ഹാത്രാസ്‌ പീഡനവും കൊലപാതകവും; നാളെ സംസ്ഥാന വ്യാപകമായി ഡിവൈഎഫ്‌ഐ പ്രതിഷേധജ്വാല

ഉത്തർപ്രദേശിലെ ഹത്‌റാസിൽ നടന്ന ക്രൂരമായ സ്ത്രീപീഡനത്തിനും കൊലപാതകത്തിനുമെതിരെ സംസ്ഥാന വ്യാപകമായി നാളെ വൈകിട്ട് ഏഴ് മണിക്ക് പ്രതിഷേധ ജ്വാല തെളിയിക്കും.

സംസ്ഥാനത്തെ കാൽലക്ഷം യൂണിറ്റുകളിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. ബിജെപിയും യോഗി ആദിത്യനാഥും അധികാരത്തിലെത്തിയതുമുതൽ യുപിയിൽ ദളിത് ജനവിഭാഗങ്ങൾ കടുത്ത പീഡനങ്ങൾക്കാണ് ഇരയാവുന്നത്.

സ്ത്രീപീഡനവും കൊലപാതകങ്ങളും നിത്യസംഭവമായി മാറിയിരിക്കുന്നു. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 19 വയസ് മാത്രമുള്ള ദളിത് പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാർക്ക് കാണുവാനുള്ള അനുവാദം പോലും നൽകാതെ ഇരുട്ടിന്റെ മറവിൽ നിയമവിരുദ്ധമായി മൃതദേഹം ദഹിപ്പിക്കുകയാണ് യുപി പോലീസ് ചെയ്തത്. ഈ ക്രൂരകൃത്യം ചെയ്ത കൂട്ടരെ നിയമത്തിനുമുന്നിൽ കൊണ്ടുവരാതെ സംരക്ഷിക്കുകയാണ് ഉത്തർപ്രദേശ് ഭരണകൂടവും പോലീസും.

സംഘപരിവാറിന്റെ സവർണ ബോധമാണ് ഇതിലൂടെ പുറത്തുവരുന്നത്. ആർ.എസ്.എസും പോലീസും ചേർന്നുള്ള ക്രിമിനൽ വാഴ്ചയുടെ ഭീതിതവും അപമാനകരവുമായ വിവരങ്ങളാണ് ഓരോ നിമിഷവും ഹത്‌റാസിൽ നിന്നും പുറത്തുവരുന്നത്. ഇതെല്ലാം മറച്ചുവെക്കാനെന്നോണം ദേശീയ നേതാക്കളെയും സാമൂഹ്യപ്രവർത്തകരെയും ഹത്‌റാസിലേക്ക് കടത്തിവിടുന്നില്ല.

മാത്രവുമല്ല പ്രതിഷേധംപോലും അനുവദിക്കാതെ ഫാസിസ്റ്റിനെപ്പോലെയാണ് യോഗി ആദിത്യനാഥ് പ്രവർത്തിക്കുന്നത്. എന്താണ് നടക്കുന്നതെന്ന് പുറംലോകമറിയരുതെന്ന വാശിയോടെയാണ് പോലീസും അധികാരികളും പ്രവർത്തിക്കുന്നത്. ദളിതർക്കും സ്ത്രീകൾക്കും മേൽ സവർണജാതി മേധാവിത്വത്തിൽ അധിഷ്ഠിതമായ ഹിന്ദുത്വം നടത്തുന്ന നരവേട്ടയാണ് നടക്കുന്നത്. ഇത് രാജ്യത്തെ തന്നെ വെല്ലുവിളിക്കുന്നതാണ്.

രാജ്യം മുഴുവൻ നടുങ്ങിയ ക്രൂരമായ സംഭവത്തിനൊടുവിൽ വീണ്ടും തുടർച്ചയായി ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പെൺകുട്ടിയുടെ മൃതദേഹത്തിനോടും കുടുംബത്തോടുമുള്ള ക്രൂരത തുടരുകയാണ്. ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്തുതന്നെയാണോ ഹത്‌റാസും യുപിയും നിലനിൽക്കുന്നതെന്ന സംശയമുയർത്തുന്ന പ്രവർത്തികൾ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി പാലിക്കുന്ന മൗനം ക്രൂരവും ജനാധിപത്യവിരുദ്ധ ചെയ്തികളെ പിന്തുണയ്ക്കുന്നതുമാണ്.

സംഘപരിവാറിന് കീഴിലുള്ള രാജ്യം എങ്ങോട്ടേയ്ക്കാണ് നീങ്ങുന്നത് എന്നതിന്റെ നേർസാക്ഷ്യമാണിത്. മാധ്യമങ്ങൾക്കും രാഷ്ട്രീയ പ്രവർത്തകർക്കും പ്രവേശനമില്ലാത്ത ഹത്‌റാസിലെ ഭരണകൂടഭീകരതയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമുയർന്നുവരണം. ഈ സാഹചര്യത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും പ്രതിഷേധപരിപാടി സംഘടിപ്പിക്കുക എന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News