‘മൃതദേഹം ഒരുനോക്ക് കാണിക്കാന്‍ ഞങ്ങള്‍ അഭ്യര്‍ഥിച്ചിരുന്നു, ഇംഗ്ലീഷ്​ അറിയാത്തതിനാല്‍ പോസ്​റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്​ മനസിലാകില്ലെന്ന് പറഞ്ഞു’; ഹാത്രാസ്‌ പെണ്‍കുട്ടിയുടെ കുടുംബം

ഹത്രാസില്‍ ദലിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ മകള്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം. രണ്ടുദിവസത്തിനുശേഷം മാധ്യമങ്ങളെ കാണാന്‍ കുടുംബത്തിന് അനുമതി നല്‍കിയതിന് പിന്നാലെയാണ് പ്രതികരണം.

‘അന്ന് രാത്രിയില്‍ ആരുടെ മൃതദേഹമാണ് കത്തിച്ചതെന്ന് ഞങ്ങള്‍ക്ക് അറിയണം. അത് ഞങ്ങളുടെ സഹോദരിയുടെ ശരീരമാണെങ്കില്‍ എന്തിന് അവര്‍ ഈ രീതിയില്‍ സംസ്‌കരിച്ചു? പൊലീസിനോടും ഭരണകൂടത്തിനോടും അവളുടെ മൃതദേഹം ഒരുനോക്ക് കാണിക്കാന്‍ ഞങ്ങള്‍ അഭ്യര്‍ഥിച്ചിരുന്നു’ -പെണ്‍കുട്ടിയുടെ സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഞങ്ങള്‍ ആവശ്യെപ്പട്ടിരുന്നു. എന്നാല്‍ നിങ്ങള്‍ക്ക് ഇംഗ്ലീഷ് വായിക്കാന്‍ അറിയില്ലാത്തതിനാല്‍ മനസിലാകില്ലെന്നായിരുന്നു അവരുടെ പ്രതികരണം.’ -സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു

പ്രത്യേക അന്വേഷണ സംഘം വ്യാഴാഴ്ച തങ്ങളോട് സംസാരിച്ചിരുന്നില്ലെന്ന് കുടുംബം പറയുന്നു. നേരത്തേ പ്രത്യേക അന്വേഷണ സംഘമെത്തി മൊഴിയെടുത്തിരുന്നതായും വ്യാഴാഴ്ച ഗ്രാമവാസികളോട് മാത്രം സംസാരിച്ചശേഷം മടങ്ങിപോയെന്നും കുടുംബം ആരോപിച്ചു. രണ്ടുദിവസമായി വീടുവിട്ട് പുറത്തുപോകാന്‍ അനുവദിച്ചിരുന്നില്ലെന്നും വീട്ടിനുള്ളില്‍ സദാസമയം പൊലീസിന്റെ സാന്നിധ്യം ഉണ്ടായിരുന്നതായും കുടുംബം പറഞ്ഞു.

‘ഞങ്ങള്‍ക്ക് പേടിയുണ്ട്. പൊലീസുകാരോട് കുറച്ച് സ്വകാര്യത ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ വീടനകത്ത് സദാസമയവും തമ്പടിച്ചു. ചില അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥരെത്തി ഫോണ്‍ കാണിക്കാന്‍ ആവശ്യപ്പെട്ടു. രണ്ടുദിവസമായി പുറംലോകവുമായുള്ള ഏക സംവാദം ഇതായിരുന്നു’ എന്നും സഹോദരന്‍ കൂട്ടിച്ചേര്‍ത്തു.

‘കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഗ്രാമ അധികാരി ഞങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്നും ഞങ്ങള്‍ക്ക് നീതി മാത്രമാണ് ആവശ്യം’ എന്നും പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍ ഒരാള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News