മലയാളി താരവും ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഓപ്പണര്‍ ബാറ്റ്സ്മാനുമായ ദേവ്ദത്ത് പടിക്കലിനെ പുകഴ്ത്തി വിരാട് കോഹ്ലി. ബാറ്റിങ് മികവുകൊണ്ട് സമ്പന്നനാണ് പടിക്കലെന്ന് കോഹ്ലി പറഞ്ഞു.
”ദേവ്ദത്തിന്റെ ബാറ്റിങ് മികവിനെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തുന്നില്ല. വളരെ കഴിവുള്ള താരമാണ്. ഏറെ ദീര്‍ഘവീക്ഷണമുള്ള ബാറ്റ്സ്മാനാണ്. ഷോട്ടുകളില്‍ കൃത്യതയുണ്ട്. റിസ്‌കുകളെടുക്കാന്‍ തയ്യാറുള്ള താരമാണ്. ഓരോ മത്സരവും മനസിലാക്കി കളിക്കാന്‍ അവന് അറിയാം.” കോഹ്ലി പറഞ്ഞു.
രാജസ്ഥാന്‍ റോയല്‍സിനെതിരെ ഇന്നലെ നടന്ന ഐപിഎല്‍ മത്സരത്തില്‍ ബാംഗ്ലൂരിനെ വിജയിപ്പിച്ചതില്‍ നിര്‍ണായക പങ്ക് വഹിച്ചത് ദേവ്ദത്ത് പടിക്കലാണ്. ബാംഗ്ലൂര്‍ നായകന്‍ കോഹ്ലിയും അര്‍ധ സെഞ്ചുറി നേടിയിരുന്നു. മത്സരശേഷം സംസാരിക്കുമ്പോഴാണ് ദേവ്ദത്തിന്റെ ബാറ്റിങ് മികവിനെ കോഹ്ലി വാഴ്ത്തിയത്.
കോഹ്ലിക്കൊപ്പം ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചതില്‍ താന്‍ ഏറെ സന്തുഷ്ടനാണെന്ന് ദേവ്ദത്ത് പടിക്കലും പറഞ്ഞു. ”കോഹ്ലിക്കൊപ്പം ബാറ്റ് ചെയ്യുമ്പോള്‍ ഇതൊരു സ്വപ്നമാണോ എന്നു പോലും തോന്നി. ഏറെ നാളായി ഞാന്‍ പിന്തുടരുന്ന താരമാണ് കോഹ്ലി. ടീമിനെ വിജയത്തിലെത്തിക്കാന്‍ അദ്ദേഹം പരിശ്രമിക്കുകയായിരുന്നു. എന്നെ കൂടി അദ്ദേഹം പ്രചോദിപ്പിക്കുന്നുണ്ടായിരുന്നു. 20 ഓവര്‍ ഫീല്‍ഡ് ചെയ്ത ശേഷം ഈ കനത്ത ചൂടില്‍ ബാറ്റ് ചെയ്യുക ദുഷ്‌കരമാണ്. എന്നാല്‍, ഓരോസമയത്തും കോഹ്ലി എനിക്ക് ആവശ്യമായ പിന്തുണ നല്‍കിയിരുന്നു” പടിക്കല്‍ പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.