ഷര്‍ട്ട് അഴിച്ചു മാറ്റി സ്ത്രീയ്‌ക്കൊപ്പം ഇരുത്തി ഫോട്ടോ എടുത്തു; പ്രമുഖ വ്യാപാരിയെ പെണ്‍കെണിയില്‍ കുടുക്കി രണ്ടു ലക്ഷം തട്ടിയ രണ്ടു പേര്‍ പിടിയില്‍

കോട്ടയം: പെണ്‍കെണിയില്‍ കുടുക്കി വ്യാപാരിയില്‍ നിന്നു 2 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ 2 പേര്‍ പിടിയില്‍. മുടിയൂര്‍ക്കര നന്ദനം പ്രവീണ്‍ കുമാര്‍ (സുനാമി- 34), മലപ്പുറം എടപ്പന തോരക്കാട്ടില്‍ മുഹമ്മദ് ഹാനീഷ് (24) എന്നിവരാണ് പിടിയിലായത്.

2 സ്ത്രീകളും കോട്ടയം നഗരത്തിലെ കൊടും ക്രിമിനല്‍ ഉള്‍പ്പെടെ കൂടുതല്‍ പ്രതികള്‍ പെണ്‍കെണിക്കു പിന്നിലുണ്ടെന്ന് പൊലീസ്. ഇവരെയും സംഭവം ആസൂത്രണം ചെയ്ത ഗുണ്ടാത്തലവനെയും തിരയുന്നു.

കഴിഞ്ഞ 29നാണ് സംഭവം. പഴയ സ്വര്‍ണം വാങ്ങി വില്‍പന നടത്തുന്ന വ്യാപാരിയായ ചിങ്ങവനം സ്വദേശിയുടെ ഫോണിലേക്ക് സ്വര്‍ണം വില്‍ക്കാനുണ്ടെന്നു പറഞ്ഞ് ഒരു സ്ത്രീ വിളിച്ചു.

2 ദിവസത്തിനുള്ളില്‍ കോട്ടയം കലക്ടറേറ്റിനു സമീപത്തെ അപ്പാര്‍ട്‌മെന്റില്‍ വരുമെന്നും അവിടെ വച്ചു സ്വര്‍ണം കൈമാറാമെന്നും ഇവര്‍ വ്യാപാരിയെ അറിയിച്ചു. ഇതനുസരിച്ച് എത്തിയ വ്യാപാരിയെ അപ്പാര്‍ട്‌മെന്റില്‍ ഉണ്ടായിരുന്നവര്‍ മര്‍ദിച്ചു. ഷര്‍ട്ട് അഴിച്ചു മാറ്റി ശേഷം സ്ത്രീയുടെ ഒപ്പം ഇരുത്തി ഫോട്ടോ എടുത്തു.

ചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്നും ഇല്ലെങ്കില്‍ 6 ലക്ഷം രൂപ വേണമെന്നും ആവശ്യപ്പെട്ടു. നഗരത്തിലെ ക്രിമിനല്‍ സംഘങ്ങളില്‍ ഉള്‍പ്പെട്ട ഒരാളെ സംഘം വിളിച്ചു വരുത്തുകയും ഇയാളുടെ മധ്യസ്ഥതയില്‍ 2 ലക്ഷം രൂപയ്ക്കു പ്രശ്‌നം ഒത്തുതീര്‍പ്പാക്കാമെന്നും ധാരണയായി. ചീട്ടുകളിയുമായി ബന്ധപ്പെട്ട് പരിചയമുള്ള 2 സുഹൃത്തുക്കളെ വ്യാപാരി വിളിച്ചു വരുത്തുകയും ഇവര്‍ 2 ലക്ഷം രൂപ സംഘത്തിനു കൈമാറുകയും ചെയ്തു.

ഇതോടെ വ്യാപാരിയെ വിട്ടയച്ചെങ്കിലും സംഘം വീണ്ടും പണം ആവശ്യപ്പെടുമെന്ന ഭീതിയില്‍ വ്യാപാരി പൊലീസിനെ സമീപിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. പരാതി നല്‍കി 2 മണിക്കൂറിനകം പ്രതികളെ പിടിച്ചു. ഇടനിലക്കാര്‍ വാസ്തവത്തില്‍ പണം പെണ്‍കെണി സംഘത്തിനു കൈമാറിയതായി അഭിനയിച്ചതാണെന്നു ഡിവൈഎസ്പി ആര്‍. ശ്രീകുമാര്‍ പറഞ്ഞു.

പെണ്‍കെണി സംഘവും ഇടനിലക്കാരും ഒരു സംഘത്തിലെ അംഗങ്ങളാണ്. നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടാത്തലവന്റെ നിര്‍ദേശപ്രകാരം ഇവര്‍ പ്രവര്‍ത്തിച്ചതാണ്. കണ്ണൂര്‍ സ്വദേശി കുഴല്‍പണക്കാരന്‍ പിന്തുണ നല്‍കിയെന്നും ആര്‍. ശ്രീകുമാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News