”ആണിനെ സൂക്ഷിക്കാന്‍’ പെണ്‍കുഞ്ഞിനെ ഭയപ്പെടുത്തുന്നതിന് പകരം ‘പെണ്ണ് സഹജീവിയാണ്’ എന്ന് ആണ്‍കുഞ്ഞിനെ പഠിപ്പിക്കൂ…’

ഹത്രാസില്‍ പെണ്‍കുട്ടിയെ ബലാത്സംഹം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് രാജ്യമാസകലം ഉയരുന്നത്.  മാധ്യമപ്രവര്‍ത്തകരെയോ മറ്റോ ഗ്രാമത്തിലേക്ക് പോലീസ് അടുപ്പിക്കുന്നില്ല. ഈ സമയം ജേര്‍ണലിസ്റ്റ് പ്രതിമ മിശ്ര നടത്തിയ ധീരമായ പ്രവര്‍ത്തനമാണ് ഇപ്പോള്‍ ഏവരും പ്രകീര്‍ത്തിക്കുന്നത്. ഇതിനെ കുറിച്ചും പീഡനത്തെ കുറിച്ചും ഡോ. ഷിംന അസീസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്.

കുറിപ്പിന്റെ പൂര്‍ണരൂപം;

ഹത്രാസില്‍ ആ പെണ്‍കുട്ടിയുടെ വീടിന്റെ ഭാഗത്തേക്ക് യോഗിയുടെ തോക്കേന്തിയ പോലീസിനെ വകഞ്ഞ് മാറ്റി ജേര്‍ണലിസ്റ്റ് പ്രതിമ മിശ്ര നടന്ന് കയറുന്ന വീഡിയോ കണ്ട് കൊണ്ടാണ് മോന്‍ അടുത്തേക്ക് ഉറങ്ങാനായി വന്ന് കിടന്നത്.

പത്ത് വയസ്സേ ആയിട്ടുള്ളുവെങ്കിലും സാമാന്യം നന്നായി ഹിന്ദി മനസ്സിലാക്കാനും സംസാരിക്കാനുമറിയാം അവന്. കുറച്ച് നേരം പ്രതിമ സംസാരിക്കുന്നത് ശ്രദ്ധിച്ച് അവനെന്നോട് ‘ശരിക്കും എന്താണ് ഇഷ്യൂ’വെന്ന് ചോദിച്ചു.
ഒരു പെണ്‍കുട്ടിയെ റേപ്പ് ചെയ്ത് അവള്‍ക്ക് വലിയ ശാരീരിക മുറിവുകളുണ്ടാക്കിയ ശേഷം അവള്‍ ആശുപത്രിയില്‍ എത്തിയെങ്കിലും, മരണപ്പെട്ടു. ആ ശരീരം പോലീസ് വീട്ടുകാരെ കാണിക്കാതെ തെളിവ് നശിപ്പിക്കാനായി എവിടെയോ കൊണ്ട് പോയി സംസ്‌കരിച്ചു എന്നവനോട് ചുരുക്കത്തില്‍ പറഞ്ഞു.
” ഉമ്മച്ചീ, എന്താണ് ഈ റേപ്പ്?’
‘ഒരു വ്യക്തിയുടെ സമ്മതമില്ലാതെ അയാളെ സെക്ഷ്വലി ഉപദ്രവിക്കുന്നതാണ് റേപ്പ്. ഏറ്റവും കൂടുതല്‍ ഇതനുഭവിക്കേണ്ടി വരുന്നത് സ്ത്രീകളാണ്.’
അവനൊരു നിമിഷം എന്തോ ആലോചിച്ചു കിടന്നു. ‘മുതിര്‍ന്ന് കഴിഞ്ഞാല്‍ പരസ്പരം ഒരുപാട് സ്നേഹമുള്ള പങ്കാളികള്‍ ശരീരം കൊണ്ട് സ്നേഹിക്കും’ എന്നാണ് സെക്ഷ്വല്‍ റിലേഷന്‍ എന്നതിന് അവനു പറഞ്ഞുകൊടുത്തിട്ടുള്ള ഡെഫിനിഷന്‍. അവനത്രക്കല്ലേ വളര്‍ന്നിട്ടുള്ളൂ… ആദ്യമായാണ് റേപ് എന്താണെന്ന് പറഞ്ഞ് കൊടുക്കേണ്ട സന്ദര്‍ഭം വന്നിരിക്കുന്നത്.
‘മോനേ… ഒരു കാലത്തും ഒരാളെയും, ആണിനെയാണെങ്കിലും പെണ്ണിനെയാണെങ്കിലും ട്രാന്‍സ്ജെന്‍ഡറിനെയാണെങ്കിലും അവരുടെ അനുവാദമില്ലാതെ അവരുടെ ശരീരത്തില്‍ തൊടാനോ, അവരെ നോക്കി അവരുടെ ശരീരത്തെക്കുറിച്ച് മോശം പറയാനോ, തുറിച്ച് നോക്കാനോ പോലും പാടില്ല. Women are the backbone of the socitey. You need to love them. റേപ്പ് ചെയ്യുന്നത് ഒരു വ്യക്തിയെയല്ല, ആ മുഴുവന്‍ കുടുംബത്തെ ചതിക്കലാണ്. Always respect others… കേട്ടോ?’
അവന്‍ തല കുലുക്കി, എന്തോ ആലോചിക്കുന്ന മുഖഭാവത്തോടെ ഇത്തിരി നേരം കിടന്നു. നെഞ്ചോടമര്‍ന്നുറങ്ങി. എന്നില്‍ നിന്ന് മുറിഞ്ഞ് വീണ ആണിനോട് ഇത്രയെങ്കിലും പറഞ്ഞ് കൊടുക്കാതെങ്ങനെ…
ഇനിയുള്ള കാലം, ഓരോ രക്ഷിതാവും ഇതേറ്റെടുക്കാത്തിടത്തോളം നമ്മുടെ പെണ്‍മക്കള്‍ എങ്ങനെ പുറത്തിറങ്ങുമെന്നറിയില്ല. ‘ആണിനെ സൂക്ഷിക്കാന്‍’ പെണ്‍കുഞ്ഞിനെ ഭയപ്പെടുത്തുന്നതിന് പകരം ‘പെണ്ണ് സഹജീവിയാണ്’ എന്ന് ആണ്‍കുഞ്ഞിനെ പഠിപ്പിക്കൂ…
ആ പെണ്‍കുട്ടിയുടെ ആര്‍ത്തുള്ള കരച്ചില്‍ കാതില്‍ മുഴങ്ങുന്നു, ചാറ്റല്‍മഴയുടെ ഇരമ്ബലുള്ള രാവ് വല്ലാതെ ഭയപ്പെടുത്തുന്നു.
കുഞ്ഞിനെ ചേര്‍ത്ത് പിടിച്ചുറങ്ങട്ടെ…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News