തിളങ്ങുന്നു കേരളത്തിന്‍റെ ആരോഗ്യ മേഖല; ഒറ്റ ദിവസം 75 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി

സംസ്ഥാന പൊതുജനാരോഗ്യ സംവിധാനത്തിന്‌ കരുത്തായി‌ 75 കുടുംബാരോഗ്യ കേന്ദ്രങ്ങൾ കൂടി ഇന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്‌ സമർപ്പിച്ചു . ആർദ്രം മിഷന്റെ ഭാഗമായി പുതുതായി പ്രവർത്തന സജ്ജമാക്കിയ കേന്ദ്രങ്ങൾ ഓൺലൈനിലാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌.

ആരോഗ്യമേഖലയ്‌ക്ക്‌ ചരിത്രദിനമാണ്‌ ഇന്ന്‌ എന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ സേവനങ്ങൾ ജനങ്ങൾക്കാകെ ലഭ്യമാക്കുകയാണ്‌ ലക്ഷ്യം. കോവിഡ്‌ മഹാമാരിക്കെതിരെയുള്ള പ്രതിരോധം തീർക്കുന്ന ഘട്ടത്തിൽ ഇവ ഏറെ സഹായകമാകും.

ആർദ്രം പദ്ധതിയുടെ ആദ്യഘട്ടത്തിൽ 170 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയിരുന്നു. രണ്ടാം ഘട്ടത്തിൽ 503 എണ്ണം കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി. വൈകാതെ ബാക്കിയുള്ളവയും തുറന്നുകൊടുക്കും.കോവിഡ്‌ രോഗികൾ കൂടുമ്പോൾ മരണ നിരക്കും ഉയർന്നേക്കാം.

അതൊഴിവാക്കാനുള്ള ജാഗ്രതയാണ്‌ സർക്കാർ സ്വീകരിക്കുന്നത്‌. വരും ദിവസങ്ങളിൽ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണം. ആ ജാഗ്രതയാണ്‌ അന്താരാഷ്‌ട്ര തലത്തിൽ നമ്മുടെ സംസ്‌ഥാനത്തിന്‌ പ്രശംസ നേടി തന്നത്‌. അതിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്കുള്ള പങ്ക്‌ വളരെ വലുതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതോടെ ആകെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം 461 ആയി. നേരത്തെ രണ്ടു ഘട്ടങ്ങളിലായി 386 കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തനസജ്ജമാക്കിയിരുന്നു. ഇതിന്‌ പുറമെയാണ്‌ പുതിയ 75 കേന്ദ്രമെന്ന്‌ ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.

തൃശൂർ- 19, തിരുവനന്തപുരം- 12, മലപ്പുറം- എട്ട്‌, പത്തനംതിട്ട, പാലക്കാട്‌- ആറ്‌, കൊല്ലം, കോഴിക്കോട്- അഞ്ച്‌, കോട്ടയം, എറണാകുളം- നാല്‌, ആലപ്പുഴ- മൂന്ന്‌, ഇടുക്കി, കണ്ണൂർ, കാസർകോട്‌- ഒന്നുവീതം എന്നിങ്ങനെയാണ്‌ പുതിയ കേന്ദ്രങ്ങൾ.

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാകുമ്പോൾ ആശുപത്രി അടിമുടി മാറും. പകൽ 2 വരെ ഒരു ഡോക്ടറുണ്ടായിരുന്നിടത്ത്‌ വൈകിട്ട്‌ ആറുവരെ മൂന്ന്‌ ഡോക്ടർമാരുണ്ടാകും. ഡോക്ടർമാർ, ഫാർമസി, ലാബ്‌ അസിസ്‌റ്റന്റുമാർ തുടങ്ങി എല്ലാ ജീവനക്കാരുടെയും എണ്ണം വർധിക്കും.

അടിസ്ഥാന സൗകര്യ വികസനത്തിൽ കുതിച്ചുചാട്ടമുണ്ടാകും. ജീവിതശൈലീ രോഗങ്ങൾ‌ മുതൽ വിഷാദരോഗത്തിനും ശ്വാസകോശ അസുഖങ്ങൾക്കുമുള്ള ചികിത്സവരെ സൗജന്യമായി ലഭിക്കും. സ്‌ത്രീകൾക്കും കുട്ടികൾക്കും‌ പ്രത്യേക പരിഗണന ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News