ശ്രീവിദ്യയുമായുള്ള ആത്മബന്ധത്തിന്റെ ഓര്‍മകള്‍ പങ്കിട്ട് കൃഷ്ണകുമാര്‍

നടി ശ്രീവിദ്യയുമായുള്ള ആത്മബന്ധത്തിന്റെ ഓര്‍മകള്‍ പങ്കിടുകയാണ് നടന്‍ കൃഷ്ണകുമാര്‍. 16 വര്‍ഷം മുന്‍പ് ശ്രീവിദ്യയ്ക്ക് ഒപ്പം കുടുംബസമേതം എടുത്ത ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് കൃഷ്ണകുമാര്‍ ഓര്‍മകള്‍ കുറിച്ചിടുന്നത്.

”ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത് ഹിറ്റായ സീരിയല്‍ ‘വസുന്ദര മെഡിക്കല്‍സി’ന്റെ ഷൂട്ടിംഗ് നടന്ന കാലത്ത് ശ്രീവിദ്യ ചേച്ചി വീട്ടില്‍ വന്നപ്പോള്‍ എടുത്ത ഒരു ചിത്രം. ചേച്ചിയെ പരിചയപ്പെട്ടത് 1999ല്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘അഗ്‌നിസാക്ഷി’ സിനിമയുടെ ഷൂട്ടിങ്ങിനായി ഹരിദ്വാറില്‍ പോയപ്പോള്‍ ആയിരുന്നു. ചേച്ചിയുടെ മകന്റെ വേഷമായിരുന്നു എനിക്ക് ആ ചിത്രത്തില്‍. 2003-2004ല്‍ ആണ് വസുന്ദര മെഡിക്കല്‍സ് ടെലികാസ്റ്റ് ചെയ്തത്. തിരുവനന്തപുരമായിരുന്നു ഷൂട്ടിംഗ് ലൊക്കേഷന്‍.”

”ആയിടക്ക് സമയമുള്ളപ്പോള്‍ ചേച്ചി വീട്ടില്‍ വരും, കുറെ സമയം ചിലവഴിക്കും, ഭക്ഷണം കഴിക്കും. ചേച്ചി നൂറുശതമാനവും വെജിറ്റേറിയന്‍ ആയിരുന്നു. കുട്ടികളെ ചേച്ചിക്ക് വലിയ ഇഷ്ടമായിരുന്നു. അവരില്‍ ചേച്ചിക്ക് ഏറ്റവും ഇഷ്ടം ഇഷാനിയെ ആയിരുന്നു. ചേച്ചി പറയും ”എന്റെ നക്ഷത്രവുമാണ് ഇഷാനിക്ക്,സുന്ദരിയായി വരും”.

സായി ഭക്തയായിരുന്ന ചേച്ചി ധാരാളം കവിതകള്‍ എഴുതുമായിരുന്നു. 2006ല്‍ ചേച്ചിയുടെ മരണ വാര്‍ത്ത അറിയുന്നത് ‘മാലയോഗം’ എന്ന സീരിയലിന്റെ ലൊക്കേഷനില്‍ വെച്ചായിരുന്നു. ചേച്ചിയുടെ മരണം കുടുംബത്തിലെ ഒരു അംഗത്തിന്റെ മരണമായി എനിക്കും സിന്ധുവിനും തോന്നി. ചിലരങ്ങനെയാണ്, അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിലേക്ക് വന്നു ധാരാളം സന്തോഷം തന്നു കടന്നു പോകും. അവര്‍ നമ്മുടെ ആരുമല്ലായിരുന്നു.. പക്ഷെ ആരൊക്കയോ ആയി മാറി. ഞങ്ങള്‍ക്ക് ചേച്ചിയെ ഇഷ്ടമായിരുന്നു. ചേച്ചിക്ക് ഞങ്ങളെയും.” കൃഷ്ണകുമാര്‍ കുറിക്കുന്നു.

ഒരു പെണ്‍വീടാണ് നടന്‍ കൃഷ്ണകുമാറിന്റേത്, മലയാളസിനിമയിലെ തന്നെ അപൂര്‍വ്വമായൊരു താരകുടുംബം. തമ്മില്‍ അധിക പ്രായവ്യത്യാസമില്ലാത്ത നാലു പെണ്‍കുട്ടികള്‍, അവരില്‍ മൂന്നുപേര്‍ അച്ഛനു പിന്നാലെ? അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. പാട്ടും ചിരിയും ഡാന്‍സും കളിയുമൊക്കെയായി എപ്പോഴും ലൈവാണ് ഈ പെണ്‍പട വീട്. മക്കളെ സുഹൃത്തുക്കളായി കാണുന്ന കൃഷ്ണകുമാര്‍ മക്കളുടെ വിശേഷങ്ങളും കുടുംബചിത്രങ്ങളും കുറുമ്പുകളുമെല്ലാം ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.

അച്ഛന്റെ വഴിയെ ആദ്യം അഭിനയത്തിലേക്ക് എത്തിയത് അഹാനയാണ്. പിറകെ, ടൊവിനോ തോമസും അഹാനയും കേന്ദ്രകഥാപാത്രമായെത്തിയ ‘ലൂക്ക’ എന്ന ചിത്രത്തിലൂടെ ഹന്‍സികയും സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. ചിത്രത്തില്‍ അഹാനയുടെ ചെറുപ്പകാലം ആണ് ഹന്‍സിക അവതരിപ്പിച്ചത്. ഇപ്പോള്‍ മമ്മൂട്ടി ചിത്രം ‘വണ്ണി’ലൂടെ ഇഷാനിയും അഭിനയരംഗത്തേക്ക് കടക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here