യുപി പീഡനം: യോഗി പൊലീസിന്റെ വാദം പൊളിയുന്നു; പെണ്‍കുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് മെഡിക്കോ ലീഗല്‍ റിപ്പോര്‍ട്ട്

ഹാഥ്‌റസ് സംഭവത്തില്‍ പോലീസ് വാദം പൊളിയുന്നു പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് മെഡിക്കോ ലീഗല്‍ റിപ്പോര്‍ട്ട്. പ്രതികള്‍ ബലം പ്രയോഗിച്ച് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. അലിഗഡ് മെഡിക്കല്‍ കോളേജ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

പോസ്റ്റ് മോര്‍ട്ടം, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ ആധാരമാക്കി പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടില്ലെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ഉത്തര്‍ പ്രദേശ് പോലീസ് ശ്രമം. എന്നാല്‍ പോലീസിന്റെ ഈ വാദം പൂര്‍ണമായും തള്ളുകയാണ് മെഡിക്കോ ലീഗല്‍ റിപ്പോര്‍ട്ട്. പെണ്‍കുട്ടിയെ ആദ്യം അഡ്മിറ്റ് ചെയ്ത അലിഗഡ് മെഡിക്കല്‍ കോളേജിന്റെ റിപ്പോര്‍ട്ട് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്‌തെന്നാണ് വിലയിരുത്തുന്നത്.

പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ ഫായിസ് അഹമ്മദ് പ്രതികള്‍ ബലം പ്രയോഗിച്ച് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന് വ്യക്തമാക്കുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ ബീജത്തിന്റെ അംശം ഇല്ലാത്തതിന്റെ കാരണത്തിലേക്കും 54 പേജുള്ള റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നു. സെപ്റ്റംബര്‍ 14ന് പീഡിപ്പിക്കപ്പെട്ട പെണ്കുട്ടിയുടെ സാമ്പിളുകള്‍ ആഗ്രയിലെ ഫോറന്‍സിക് ലാബിലയക്കുന്നത് 25ന് മാത്രമാണ്.

സാമ്പിളുകള്‍ അയക്കാന്‍ നിശ്ചയിക്കപ്പെട്ട സമയ പരിധിയുടെ ദേശീയ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടു. പീഡിപ്പിക്കപ്പെട്ടു എന്ന വിവരം ഡോക്ടര്‍മാര്‍ അറിയുന്നത് 22ന്. അത് പെണ്കുട്ടിയുടെ പിഴവാണെന്ന അഭിപ്രായം മെഡിക്കല്‍ എക്‌സാമിനാര്‍ക്ക് ഇല്ല. ഇത്തരം സംഭവങ്ങള്‍ക്ക് ശേഷം ഇരയ്ക്ക് സ്വബോധം നഷ്ടപ്പാടാറുണ്ട്. അതാകാം കാരണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അതേസമയം ജില്ലാ മജിസ്ട്രേറ്റിനെതിരെ നടപടി ഇല്ലാത്തത്തില്‍ ബിഎസ്പി നേതാവ് മായാവതി രംഗത്ത് എത്തി. ഐ പി എസ് അസോസിയേഷനും അതൃപ്തി അറിയിച്ചു. പ്രത്യേക അന്വേഷണ സംഘം ഇന്നും പെണ്കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു. സിബിഐ അന്വേഷണം ഉണ്ടായാലും സമാന്തര അന്വേഷണത്തിനാണ് എസ്‌ഐടിയുടെ ആലോചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here