സ്മിത മേനോനെ മഹിളാമോര്‍ച്ച സംസ്ഥാന ഭാരവാഹിയാക്കിയതില്‍ ബിജെപിക്കുള്ളില്‍ അമര്‍ഷം പുകയുന്നു

കേന്ദ്രമന്ത്രി വി.മുരളിധരന്റെ വിശ്വസ്തയായ സ്മിത മേനോനെ മഹിളാ മോർച്ച സംസ്ഥാന ഭാരവാഹിയാക്കിയതിൽ ബിജെപി ക്കുള്ളിൽ അമർഷം പുകയുന്നു.

ശോഭാസുരേന്ദ്രനെ പൂർണ്ണമായും ഒതുക്കാനാണ് മുരളീധരപക്ഷം സ്മിതയെ രംഗത്തിറക്കിയതെന്ന ആരോപണം ശക്തമാണ്. പുനസംഘടനയിൽ തഴയപ്പെട്ട പല വനിതാനേതാക്കളും പാർട്ടി ദേശീയ നേതൃത്വത്തിന് പരാതി നൽകാൻ ഒരുങ്ങുകയാണ്.

സംഘടനാരംഗത്ത് സജീവമായ പല വനിതാ നേതാക്കളെയും തഴഞ്ഞാണ് സ്മിതാ മേനോനെ മഹിളാമോർച്ച സംസ്ഥാന സെക്രട്ടറിയായി നിയമിച്ചത്.മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ പോലും സ്മിതയെ പറ്റി കേൾക്കുന്നത് ഭാരവാഹി ലിസ്റ്റ് വന്നതിന് ശേഷമാണെന്നാണ് ബിജെപി ക്കുള്ളിലെ സംസാരം.

കേന്ദ്ര മന്ത്രി വി.മുരളീധരന്റെ അടുത്ത ആളാണെന്ന ഒറ്റ പരിഗണന വെച്ചാണ് സംഘടനാ രംഗത്ത് ഒരു പരിചയവും ഇല്ലാത്ത സ്മിത സംസ്ഥാന ഭാരവാഹിയായത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെയും സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൽ ഗണേശിന്റെയും ഒത്താശയോടെയാണ് മുരളീധരന്റെ നീക്കം.വിവാദ ഗൾഫ് യാത്രക്ക് ശേഷമായിരുന്നു സ്മിതയ്ക്ക് പുതിയ സ്ഥാനം ലഭിച്ചത്.

സ്മിതയെ സജീവ രാഷ്ട്രീയത്തിലേക്ക് കൊണ്ട് വരിക വഴി മുരളീധര പക്ഷത്തിന് ശോഭാസുരേന്ദ്രനെ പൂർണമായും ഒതുക്കുക എന്ന ഉദേശ്യം കൂടിയുണ്ട്. പാർട്ടിക്കുള്ളിൽ മുരളീധരന്റെയും സുരേന്ദ്രന്റെയും ശക്തയായ എതിരാളിയാണ് ശോഭാസുരേന്ദ്രൻ.

മഹിളാ മോർച്ച മുൻ സംസ്ഥാന പ്രസിഡന്റുംബിജെപി കോർ കമ്മിറ്റി അംഗവുമൊക്കെയായിരുന്ന ശോഭയെ ഇപ്പോൾ പൂർണമായും തഴഞ്ഞിരിക്കുകയാണ്. സുരേന്ദ്രൻ പ്രസിഡന്റായത് മുതൽ ശോഭ സംഘടനാ രംഗത്ത് നിന്നും വിട്ട് നിൽക്കുകയാണ്: ശോഭയെ ദേശീയ ഭാരവാഹിയാക്കാൻ നീക്കം നടന്നെങ്കിലും മുരളീധരൻ വെട്ടിയെന്നാണ് ശോഭയുടെ പരാതി: സ്മിതയുടെ ഭാരവാഹിത്വത്തിൽ പാർട്ടിക്കുള്ളിലെ പ്രമുഖ വനിതാ നേതാക്കൾക്കെല്ലാം അമർഷമുണ്ട്.

അതേ സമയം പി.കെ.കൃഷ്ണദാസ് എം ടി രമേശ് പക്ഷം മുരളീധരനെതിരെയുള്ള പടനീക്കം ശക്തമാക്കിയിട്ടുണ്ട്. സ്മിതാ മേനോൻ വിവാദം ഉൾപ്പെടെ ആയുധമാക്കി പാർട്ടിക്കുള്ളിലും പുറത്തും ആഞ്ഞടിക്കാനാണ് ഇവരുടെ നീക്കം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News