കൊവിഡ് വ്യാപനം: സംസ്ഥാനം ഇന്നുമുതല്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക്; 144 പ്രഖ്യാപിച്ചു; ലംഘിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നിയമപ്രകാരം കേസ്

കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ പത്ത് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, ആലപ്പുഴ, മലപ്പുറം, ഇടുക്കി, തൃശൂര്‍, കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് 144 പ്രഖ്യാപിച്ചത്.

ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടങ്ങള്‍ ഉത്തരവ് പുറത്തിറക്കി. സംസ്ഥാനത്ത് മുഴുവന്‍ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വിവിധ ജില്ലകളിലെ കൊവിഡ് വ്യാപനത്തിന്റെ തോത് അനുസരിച്ചായിരിക്കും നിയന്ത്രണങ്ങള്‍ ജില്ലാ കലക്ടര്‍മാരാണ് ഇത് നിശ്ചയിക്കുന്നത്.

144 നടത്തിപ്പ് ചുമതല പൊലീസിനാണ്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നിയമ പ്രകാരമായിരിക്കും കേസെടുക്കുക.

നിരോധനാജ്ഞ പ്രഖ്യാപിച്ച ജില്ലകളില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് മുതല്‍ ഈ മാസം 31 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നിയന്ത്രണങ്ങള്‍ രാവിലെ ഒന്‍പത് മണി മുതല്‍ നിലവില്‍ വരും.

വിവാഹം, മരണാനന്തര ചടങ്ങുകളില്‍ നിലവിലുള്ള ഇളവ് തുടരും. വിവാഹത്തിന് അന്‍പത് പേര്‍ക്കും സംസ്‌കാര ചടങ്ങുകളില്‍ 20 പേര്‍ക്കുമാണ് പങ്കെടുക്കാന്‍ അനുമതി.

സര്‍ക്കാര്‍, രാഷ്ട്രീയ, മത, സാംസ്‌കാരിക ചടങ്ങുകളില്‍ 20 പേര്‍ക്ക് മാത്രം പങ്കെടുക്കാം. സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും തുറന്നു പ്രവര്‍ത്തിക്കും. പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷ നടത്തുക. പൊതുഗതാഗതം തടയില്ല. കടകളില്‍ അടക്കം സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ നടപടിയുണ്ടാകും.

കണ്ടെയ്ന്‍മെന്റ് സോണുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകും. നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News