‘പുഴുവരിച്ച മനസ് ഉള്ളവര്‍ക്കെ കേരളത്തിന്റെ ആരോഗ്യമേഖല പുഴുവരിച്ചു എന്ന് പറയാനാകൂ’; വിമര്‍ശനങ്ങളില്‍ ഐഎംഎയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി

പുഴുവരിച്ച മനസ് ഉള്ളവര്‍ക്കെ കേരളത്തിന്റെ ആരോഗ്യമേഖല പുഴുവരിച്ചു എന്ന് പറയാനാകു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നും വിദഗ്ധ അഭിപ്രായം തേടിയാണ് കേരളം പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ആരോഗ്യവകുപ്പിനെതിരെ വിമര്‍ശനവുമായി കഴിഞ്ഞ ദിവസം ഐഎംഎ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ ലക്ഷ്യത്തോടെ ഉദ്യോഗസ്ഥ ഭരണമാണ് കൊവിഡ് പ്രതിരോധത്തില്‍ നടക്കുന്നതെന്നും ആരോഗ്യവകുപ്പിനെ പുഴുവരിക്കുന്നു, ആരോഗ്യരംഗത്തെ വിദഗ്ധരെ മൂലയ്ക്കിരുത്തുന്നു എന്നുമായിരുന്നു ഐഎംഎ യുടെ വിമര്‍ശനം. സംസ്ഥാനത്തെ ആരോഗ്യമേഖല മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി ഐഎംഎയുടെ എല്ലാ വിമര്‍ശനങ്ങള്‍ക്കും മറുപടി നല്‍കി.

കേരളത്തില്‍ ഇതേവരെ സ്വീകരിച്ച എല്ലാ നടപടികളും ആരോഗ്യ മേഖലയിലെ വിദഗ്ധരുടെ ഉപദേശം കൂടി മാനിച്ചാണ് മുന്നോട്ട് പോകുന്നത്. സ്വയമേ വിദഗ്ധരാണെന്ന് ധരിച്ച് നില്‍ക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അത്തരക്കാരെ ഞങ്ങള്‍ ബന്ധപ്പെട്ടിട്ടില്ലെങ്കില്‍ അത് വിദഗ്ധരെ ബന്ധപ്പെടാത്തതിന്റെ ഭാഗമാണ് എന്ന് തെറ്റിദ്ധരിക്കരുത്. ഇങ്ങനെയൊരു വിദഗ്ധനെ ഞങ്ങള്‍ ബന്ധപ്പെട്ടിട്ടില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് ഞങ്ങള്‍ പരിഗണിക്കാന്‍ തയ്യാറാണ്.- മുഖ്യമന്ത്രി പറഞ്ഞു.

ആവശ്യമായ കരുതല്‍ ഉണ്ടോയെന്ന് ചോദിക്കുന്നുണ്ട്. ആവശ്യമായ കരുതലോടെ തന്നെയാണ് മുന്നോട്ട് പോകുന്നത്. അതിലൊട്ടും സംശയിക്കേണ്ട. വിദഗ്ധരാണെന്ന് പറയുന്നവര്‍ നാടിനെ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന തരത്തിലുള്ള വര്‍ത്തമാനങ്ങളല്ല പറയേണ്ടത്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെന്തെങ്കിലും വീഴ്ചയുണ്ടെന്ന് അവര്‍ക്ക് അഭിപ്രായമുണ്ടെങ്കില്‍ അക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താവുന്നതാണ്. എല്ലാഘട്ടത്തിലും ഇത്തരത്തിലുള്ള എല്ലാവരുമായും ബന്ധപ്പെടുകയും പരസ്പരം ആശയങ്ങള്‍ കൈമാറുകയും നല്ല ആശയങ്ങള്‍ സ്വീകരിക്കുന്നതിനും ഒരു കാലത്തും, കഴിഞ്ഞ എട്ടൊമ്പത് മാസം പ്രത്യേകിച്ചും സര്‍ക്കാര്‍ ഒരു വിമുഖതയും കാണിച്ചിട്ടില്ല.

ആവശ്യമില്ലാത്ത രീതിയിലുള്ള പ്രതികരണം വരുമ്പോള്‍, എന്തോ സര്‍ക്കാരിന്റെ ഭാഗത്ത് വല്ലാത്ത വീഴ്ച പറ്റിയോയെന്ന് പൊതുസമൂഹത്തിന് തെറ്റിദ്ധാരണയുണ്ടാകേണ്ടെന്ന് കരുതിയാണ് ഇത്രയും കാര്യങ്ങള്‍ പറഞ്ഞത്. ആ പ്രസ്താവന ഇറക്കിയവര്‍ക്ക് മറ്റെന്തെങ്കിലും ഉദ്ദേശമുണ്ടങ്കില്‍ അങ്ങനെ പറഞ്ഞോളൂ. പക്ഷെ ഞങ്ങള്‍ ആരോഗ്യ വിദഗ്ധരാണെന്ന് പറഞ്ഞ് ആരോഗ്യ രംഗത്തെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമിക്കരുത്. അത് നല്ല കാര്യമല്ല. നല്ല പുറപ്പാടുമല്ല. മറ്റെന്തെങ്കിലും മനസില്‍ വച്ചുകൊണ്ടുള്ള പുറപ്പാടാണെങ്കില്‍ അതൊന്നും കേരളത്തില്‍ ഏശില്ല.

നല്ല ആശയങ്ങള്‍ ആര് നല്‍കിയാലും സ്വീകരിക്കാന്‍ ഒരു മടിയും കാണിച്ചിട്ടില്ല. കരുതലോടെ തന്നെയാണ് ആരോഗ്യവകുപ്പ് മുന്നോട്ട് പോകുന്നത്. വീഴ്ചയുണ്ടെന്ന് തോന്നിയാല്‍ സര്‍ക്കാരിനെ അറിയിക്കുകയാണ് വേണ്ടത്. മറ്റെന്തെങ്കിലും മനസില്‍ വച്ചാണ് പ്രതികരണമെങ്കില്‍ അത് കേരളത്തില്‍ വിലപ്പോവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News