 പന്തില്‍ ഒരു ഫോറും ഒന്‍പതു സിക്‌സും സഹിതം 74 റണ്‍സ് നേടിയും, രണ്ടാം മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ 42 പന്തില്‍ നാലു ഫോറും ഏഴു സിക്‌സും സഹിതം 85 റണ്‍സ് നേടിയുമാണ് സഞ്ജു രാജസ്ഥാന്റെ വിജയശില്‍പിയായത്. ഈ രണ്ടു മത്സരങ്ങളിലും മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരവും സഞ്ജുവിനായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News