ഐപിഎല്‍: ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന നേട്ടം ഇനി ധോണിക്ക് സ്വന്തം

ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന നേട്ടം ഇനി മഹേന്ദ്രസിങ് ധോണിക്കു സ്വന്തം.

ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ സഹതാരമായ സുരേഷ് റെയ്‌നയെ മറികടന്നാണ് ധോണി ഒന്നാമതെത്തിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തോടെ ധോണിയുടെ കരിയറിലെ ഐപിഎല്‍ മത്സരങ്ങളുടെ എണ്ണം 194 ആയി ഉയര്‍ന്നു.

193 മത്സരങ്ങളാണ് റെയ്‌നയുടെ പേരിലുള്ളത്. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി റെയ്‌ന ഇത്തവണ ടൂര്‍ണമെന്റില്‍നിന്ന് പിന്‍മാറിയതോടെയാണ് ധോണിക്ക് റെക്കോര്‍ഡ് സ്വന്തമാക്കാന്‍ അവസരം ലഭിച്ചത്.

192 മത്സരങ്ങള്‍ കളിച്ച മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ ഇരുവര്‍ക്കും തൊട്ടുപിന്നിലായി മൂന്നാമതുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ ദിനേഷ് കാര്‍ത്തിക് (185 മത്സരങ്ങള്‍), റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി (180 മത്സരങ്ങള്‍) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.

അതേസമയം, ക്യാപ്റ്റന്‍ റെക്കോര്‍ഡിന്റെ ഭാഗമായ ഈ മത്സരം ചെന്നൈ തോറ്റത് ആരാധകര്‍ക്ക് നിരാശയായി. ധോണി അവസാന ഓവര്‍ വരെ ക്രീസിലുണ്ടായിരുന്നെങ്കിലും വിജയം കയ്യെത്തിപ്പിടിക്കാനായില്ല.

ഐപിഎല്‍ ആരംഭിച്ചതു മുതല്‍ എല്ലാ സീസണിലും കളിച്ചിട്ടുള്ള താരമാണ് മഹേന്ദ്രസിങ് ധോണി. ഇതില്‍ രണ്ടു സീസണില്‍ ഒഴികെ 11 തവണയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകനായിരുന്നു.

ഇടക്കാലത്ത് ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് ചെന്നൈയ്ക്ക് ഐപിഎലില്‍നിന്ന് വിലക്കു ലഭിച്ച അവസരത്തില്‍ റൈസിങ് പുണെ സൂപ്പര്‍ജയന്റ്‌സിന്റെ നായകനായി. മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ കഴിഞ്ഞാല്‍ ഐപിഎലില്‍ ഏറ്റവും കൂടുതല്‍ കിരീടം സ്വന്തമാക്കിയ ക്യാപ്റ്റനും ധോണിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News