ജനാധിപത്യത്തിൻ്റെയും മതനിരപേക്ഷതയുടെയും മനുഷ്യസ്നേഹത്തിൻ്റെയും രാഷ്ട്രീയത്തെ കൊലക്കത്തികളുടെ മൂർച്ചയാൽ ഇല്ലാതാക്കാമെന്ന ചിന്തയുടെ ഭാഗമാണ് തൃശൂരിലെ കൊലപാതകം; ആര്‍എസ്എസ്-ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലക്കത്തി താ‍ഴെവയ്ക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍

തൃശൂര്‍ കുന്നംകുളത്ത് സിപിഐഎം പ്രവര്‍ത്തകന്‍ സനൂപ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ആ നാടിന്റെ ഹൃദയസ്പന്ദനം പോലെ സജീവമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറി. മാതാപിതാക്കള്‍ നേരത്തെ മരിച്ചുപോയ ആ ചെറുപ്പക്കാരന് സഹോദരങ്ങളുമില്ല.

പുതുശ്ശേരി പ്രദേശത്തെ ജനങ്ങളൊന്നാകെ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ സനൂപിന്റെ മാനവീകത തിരിച്ചറിഞ്ഞവരാണ്. എപ്പോഴും ജനങ്ങള്‍ക്കിടയിലായിരുന്ന ആ യുവാവ്, സകലര്‍ക്കും പ്രിയങ്കരനുമായിരുന്നു സനൂപെന്നും കോടിയേരി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഇതുതന്നെയാണ് സംഘപരിവാരത്തിനെ സനൂപിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും കോടിയേരി പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

തൃശൂർ കുന്നംകുളത്ത് സിപിഐ എം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സഖാവ് സനൂപിനെ ആർ എസ് എസ് സംഘപരിവാർ പ്രവർത്തകർ നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയിരിക്കുന്നു. കൂടെയുള്ള മൂന്ന് സിപിഐ എം പ്രവർത്തകർക്കും ആർ എസ് എസ് കാപാലികരുടെ ആക്രമത്തിൽ ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.

ഇരുപത്തിയാറ് വയസാണ് സനൂപിനുള്ളത്. ആ നാടിൻ്റെ ഹൃദയസ്പന്ദനം പോലെ സജീവമായി പ്രവർത്തിക്കുന്ന പാർട്ടി ബ്രാഞ്ച് സെക്രട്ടറി. മാതാപിതാക്കൾ നേരത്തെ മരിച്ചുപോയ ആ ചെറുപ്പക്കാരന് സഹോദരങ്ങളുമില്ല. പുതുശ്ശേരി പ്രദേശത്തെ ജനങ്ങളൊന്നാകെ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ സനൂപിൻ്റെ മാനവീകത തിരിച്ചറിഞ്ഞവരാണ്. എപ്പോഴും ജനങ്ങൾക്കിടയിലായിരുന്ന ആ യുവാവ്, സകലർക്കും പ്രിയങ്കരനുമായിരുന്നു. അതിനാലാണ് ആർ എസ് എസ് കാപാലികർ കൊലക്കത്തി കൊണ്ട് തീർത്ത് കളഞ്ഞത്.

ജനാധിപത്യത്തിൻ്റെയും മതനിരപേക്ഷതയുടെയും മനുഷ്യസ്നേഹത്തിൻ്റെയും രാഷ്ട്രീയത്തെ കൊലക്കത്തികളുടെ മൂർച്ചയാൽ ഇല്ലാതാക്കാമെന്ന ആർ എസ് എസ് /ബി ജെ പി – കോൺഗ്രസ് ചിന്തകളുടെ ഭാഗമായാണ് കേരളത്തിൽ സിപിഐ എം പ്രവർത്തകരെ കൊലപ്പെടുത്തുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടയിൽ സനൂപടക്കം നാല് സിപിഐ എം പ്രവർത്തകരാണ് ഇക്കൂട്ടരുടെ കൊലക്കത്തിക്ക് ഇരയായത്.

കുന്നംകുളത്ത് സഖാവ് സനൂപിനെ വെട്ടിക്കൊല്ലാൻ നേതൃത്വം നൽകിയത്, കോൺഗ്രസിൻ്റെ സജീവ പ്രവർത്തകനായിരിക്കെ ബി ജെ പിയിലേക്ക് ചേക്കേറിയ വ്യക്തിയടക്കമുള്ള സംഘപരിവാറുകാരാണ്. ബി ജെ പിയും കോൺഗ്രസും ക്രിമിനലുകളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുന്നു. ആ പാർട്ടികളിലെ നേതാക്കൻമാർ ക്രിമിനലുകളായ പ്രവർത്തകരെ രാഷ്ട്രീയ ശത്രുക്കളെ ഉൻമൂലനം ചെയ്യാൻ വേണ്ടി ഉപയോഗിക്കുന്നു. ഗൂഡാലോചനകൾ നടത്തുന്നു.

നാടിൻ്റെ സമാധാനം തകർക്കുന്ന ആർ എസ് എസ്/ബി ജെ പി- കോൺഗ്രസ് പ്രവർത്തകർ കൊലക്കത്തി താഴെവെക്കാൻ തയ്യാറാവണം. സിപിഐ എം പ്രവർത്തകരുടെ ആത്മസംയമനത്തെ, കൊലപാതകങ്ങൾ നടത്തി വെല്ലുവിളിക്കുന്ന അക്രമ രാഷ്ട്രീയ സംസ്കാരം ഉപേക്ഷിക്കാൻ തയ്യാറാവണം.

ധീര രക്തസാക്ഷി സഖാവ് സനൂപിന് ആദരാഞ്ജലികൾ.
ലാൽസലാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here