സുശാന്തിന്റെ മരണം കൊലപാതകമോ?; മറുപടിയുമായി എയിംസ് ഫോറൻസിക് സംഘം

സുശാന്ത് സിങ്ങ് രജ്പുത്തിന്റെ മരണം കൊലപാതകമാണോ എന്ന സാധ്യത തള്ളിക്കളഞ്ഞ് ഡൽഹി എയിംസ്. “ തൂങ്ങി മരണമാണിതെന്നും, ആത്മഹത്യയാണിതെന്നും” എയിംസിലെ ഫോറൻസിക് വിഭാഗം മേധാവി ഡോ. സുധീർ ഗുപ്ത പറഞ്ഞു.

സിബിഐക്ക് നൽകിയ വിദഗ്ദോപദേശത്തിലാണ് എയിംസ് വിദഗ്ധർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. മരണം വിഷം ഉള്ളിൽ ചെന്നാണെന്നുള്ള വാദവും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാവാമെന്ന് വാദവും എയിംസിലെ ഫോറൻസിക് ഡോക്ടർമാരുടെ ആറ് അംഗ സംഘം തള്ളി.

“ഇത് തൂങ്ങിമരിച്ച കേസാണ്. ഞങ്ങളുടെ നിർണായക റിപ്പോർട്ട് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് (സിബിഐ) സമർപ്പിച്ചു, ”ഫോറൻസിക് മെഡിക്കൽ ബോർഡ് ചെയർമാൻ കൂടിയായ ഡോ. ഗുപ്ത പറഞ്ഞു.

തൂങ്ങിമരിച്ചതിന്റേതല്ലാതെ ശരീരത്തിൽ പരിക്കില്ല. ഏറ്റുമുട്ടലിന്റെയോ ബലപ്രയോഗത്തിന്റെയോ അടയാളങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏഴ് വർഷം മുമ്പ് “കൈ പോ ചെ” യിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച രാജ്പുത്തിനെ (34) ജൂൺ 14 നാണ് മുംബൈയിലെ സബർബൻ ബാന്ദ്രയിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സുശാന്തിന്റെ കൂട്ടുകാരിയായിരുന്ന റിയ ചക്രവർത്തിക്കും കുടുംബത്തിനും എതിരെ സുശാന്തിന്റെ പിതാവ് കെ കെ സിംഗ് പട്നയിൽ സമർപ്പിച്ച പരാതി പ്രകാരമുള്ള കേസിൽ അന്വേഷണം സിബിഐ ഏറ്റെടുത്തിരുന്നു.

ബിഹാർ പോലീസിൽ നിന്നായിരുന്നു സിബിഐ അന്വേഷണം ഏറ്റെടുത്തത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒരു നിഗമനത്തിലും എത്തിയിട്ടില്ലെന്നും എല്ലാ വശങ്ങളും അന്വേഷിക്കുകയാണെന്നും സിബിഐ ഈ ആഴ്ച പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here