ഡ്രാക്കുള സുരേഷ് വീണ്ടും തടവുചാടി

കൊച്ചി: എറണാകുളം മെഡിക്കല്‍ കോളേജിലെ കൊവിഡ് ചികിത്സാകേന്ദ്രത്തില്‍ നിന്ന് മോഷണക്കേസ് പ്രതി ഡ്രാക്കുള സുരേഷ് വീണ്ടും തടവുചാടി. ഇതു മൂന്നാം തവണയാണ് കൊവിഡ് സെന്ററില്‍ നിന്ന് ഇയാള്‍ ചാടുന്നത്.

കൊവിഡ് നെഗറ്റീവായതോടെ ഇന്ന് രാവിലെ സുരേഷിനെ ആലുവ സബ് ജയിലിലേക്ക് മാറ്റാന്‍ പുറത്തിറക്കിയപ്പോഴാണ് പൊലീസുകാരുടെ കണ്ണുവെട്ടിച്ച് മുങ്ങിയത്. പൊലീസുകാര്‍ പിപിഇ കിറ്റ് ധരിക്കാന്‍ പോയപ്പോഴായിരുന്നു സുരേഷ് മുങ്ങിയതെന്ന് പറയുന്നു. ഇയാള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

കറുകുറ്റി കൊവിഡ് കെയര്‍ സെന്ററില്‍ നിന്ന് കഴിഞ്ഞ ആഴ്ച രണ്ടുതവണ ഇയാള്‍ ചാടിപ്പോയിരുന്നു. ഏറ്റവുമൊടുവില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാളെ പിടികൂടി ആശുപത്രിയിലാക്കിയത്. നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് ഇയാള്‍.

കൊവിഡ് കാലത്ത് തന്നെ സുരേഷ് പലതവണ മോഷണക്കേസുകളില്‍ പിടിയിലായിരുന്നു. കഴിഞ്ഞ ജൂണില്‍ മൂവാറ്റുപുഴയില്‍ വച്ച് മോഷണത്തിനു ശേഷം ഒളിവിലിരിക്കെ നാട്ടുകാരും പൊലീസുകാരും പിടികൂടുമെന്ന് ഉറപ്പായപ്പോള്‍ പെരുവാമൂഴി പാലത്തില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു.

വെള്ളമില്ലാത്ത സ്ഥലത്തേക്ക് വീണതിനാല്‍ പരുക്കു പറ്റിയെന്നും അസ്ഥികള്‍ ഒടിഞ്ഞെന്നും തനിക്ക് കൊവിഡാണെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയതോടെ ഫയര്‍ഫോഴ്‌സ് എത്തിയാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് കാര്യമായ പരുക്ക് ഇല്ലായിരുന്നു. ഈ കേസില്‍ ജാമ്യം തേടി പുറത്തിറങ്ങിയപ്പോഴാണ് പെരുമ്പാവൂരില്‍ വച്ച് വീണ്ടും മോഷണക്കേസില്‍ പിടിയിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News