ജയറാം, ഉര്‍വശി, കാളിദാസ്, കല്യാണി പ്രിയദര്‍ശന്‍; ഇവര്‍ ഒരുമിക്കുന്നു

തമിഴകത്തെ പ്രഗത്ഭരായ അഞ്ചു സംവിധായകര്‍ ചേര്‍ന്നൊരുക്കിയ ആന്തോളജി ഫിലിം ‘പുത്തം പുതു കാലൈ’ ഒക്ടോബര്‍ 16ന് ആമസോണ്‍ പ്രൈമില്‍ റിലീസിനെത്തുകയാണ്.

ഗൗതം മേനോന്‍, സുഹാസിനി മണിരത്‌നം, രാജീവ് മേനോന്‍, കാര്‍ത്തിക് സുബ്ബരാജ്, സുധ കൊങ്കാര എന്നീ സംവിധായകര്‍ ചേര്‍ന്നാണ് ചിത്രം ഒരുക്കുന്നത്.
‘പുത്തം പുതു കാലൈ’ റിലീസിനൊരുങ്ങുമ്പോള്‍ മലയാളികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്് മലയാളത്തിന്റെ പ്രിയപ്പെട്ട നാലു അഭിനേതാക്കള്‍ ഒന്നിക്കുന്ന ‘ഇളമൈ ഇദോ ഇദോ’.

ഒരു കാലഘട്ടത്തിലെ പ്രിയ താരജോഡികളായിരുന്ന ഉര്‍വ്വശിയും ജയറാമും വീണ്ടും ഒന്നിച്ചെത്തുകയാണ്. സുധ കൊങ്കാര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയറാം, ഉര്‍വശി, കാളിദാസ് ജയറാം, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ഒന്നിച്ചെത്തുന്നത്. കമല്‍ഹാസന്‍ നായകനായ ‘സകലകലാവല്ലവന്‍’ എന്ന ചിത്രത്തില്‍ എസ്പിബി ആലപിച്ച ജനപ്രിയ ഗാനത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. കൊറോണക്കാലത്തെ ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത്. അതിനൊപ്പം 17 വര്‍ഷങ്ങള്‍ക്കു ശേഷം ജയറാമും മകന്‍ കാളിദാസും ് സ്‌ക്രീനില്‍ ഒന്നിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഇത് മൂന്നാം തവണയാണ് അച്ഛനൊപ്പം കാളിദാസ് സ്‌ക്രീന്‍ പങ്കിടുന്നത്. കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്റെ വീട് അപ്പൂന്റെയും തുടങ്ങിയ ചിത്രങ്ങളിലാണ് മുന്‍പ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. അനൂപ് സത്യന്‍ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിന് ശേഷം ഉര്‍വശിയും കല്യാണി പ്രിയദര്‍ശനും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

‘അവളും നാനും’ എന്നാണ് ഗൗതം വാസുദേവ് മേനോന്‍ ഒരുക്കുന്ന ഹ്രസ്വചിത്രത്തിന്റെ പേര്. എം എസ് ഭാസ്‌കര്‍, ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’ താരം റിതു വര്‍മ്മ എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍.

‘കോഫി, എനിവണ്‍’ എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുഹാസിനി മണിരത്‌നമാണ്. ചിത്രത്തിലെ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും സുഹാസിനി തന്നെയാണ്. അനുഹാസന്‍, ശ്രുതി ഹാസന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

രാജീവ് മേനോന്‍ സംവിധാനം ചെയ്തിരിക്കുന്ന ‘റീയൂണിയന്‍’ എന്ന ചിത്രത്തില്‍ ആന്‍ഡ്രിയയും ലീല സാംസണും ആണ് പ്രധാന അഭിനേതാക്കള്‍. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ‘മിറാക്കിള്‍’ എന്ന ചിത്രത്തില്‍ ബോബി സിംഹ, മുത്തു കുമാര്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News