നാട് കാണുന്നുണ്ടായിരുന്നു അവനറിയാതെ അവന്റെ ധീരതയും, ത്യാഗവും, നന്മയും…

സംഘപരിവാര്‍ ക്രമിനലുകള്‍ കൊലപ്പെടുത്തിയ അനൂപിനെ അനുസ്മരിച്ചുകൊണ്ട് നിരവധിയായ വൈകാരികമായ കുറിപ്പുകളാണ് ഫെയ്‌സ്ബുക്കിലും സോഷ്യല്‍ മീഡിയകളിലും വരുന്നത്.

സനൂപിനെ അനുസ്മരിച്ചുകൊണ്ട് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്. സനൂപിനെ ഓര്‍ത്ത് ഒരു നാട്മുഴുവന്‍ കരയുകയാണ് ആ നാടിനാകെ പ്രിയപ്പെട്ടവനായിരുന്നു അവന്‍

വിതുമ്പുന്ന ചെറുപ്പം പറയുന്നത് കേട്ടു,ഞങ്ങടെ ചങ്കായിരുന്നു തക്കുടു. സനൂപ് ജീവിച്ചു തീര്‍ത്തത്, ഒരുപാട് അമ്മമാര്‍ക്ക് നടുവിലയിരുന്നു. ഒത്തിരി സഹോദര്യങ്ങള്‍ക്ക് ചുറ്റുമായിരുന്നു.

നടന്ന വഴികളില്‍ ത്യാഗത്തിന്റെ പാദമുദ്രകള്‍. ആര്‍ എസ് എസി നെതിരായ ധീരത. വിശപ്പ് മാറ്റാനും, രക്തം നല്‍കാനും, ആക്രി പെറുക്കിയും അധ്വാനിച്ചും നാടിനെ ഊട്ടാനും,നടക്കുമ്പോള്‍, നാട് കാണുന്നുണ്ടായിരുന്നു അവനറിയാതെ,അവന്റെ ധീരതയും ത്യാഗവും നന്മയും’ സനൂപ് ഇനി മനസുകളില്‍ ആളിക്കത്തുന്ന അഗ്‌നിയാകുമെന്നും എഎ റഹീം ഫെയ്‌സ്ബുക്കില്‍ കുറിച്ചു

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:

കത്തുന്നു ചിത.. അഗ്നിനാളങ്ങൾക്കരികിൽ സർവ്വവും സാക്ഷിയായി നിളാ നദി. സനൂപ് ഇനി മനസ്സുകളിൽ ആളിക്കത്തുന്ന അഗ്നി.
ഇന്നലെ അർദ്ധ രാത്രി പിന്നിടുമ്പോൾ ഓഫിസിൽ നിന്നും വന്ന ഫോൺ കോൾ ഉറക്കത്തിൽ നിന്നും തട്ടിയുണർത്തി. ഉത്രാട രാത്രിയിലെ ഓർമ്മ മാഞ്ഞിട്ടില്ല. ഇതുപോലെ അന്ന് വന്ന ഒരു ഫോൺകോൾ.ഹഖിനും മിഥിലാജിനും പിന്നാലെ ഇതാ സനൂപും.
ഒരു ‘അനാഥന്റെ’ മടക്കയാത്ര.
പക്ഷേ, ആ യാത്ര നാടിനെയാകെ അനാഥമാക്കിയത് പോൽ തോന്നി. സാധാരണക്കാരായ മനുഷ്യർ. അവരിൽ ചിലർ അലമുറയിട്ട് നിലവിളിക്കുന്നു. ആർത്തലച്ചു കരയാത്ത, ഒന്ന് വിതുമ്പാത്ത ഒരാളെയും കാണാൻ കഴിഞ്ഞില്ല. എത്രമേൽ സനൂപ് നാടിന് പ്രിയപ്പെട്ടവനായിരുന്നു.കണ്ടു നിന്നവർക്ക് ആ ആത്മ ബന്ധത്തിന്റെ തീഷ്ണത മനസ്സിലാകും..
വിതുമ്പുന്ന ചെറുപ്പം പറയുന്നത് കേട്ടു,ഞങ്ങടെ ചങ്കായിരുന്നു തക്കുടു.
പൊതിച്ചോർ കെട്ടിവയ്ക്കാൻ ഇന്നലെ പറഞ്ഞിട്ട് പോയ മോനാണ്..
അമ്മമാർ കരയുന്നു.
“അറിയപ്പെടാത്ത മനുഷ്യരുമായി
നീ എനിക്ക് സഹോദര്യം നൽകി”
പബ്ലോ നെരൂദയുടെ വരികളാണ്.
“എന്റെ രാഷ്ട്രീയ കക്ഷിക്ക്”എന്ന കവിത.
അറിയപ്പെടാത്തവരുമായുള്ള സൗഹൃദം. അതിരുകളില്ലാത്ത സഹോദര്യം.ഹൃദയം കൊണ്ടെഴുതിയ ആത്മബന്ധങ്ങൾ. അനാഥനെ സനാഥനക്കുന്ന മാന്ത്രികത.
സനൂപിന്റെ രാഷ്ട്രീയ കക്ഷി,
അവന്റെ യുവജന സംഘടന രണ്ടും അവനെ നാടിന് പ്രിയപ്പെട്ടവനാക്കി.
നടന്ന വഴികളിൽ ത്യാഗത്തിന്റെ പാദമുദ്രകൾ.
ആർ എസ് എസി നെതിരായ ധീരത. വിശപ്പ് മാറ്റാനും, രക്തം നൽകാനും, ആക്രി പെറുക്കിയും അധ്വാനിച്ചും നാടിനെ ഊട്ടാനും,നടക്കുമ്പോൾ,
നാട് കാണുന്നുണ്ടായിരുന്നു അവനറിയാതെ,അവന്റെ ധീരതയും ത്യാഗവും നന്മയും.
ജീവിതത്തിലെ അവസാന ദിവസവും
അവൻ കർമ്മ നിരതനായിരുന്നു. ഊർജസ്വലനായ, നാടിന്റെ നന്മയായ ഡിവൈഎഫ്ഐ ക്കാരൻ. ഒരു വിളി കേട്ടാൽ ഓടി എത്തുന്നവൻ.
കർമ്മ മണ്ഡലത്തിൽ
രേഖപ്പെടുത്തുന്ന ഓരോ ചുവടും നമുക്ക് പുതിയ ബന്ധങ്ങൾ നൽകുന്നു.
നമ്മൾ അറിയാതെ അവർ ഓരോ സഖാവിനെയും ചേർത്തു നിർത്തുന്നു.
പലപ്പോഴും രക്ത ബന്ധങ്ങളെക്കാൾ ശക്തമായ ബന്ധങ്ങൾ. സനൂപ് ജീവിച്ചു തീർത്തത്,ഒരുപാട് അമ്മമാർക്ക് നടുവിലയിരുന്നു. ഒത്തിരി സഹോദര്യങ്ങൾക്ക് ചുറ്റുമായിരുന്നു.
ഭാരതപ്പുഴ തഴുകി വരുന്ന ഇളം കാറ്റിന് ഇന്ന്‌ കണ്ണുനീരിന്റെ നനവ്.
ഈ തീ നാളങ്ങളിൽ നീ ഇന്നലെ വരെ വിളിച്ച മുദ്രാവാക്യത്തിന്റെ ചൂട്.
നിളയുടെ തീരംവിട്ട് കാർ മുന്നോട്ട് പോകുമ്പോഴാണ് ഇത് എഴുതി തുടങ്ങിയത്. ഇപ്പോൾ ഹൈവേയിലൂടെ എറണാകുളത്തേയ്ക്ക് കാർ വേഗത കൂട്ടുന്നു. അവിടെ,നിന്റെ ചിതയിലെ കനൽ ഇപ്പോഴും ഒടുങ്ങിയിട്ടുണ്ടാകില്ല.
മരണമില്ലാത്ത സഖാവെ,
ഇനി വരും തലമുറ നിന്റെ ധീരതയെ ഓർക്കും.
കത്തുന്ന ചിത സാക്ഷി,സംഘപരിവാർ ഭീകരതയ്ക്ക് മുന്നിൽ മുട്ടുമടക്കില്ല.
ഈ പതാക താഴ്ത്തില്ല. നീ വിളിച്ച മുദ്രാവാക്യങ്ങൾ നിലക്കുകയുമില്ല.
കാലം സാക്ഷി,
ചരിത്രവും നിളയും സാക്ഷി……

https://www.facebook.com/aarahimofficial/posts/3417813781631125

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News