ഹാഥ്‌റാസില്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെ അധിക്ഷേപിച്ച് ബിജെപി നേതാവ്

ഹാഥ്‌റാസില്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 19 കാരിയായ ദളിത് പെണ്‍കുട്ടിയെ അധിക്ഷേപിച്ച് ബിജെപി നേതാവ്. ഉത്തര്‍പ്രദേശ് ബാര്‍ബങ്കിയില്‍ നിന്നുള്ള ബിജെപി നേതാവ് രണ്‍ജീത് ബഹാദുര്‍ ശ്രീവാസ്തവയാണ് പെണ്‍കുട്ടിയെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്.

കേസില്‍ കേസിലെ സവര്‍ണരായ 4 പ്രതികളും നിരപരാധികളാണെന്നും പെണ്‍കുട്ടി തന്നിഷ്ടക്കാരിയായിരുന്നുവെന്നുമാണ് ബിജെപി നേതാവ് രണ്‍ജീത് ബഹാദുര്‍ ശ്രീവാസ്തവയുടെ പരാമര്‍ശം. പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടിക്ക് അടുപ്പമുണ്ടായിരുന്നു. പെണ്‍കുട്ടി ഇയാളെ വയലിലേക്ക് വിളിച്ചിരിക്കണം. ഈ സംഭവം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തായിരുന്നു. അതോടെ അവള്‍ പിടിക്കപ്പെട്ടിട്ടുണ്ടാകാമെന്നുമാണ്‌ രണ്‍ജീത് ബഹാദുര്‍ ശ്രീവാസ്തവ സംഭവത്തെ വ്യാഖ്യാനിക്കുന്നത്. ‌

അത്തരം പെണ്‍കുട്ടികളെ ചില പ്രത്യേക സ്ഥലങ്ങളില്‍ മരിച്ച നിലയില്‍ കണ്ടെത്തും. കരിമ്പിന്‍ പാടങ്ങളില്‍, ചോളവയലുകളില്‍, കുറ്റിക്കാട്ടില്‍, താഴ്ന്ന സ്ഥലങ്ങളില്‍,അല്ലെങ്കില്‍ കാടുകളിലൊക്കെ. എന്തുകൊണ്ടാണവര്‍ നെല്‍-ഗോതമ്പ് വയലുകളില്‍ മരിച്ച നിലയില്‍ കാണപ്പെടാത്തതെന്നുമായിരുന്നു പെണ്‍കുട്ടിയെ വ്യക്തിഹത്യ ചെയ്തുള്ള ശ്രീവാസ്തവയുടെ പരാമര്‍ശം.

ഇരയെ കുറ്റകൃത്യസ്ഥലത്തുനിന്നും വലിച്ചിഴയ്ക്കുന്നതിനൊന്നും സാക്ഷികളുമുണ്ടാകാറുമില്ല. പ്രതിചേര്‍ക്കപ്പെട്ടവര്‍ നിരപരാധികളാണ്. അവരെ മോചിപ്പിച്ചില്ലെങ്കില്‍ അവര്‍ മാനസിക വേട്ടയാടലിന് ഇരകളാകും. നഷ്ടപ്പെടുന്ന യുവത്വം ആര് അവര്‍ക്ക് തിരിച്ചുനല്‍കും. സര്‍ക്കാര്‍ അവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമോ. സിബിഐ കുറ്റപത്രം സമര്‍പ്പിക്കുന്നതു വരെ അവരെ ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്നും ശ്രീവാസ്തവ ആവശ്യപ്പെടുന്നു.

അതേസമയം ശ്രീവാസ്തവയ്‌ക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ പ്രതികരിച്ചു. രാഷ്ട്രീയ നേതാവെന്ന് വിളിക്കപ്പെടാന്‍ ശ്രീവാസ്തവ യോഗ്യനല്ലെന്നായിരുന്നു ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേഖാ ശര്‍മയുടെ പ്രതികരണം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here