ഇനി തിയറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാം; മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

ലോക്ക്ഡൗണിനെ തുടര്‍ന്ന് ഏഴുമാസത്തോളമായി അടഞ്ഞു കിടക്കുന്ന സിനിമ തിയറ്ററുകള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കാന്‍ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ഒക്ടോബര്‍ 15 മുതല്‍ തിയറ്ററുകള്‍ക്ക് തുറന്നു പ്രവര്‍ത്തിയ്ക്കാം.

കൊവിഡ് മഹാമാരിയുടെയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തില്‍, കേന്ദ്ര വാര്‍ത്തവിതരണ മന്ത്രാലയത്തിന്റെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് തിയറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കുക.

സിനിമാ തിയറ്ററുകളും മള്‍ട്ടിപ്ലക്‌സുകളും വീണ്ടും തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ചൊവ്വാഴ്ചയാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. തിയറ്ററുകളും മള്‍ട്ടിപ്ലക്‌സുകളും നിര്‍ബന്ധമായും പിന്തുടരേണ്ട അടിസ്ഥാന നടപടിക്രമങ്ങളും (എസ് ഒപി) കേന്ദ്ര വാര്‍ത്തവിതരണ മന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കി.

1. കൊവിഡ് ലോക്ക്ഡൗണ്‍ അണ്‍ലോക്ക് 5ന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം തിയറ്ററുകളില്‍ 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റി മാത്രമേ അനുവദിക്കുകയുള്ളൂ.

2.എസ് ഒപി പ്രകാരം, തിയറ്ററിലെത്തുന്നവര്‍ക്ക് ഇടയില്‍ ശാരീരിക അകലം പാലിക്കേണ്ടത് നിര്‍ബന്ധമാണ്. അതിനാല്‍ തന്നെ ഒന്നിടവിട്ടാവും സീറ്റിംഗ് ഒരുക്കുക.

3. എല്ലാ തിയറ്ററുകളിലും സാനിറ്റൈസര്‍ സൗകര്യവും കൈകഴുകുന്നതിനുള്ള സൗകര്യങ്ങളും നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ആരോഗ്യ സേതു ആപ്പിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും സിനിമ കാണാനെത്തുന്നവരെ ഷോ തുടങ്ങും മുന്‍പ് തെര്‍മല്‍ സ്‌ക്രീനിംഗ് നടത്തുകയും ചെയ്യും.

4. കോവിഡ് ലക്ഷണങ്ങള്‍ ഇല്ലാത്ത വ്യക്തികളെ മാത്രമേ തിയറ്ററുകളില്‍ പ്രവേശിപ്പിക്കൂ.

5. ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ബോക്‌സ് ഓഫീസ് കൗണ്ടറുകള്‍ ഉണ്ടെങ്കിലും ഓണ്‍ലൈന്‍ ബുക്കിംഗിനെയാണ് മന്ത്രാലയം പരമാവധി പ്രോത്സാപ്പിക്കുന്നത്. ബോക്‌സ് ഓഫീസ് കൗണ്ടറുകള്‍ ദിവസം മുഴുവന്‍ തുറന്നിരിക്കും. തിരക്ക് ഒഴിവാക്കുന്നതിനായി അഡ്വാന്‍സ് ബുക്കിംഗ് അനുവദിക്കുകയും ചെയ്യും. ശാരീരിക അകലം പാലിക്കുന്നതിനും ക്യൂ നിയന്ത്രിക്കുന്നതിനുമായി ഫ്‌ലോര്‍ മാര്‍ക്കറുകളും സ്ഥാപിക്കും.

6. ഭക്ഷണപാനീയങ്ങള്‍ അനുവദനീയമല്ല. ഇടവേളകളില്‍ തിയറ്ററിന് അകത്ത് ഇറങ്ങി നടക്കുന്നതിനും മറ്റും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിയറ്ററിന് അകത്ത് ഭക്ഷണപാനീയങ്ങള്‍ അനുവദനീയമല്ല. പാക്ക് ചെയ്ത ഭക്ഷണപാനീയങ്ങള്‍ മാത്രം വില്‍ക്കുകയും നീണ്ട ക്യൂ ഒഴിവാക്കാനായി ഫുഡ് കൗണ്ടറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

7. ഷോ ആരംഭിക്കുന്നതിനു മുന്‍പ് തിയറ്ററിനു മുന്നിലെ തിരക്ക് നിയന്ത്രിക്കാനായി ഹാളിനു പുറത്ത് ഷോ ടൈം കൃത്യമായി രേഖപ്പെടുത്തും.

8. ബോക്‌സ് ഓഫീസ് ഏരിയയും മറ്റ് പരിസരങ്ങളും കൃത്യമായി അണുവിമുക്തമാക്കേണ്ടതുണ്ട്. തിയറ്ററിനകത്തെ എല്ലാ എയര്‍കണ്ടീഷണറുകളുടെയും താപനില ക്രമീകരണം 24-30 ഡിഗ്രി സെല്‍ഷ്യസിനു ഇടയിലായിരിക്കും.

9. മാസ്‌ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക, കൈകളുടെ ശുചിത്വം ഉറപ്പു വരുത്തുക തുടങ്ങിയവയുമായി ബന്ധപ്പെട്ട കോവിഡ് സുരക്ഷാനിര്‍ദേശങ്ങളും അറിയിപ്പുകളും സ്‌ക്രീനിംഗിനു മുന്‍പും ശേഷവും ഇടവേളയിലുമെല്ലാം ഉണ്ടായിരിക്കും. ആവശ്യം വന്നാല്‍ ബന്ധപ്പെടുന്നതിനായി സിനിമാഹാളില്‍ ഫോണ്‍ നമ്പറും വിവരങ്ങളും നല്‍കേണ്ടതുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News