രാഹുൽഗാന്ധി ആക്രമിക്കപ്പെട്ടിട്ടു പോലും കേരളത്തിലെ കോൺഗ്രസ് നേതൃത്വം ബിജെപിയുമായുള്ള ചങ്ങാത്തം അവസാനിപ്പിക്കാൻ തയ്യാറല്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൽഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ രണ്ടുകൂട്ടരും സമാന്തരമായി പരിപാടികളും ആരോപണങ്ങളും തുടരുകയാണ്. കേന്ദ്ര സർക്കാരിനെതിരെ പ്രതികരിക്കാൻ പോലും കേരളത്തിലെ കോൺഗ്രസ് നേതൃത്വം തയ്യാറല്ല. ഇത്തരം നിലപാടിനെതിരെ അണികളിൽ നിന്നുതന്നെ പ്രതിഷേധം ഉയരുന്നുണ്ട്.
ബിജെപിക്കെതിരെ പ്രതികരിക്കാൻ മുസ്ലിംലീഗ് നേതൃത്വവും അറച്ചുനിൽക്കുകയാണ്. ഭയപ്പെടുത്തി കീഴ്പ്പെടുത്താനുള്ള ആർഎസ്എസ് നിലപാടിനെ ചെറുത്തുനിൽക്കാതെ കീഴടങ്ങുകയാണ്.
ഉത്തർപ്രദേശിൽ രാഹുൽ ഗാന്ധിയെ തടഞ്ഞ് സംഭവത്തിൽ പാർടി സംസ്ഥാന സെക്രട്ടറിയേറ്റ് പ്രതിഷേധിച്ചു. അടിയന്തരാവസ്ഥയെ അനുസ്മരിപ്പിക്കുന്ന സ്ഥിതിവിശേഷമാണ് രാജ്യത്ത് നിലനിൽക്കുന്നത്. മുഖ്യ പ്രതിപക്ഷ പാർട്ടിയുടെ അഖിലേന്ത്യാ നേതാവിനെ തടഞ്ഞുനിർത്തുകയും ബലപ്രയോഗത്തിലൂടെ തിരിച്ചയക്കുകയും ചെയ്യുന്നത് രാജ്യത്ത് പൗരാവകാശം ഇല്ലാതാകുന്നതിന്റെ സൂചനയാണ്. ആർഎസ്എസിനെ ഫാസിസ്റ്റ് നിലപാടുകളുടെ ഭാഗമാണ് ഇത്തരം നടപടികൾ. കോൺഗ്രസ് നേതൃത്വത്തിനെതിരെ അല്ലേ, നടന്നോട്ടെ എന്ന നിലപാടല്ല ഇക്കാര്യത്തിൽ സിപിഐ എമ്മിനുള്ളത്. ഇത്തരം സംഭവങ്ങൾ ക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്ന് കോടിയേരി പറഞ്ഞു.
കേന്ദ്രസർക്കാർ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് സംസ്ഥാനത്തെ ആക്രമിക്കുകയാണ്. കേന്ദ്രഏജൻസികളെല്ലാം സംസ്ഥാനത്തുണ്ട്. ഇത്തരം നീക്കങ്ങളെ തുറന്നുകാട്ടാൻ ബഹുജന ക്യാമ്പയിൻ ശക്തമായി സംഘടിപ്പിക്കാനും പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചതായി കോടിയേരി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Get real time update about this post categories directly on your device, subscribe now.