എങ്ങനെയാണ് ഇതിനെ ചികിത്സിച്ച് മാറ്റേണ്ടത്; പെണ്‍കുട്ടികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതികരണവുമായി പികെ മാനസി

ഇന്നത്തെ കാലത്ത് പെണ്‍കുട്ടികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് യുവ എഴുത്തുകാരി പികെ മാനസി എഴുതിയ കുറിപ്പ് വായിക്കാതെ പോകരുത്.  മൃഗമനോഭാവം ഇന്നത്തെ തലമുറയിലെ ചിലര്‍ക്കിടയില്‍ പടര്‍ന്നു പിടിക്കുന്ന ഒരു വ്യാധിയായി മാറിക്കഴിഞ്ഞു. എങ്ങനെയാണ് ഇതിനെ ചികിത്സിച്ച് മാറ്റേണ്ടതെന്നും മാനസി ചോദിക്കുന്നു.

പികെ മാനസിയുടെ വാക്കുകള്‍:

രാജ് കഹാനി(ബീഗം ജാന്‍) എന്ന സിനിമയുടെ തുടക്കത്തില്‍ ഒരു രംഗമുണ്ട്. ബസ്സില്‍ യാത്ര ചെയ്യുന്ന ഒരു പെണ്‍കുട്ടിയെ മദ്യപിച്ചെത്തിയ ഒരു കൂട്ടം ആളുകള്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നു. പ്രാണരക്ഷാര്‍ത്ഥം ബസ്സില്‍ നിന്നും ഇറങ്ങി ഓടുന്ന പെണ്‍കുട്ടി വഴിയില്‍ കണ്ട ഒരു വൃദ്ധയുടെ പിറകില്‍ പോയി അഭയം തേടുന്നു.

പിറകെ കുതിച്ചെത്തിയ വേട്ടക്കാര്‍ ആ വൃദ്ധയെ ആട്ടിയോടിക്കാന്‍ ശ്രമിക്കുമ്പോള്‍ വൃദ്ധ തന്റെ വസ്ത്രങ്ങള്‍ ഓരോന്നായി അഴിച്ച് അവര്‍ക്ക് മുന്നില്‍ നഗ്‌നയായി തുറിച്ച കണ്ണുകളോടെ നില്‍ക്കുന്നു. കാമവെറിയോടെ അലറിക്കൊണ്ടിരുന്ന വേട്ടക്കാര്‍ ആ വൃദ്ധയുടെ നോട്ടത്തെ നേരിടാന്‍ കഴിയാതെ ശൗര്യം കെട്ടടങ്ങി തിരിഞ്ഞോടുന്നു.

ആ സീന്‍ എന്താണ് നമ്മളോട് സംവദിക്കുന്നതെന്ന് ഞാന്‍ ഒരുപാട് ആലോചിച്ചു നോക്കി. എന്ത് കൊണ്ടായിരിക്കും അവരുടെ നഗ്‌നത അവര്‍ക്ക് വികാരമുണര്‍ത്താതിരുന്നിട്ടുണ്ടാവുക..? വേട്ടയാടാന്‍ പാകത്തിലുള്ള ഒരാളല്ലാത്തത് കൊണ്ടാണോ,,,? അതോ ഇടിഞ്ഞു തൂങ്ങിയ അവരുടെ മുലകളും, ശരീര ഭാഗങ്ങളും അവര്‍ക്ക് മറ്റാരെയെങ്കിലും തോന്നിച്ചുവോ.?

മുലപ്പാല്‍ കുടിച്ച നാളുകളിലേക്ക് ഒരു നിമിഷം ഓടിപ്പോയോ,,? എന്ത് കൊണ്ടായിരിക്കും അവര്‍ തിരിഞ്ഞോടിയിട്ടുണ്ടാവുക.?
ഇര തേടുന്ന സിംഹങ്ങളെ കണ്ടിട്ടില്ലേ, തക്കം പാര്‍ത്ത് നിന്ന് കൂട്ടമായി ഇരയെ ആക്രമിച്ച് കീഴ്‌പ്പെടുത്തുന്ന അവരുടെ രീതികള്‍. പ്രതിരോധം കാട്ടുന്ന ഇരയെ കൂടുതല്‍ കൂടുതല്‍ വേദനിപ്പിച്ച് പച്ചയ്ക്ക് തിന്നുന്ന അവരുടെ മനോഭാവത്തെ ഒന്ന് ശ്രദ്ധിച്ചു കാണേണ്ടത് തന്നേയാണ്.

ഒരു പക്ഷെ യാതൊരു എതിര്‍പ്പുമില്ലാതെ മുന്നില്‍ വന്ന് നില്‍ക്കുന്ന ഇരയെ കീഴ്‌പ്പെടുത്താന്‍ അവര്‍ക്ക് വലിയ താല്‍പര്യമുണ്ടാകില്ല. അവരുടെ ആനന്ദം തന്നെ ഇരയുടെ പിടച്ചിലാണെന്ന് തോന്നിപ്പോകാറുണ്ട്. പക്ഷെ അത് പ്രകൃതി നിയമം പോലെ ഒന്നാണ്. ഭക്ഷണത്തിന് വേണ്ടിയാണ് അവര്‍ വേട്ടയാടുന്നത്. അല്ലെങ്കില്‍ അവര്‍ക്ക് നിലനില്‍പ്പില്ല.

ആ മൃഗമനോഭാവം ഇന്നത്തെ തലമുറയിലെ ചിലര്‍ക്കിടയില്‍ പടര്‍ന്നു പിടിക്കുന്ന ഒരു വ്യാധിയായി മാറിക്കഴിഞ്ഞു. എങ്ങനെയാണ് ഇതിനെ ചികിത്സിച്ച് മാറ്റേണ്ടത്.

ബലാല്‍സംഗ വീരന്മാരില്‍ നിന്ന് ഞങ്ങളുടെ പെണ്‍ മക്കള്‍ക്ക് രക്ഷ വേണം എന്ന് പറഞ്ഞ് മണിപ്പൂരിലെ അമ്മമാര്‍ ഒരു ബാനറും പിടിച്ച് ഇംഫാലിലെ സൈനിക ആസ്ഥാനത്തിലേക്ക് നഗ്‌നരായി സമരം ചെയ്തത് ഓര്‍മ്മയുണ്ടോ,,? എന്തിനായിരിക്കും അവര്‍ ആ സമര രീതി തിരഞ്ഞെടുത്തിട്ടുണ്ടാവുക. ഇന്ത്യയിലെ അമ്മമാര്‍ നഗ്‌നരായി സമരം ചെയ്യേണ്ട ദുരവസ്ഥയിലേക്കല്ലേ കാലം പോകുന്നത്.

അങ്ങനെയൊരു സമരം നടന്നാല്‍ പോലും അമ്മമാരുടെ നഗ്‌നതയിലേക്ക് ഇവര്‍ കണ്ണ് പായിക്കില്ലെന്ന് ആര്‍ക്കറിയാം. ഈ കെട്ട കാലം രണ്ടര മണിക്കൂര്‍ കൊണ്ട് തീരുന്ന സിനിമയല്ലല്ലോ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News