ലഹരിമരുന്ന് കേസ്: റിയ ചക്രബര്‍ത്തിയുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി

മയക്കുമരുന്ന് കേസില്‍ റിയ ചക്രബര്‍ത്തിയുടെ ജുഡീഷ്യല്‍ കസ്റ്റഡി ഒക്ടോബര്‍ 20 വരെ നീട്ടി. മുംബൈയിലെ പ്രത്യേക കോടതിയാണ് റിയ ചക്രബര്‍ത്തിയുടെയും സഹോദരന്‍ ഷോയിക്കിന്റെയും ജൂഡീഷ്യല്‍ കസ്റ്റഡി നീട്ടിയത്. മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ റിയ ചക്രബര്‍ത്തിയേയും സഹോദരനെയും ഒക്ടോബര്‍ 6 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇപ്പോള്‍ പ്രത്യേക കോടതി അവരുടെ കസ്റ്റഡി രണ്ടാഴ്ച കൂടി നീട്ടിയിരിക്കുകയാണ്.

സെപ്റ്റംബര്‍ എട്ടിനാണ് റിയ ചക്രബര്‍ത്തിയെ എന്‍സിബി അറസ്റ്റ് ചെയ്തത്. റിയ സമര്‍പ്പിച്ച ജാമ്യാപേക്ഷയും പ്രത്യേക കോടതി തള്ളിയിരുന്നു. തുടര്‍ന്ന് ബോംബെ ഹൈക്കോടതിയില്‍ റിയ അപ്പീല്‍ നല്‍കി. എന്നാല്‍ ജാമ്യാപേക്ഷയില്‍ കോടതി ഇതുവരെ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല.

അതേസമയം, റിയയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുശാന്ത് സിംഗ് രജ്പുത്തിന്റെ സഹോദരിമാരായ പ്രിയങ്കയും മീറ്റുവും ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജിയില്‍ വാദം കേള്‍ക്കല്‍ കോടതി ഒക്ടോബര്‍ 13ലേക്ക് മാറ്റി.

മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു എന്‍സിബി റിയയെ അറസ്റ്റ് ചെയ്തത്. റിയയുടെ സഹോദരന്‍, സാമുവല്‍ മിറാന്‍ഡ, സുശാന്തിന്റെ പാചകക്കാരന്‍ ദിപേഷ് സാവന്ത് എന്നിവര്‍ക്കൊപ്പമാണ് റിയയെ ചോദ്യം ചെയ്തത്. വാട്സ്ആപ്പ് ഗ്രൂപ്പില്‍ മയക്കു മരുന്ന് സംബന്ധമായ ചില ചാറ്റുകള്‍ കണ്ടതായി എന്‍സിബി അറിയിച്ചിരുന്നു. ഗ്രൂപ്പില്‍ റിയയുടെ സഹോദരന്‍, സാവന്ത്, മിറാന്‍ഡ എന്നിവരും ഉള്‍പ്പെട്ടിരുന്നു. മരിജുവാനയാണ് അവിടെ ചര്‍ച്ച ചെയ്യപ്പെട്ടത്.

സുശാന്ത് സിങ് രജ്പുത്തിനായി ‘വീഡ്’ ഉല്‍പാദിപ്പിച്ചതായി മിറാന്‍ഡ നേരത്തെ പറഞ്ഞിരുന്നു. റിയയെ അറസ്റ്റ് ചെയ്തതത് മയക്കുമരുന്ന് ഉപയോഗത്തിനാണോ അത് വാങ്ങുന്നതിലും വില്‍ക്കുന്നതിലും ഏര്‍പ്പെട്ട ഒരു ഗ്രൂപ്പിന്റെ ഭാഗമായാതിനാണോ എന്ന് എന്‍സിബി വ്യക്തമാക്കിയിട്ടില്ല.

രജപുത് പതിവായി കഞ്ചാവ് കഴിക്കാറുണ്ടായിരുന്നുവെന്നും മാനസിക പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തുടരുന്നതിനാല്‍ കഞ്ചാവ് ഉപയോഗിക്കുന്നതില്‍ നിന്നു താന്‍ നിരുത്സാഹപ്പെടുത്തിയിരുന്നു എന്നും നേരത്തെ റിയ പറഞ്ഞിരുന്നു. തന്റെ കക്ഷി ഒരിക്കലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും രക്തപരിശോധനയ്ക്ക് തയ്യാറാണെന്നും റിയയുടെ അഭിഭാഷകന്‍ സതീഷ് മനേഷിന്ദെ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here