സൂരജ് എസ് കുറുപ്പിനെ പരിഹസിച്ച് മോട്ടോർ വാഹന വകുപ്പിന്റെ വീഡിയോ; സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രതിഷേധം

സംഗീതസംവിധായകന്‍ സൂരജ് എസ് കുറുപ്പിനെ പരിഹസിച്ച് മോട്ടോര്‍ വാഹന വകുപ്പിന്റെ വീഡിയോ. വാഹനത്തിന് അന്യായമായി പിഴ ചുമത്തി എന്ന ആരോപണവുമായി കഴിഞ്ഞ ദിവസം സൂരജ് രംഗത്ത് വന്നിരുന്നു. ഇതിനെതിരെയാണ് എംവിഡിയുടെ മറുപടി.

സൂരജ് കാറില്‍ ചാരി നില്‍ക്കുന്ന ചിത്രത്തോടൊപ്പമാണ് വിഡിയോ പുറത്തു വിട്ടിരിക്കുന്നത്. കാറില്‍ അലോയ് വീല്‍ ഘടിപ്പിച്ചതിനാണ് പിഴ ചുമത്തിയതെന്നായിരുന്നു സൂരജിന്റെ കുറിപ്പ്. പിഴത്തുക അടച്ച വിവരം സംബന്ധിച്ച സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടും സൂരജ് പോസ്റ്റിനൊപ്പം പങ്കുവെച്ചിരുന്നു.

എന്നാല്‍ വായിക്കാന്‍ പ്രയാസമുള്ള മോഡിഫൈ ചെയ്ത നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചതിനാലാണ് നടപടി എടുത്തത് എന്നാണ് പൊലീസിന്റെ വാദം. സ്വന്തം തെറ്റ് മറച്ചുവെച്ച് സൂരജ് വ്യാജപ്രചരണം നടത്തുന്നു എന്നാണ് മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ടുവെയ്ക്കുന്ന ആരോപണം.

ഒരാളെ പരസ്യമായി പരിഹസിക്കുന്നതും വ്യക്തിപരമായി ആക്ഷേപിക്കുന്നതും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് യോജിച്ചതല്ലെന്ന് ആക്ഷേപമുയരുന്നുണ്ട്. പ്രതികരിക്കുന്നവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പ്രചരിപ്പിച്ച് കയ്യടി വാങ്ങാനുളള ശ്രമം പ്രോത്സാഹിപ്പിക്കരുതെന്നുമാണ് വീഡിയോ കണ്ടവരുടെ പ്രതികരണം.

മോട്ടോര്‍ വാഹന വകുപ്പിന്റെ പുതുക്കിയ പരിശോധനാ നടപടികളെ കുറിച്ച് പൊതുജനത്തിന് ബോധവത്ക്കരണം നല്‍കണം, പിഴത്തുക മാത്രം രേഖപ്പെടുത്തിയ ഒരു സന്ദേശം അയക്കുന്ന രീതി നിര്‍ത്തണം എന്നിവയൊക്കെയാണ് ഉയര്‍ന്നുവരുന്ന ആവശ്യങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News