ഉംറ: എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അധികൃതര്‍; അപേക്ഷിച്ചത് രണ്ടര ലക്ഷം പേർ

ഞായറാഴ്ച പുനരാരംഭിക്കുന്ന ഉംറ തടസ്സങ്ങളില്ലാതെയും സുരക്ഷിതമായും നിര്‍വഹിക്കുന്നതിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അധികൃതര്‍. ഇതുവരെ രണ്ടര ലക്ഷം തീര്‍ഥാടകര്‍ ‘ഇഅ്തമര്‍നാ’ ആപ്ളിക്കേഷന്‍ വഴി ഉംറക്ക് അപേക്ഷിച്ചതായും ഹജ്-ഉംറ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്‍ അസീസ് വസാന്‍ പറഞ്ഞു.

സ്വദേശികളും വിദേശികളുമായി 50000 പേര്‍ക്കാണ് സമയം അനുവദിച്ചിട്ടുള്ളത്. മീഖാത്തുകളുടെ (ഇഹ്റാം ചെയ്ത് ഉംറയില്‍ പ്രവേശിക്കുന്ന സ്ഥലം) സജ്ജീകരണ പ്രവര്‍ത്തങ്ങളും പൂര്‍ത്തിയായതായി ഇസ്ലാമിക കാര്യ മന്ത്രാലയവും വ്യക്തമാക്കി. അതിര്‍ത്തി തിരിക്കല്‍, സാമൂഹിക അകലം പാലിക്കുന്നതിനുള്ള സ്റ്റിക്കര്‍ പതിച്ച് അടയാളപ്പെടുത്തല്‍, അണുനശീകരണ സാമഗ്രികള്‍, സൈന്‍ ബോര്‍ഡുകള്‍, മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവസ്ഥാപിക്കല്‍ തുടങ്ങി കോവിഡ് 19 പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളും ക്രമീകരണങ്ങളും മന്ത്രാലയം വിലയിരുത്തി. പ്രവേശന കവാടങ്ങള്‍, മേല്‍ക്കൂരകള്‍, ശുചിമുറികള്‍ എന്നിവ അണുവിമുക്തമാക്കി.

അനുമതി പത്രത്തിന്റെ ബാര്‍കോഡ് പരിശോധിക്കാനും മാര്‍ഗനിര്‍ദേശം നല്‍കാനും ഇലക്ട്രോണിക് സംവിധാനങ്ങള്‍ , ഉചിതമായ സ്ഥലങ്ങളില്‍ ഹാന്‍ഡ് സാനിറ്റൈസര്‍, പ്രവേശന കവാടങ്ങളില്‍ തെര്‍മോമീറ്റര്‍ എന്നിവയും സജ്ജീകരിച്ചു.

മീഖാത്ത് ഉള്‍പ്പെടെ ഉംറ കര്‍മങ്ങള്‍ക്ക് വിനിയോഗിക്കുന്ന വിശുദ്ധ കേന്ദ്രങ്ങളിലെല്ലാം ആവശ്യമായ അറ്റകുറ്റപ്പണികളും പൂര്‍ത്തിയാക്കി. കൂടാതെ എല്ലാ പള്ളികളിലും ഇരുപതിനായിരം ച. മീറ്ററിലധികം പരവതാനികള്‍ അണുവിമുക്തമാക്കി. നിരവധി ദേശീയ ക്ലീനിങ് & മെയിന്റനന്‍സ് കമ്പനികളുമായി ചേര്‍ന്നാണ് 24 മണിക്കൂറും അണുവിമുക്തമാക്കല്‍ നടപടികള്‍ക്കായി കരാര്‍ ചെയ്തിട്ടുള്ളതെന്നും അധികൃതര്‍ വ്യക്തമാക്കി.

ഉംറ സൈറ്റുകളിലേക്ക് കൊറോണ വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്ന ഒരു തീര്‍ഥാടകനും പ്രവേശനാനുമതി നല്‍കില്ലെന്ന് രണ്ട് വിശുദ്ധ പള്ളികളുടെ പരിപാലന സഹമേധാവി അഹമ്മദ് അല്‍ മന്‍സൂരി പറഞ്ഞു. ഇത്തരക്കാരെ കണ്ടെത്തുന്നതിന് പൂര്‍ണ സജ്ജീകരണങ്ങളോടെയുള്ള നിരവധി പരിശോധന കേന്ദ്രങ്ങള്‍ ആരോഗ്യ മന്ത്രാലയം സ്ഥാപിച്ചതായും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News