അദ്ദേഹത്തിന്റെ കാവിവസ്ത്രത്തോടുള്ള വെറുപ്പാണ് നിങ്ങള്‍ക്ക്; ഹാഥ്‌റസ് വിഷയത്തില്‍ യോഗിയെ പിന്‍തുണച്ച് ശോഭാ സുരേന്ദ്രന്‍

ഹത്രാസ് സംഭവത്തില്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പിന്തുണച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ രംഗത്ത്.

ഹത്രാസ് സംഭവത്തില്‍ ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്ന യോഗി ആദിത്യനാഥ് മോശക്കാരനെന്ന് പറയുന്നവര്‍ക്ക് പ്രശ്‌നം അദ്ദേഹത്തിന്റെ കാവി ആണെന്നാണ് ശോഭാ സുരേന്ദ്രന്റെ വാദം.

ശോഭാ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ് ”മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടേയുമൊക്കെ വീട്ടുവാതില്‍ക്കല്‍ എന്‍ ഐ എയും, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും, സി ബി ഐയും കയറിയിറങ്ങുമ്പോള്‍, ഏതന്വേഷണത്തെയും നേരിടാന്‍ തയാറാണ് എന്ന് വാചകക്കസര്‍ത്ത് നടത്തുന്ന മുഖ്യമന്ത്രി ഇരട്ടച്ചങ്കനാണ്.

പറഞ്ഞ് നാവെടുക്കുന്നതിന് മുന്നേ സംസ്ഥാന മന്ത്രിസഭയിലെ ഒരു അംഗത്തിന് തലയില്‍ മുണ്ടിട്ട് രാജ്യദ്രോഹക്കേസില്‍ കേന്ദ്ര ഏജന്‍സിക്ക് മുന്‍പില്‍ പോയി ഇരിക്കേണ്ടി വന്നെങ്കില്‍, ആള്‍ സുല്‍ത്താനാണ്.

പക്ഷെ, സ്വന്തം സംസ്ഥാനത്ത് നടന്ന ഒരു ദാരുണമായ സംഭവത്തില്‍ കോടതി നേരിട്ട് നടത്തുന്ന എല്ലാ അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു എന്നും, കേസ് സി ബി ഐ അന്വേഷിക്കണമെന്നും പറയുന്ന സാത്വികനായ ഒരു മുഖ്യമന്ത്രി മോശക്കാരനാണ്.

കൊള്ളാം ! ഗംഭീരമായിട്ടുണ്ട്.. സത്യത്തില്‍ യോഗി ആദിത്യനാഥ് എന്ന മുഖ്യമന്ത്രിയുടെ മേല്‍ വിലാസമോ, ഭരണനിപുണതയോ ഒന്നുമല്ല കോണ്‍ഗ്രസിനെയും ഇടതുപക്ഷത്തേയും പേടിപ്പിക്കുന്നത്.

പിന്നെയോ, കാവി കണ്ടാല്‍ കലിക്കണം തള്ളിയിട്ടടിക്കണം എന്ന ഇടതുപക്ഷ പൊതുബോധമാണ് യോഗി ആദിത്യനാഥിനെ വേട്ടയാടാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നത്.

നിങ്ങളുടെ മുതലകണ്ണീരുകള്‍ക്ക് പിന്നില്‍ ഒരു സന്യാസിയോടും, അയാളുടെ കാവിവസ്ത്രത്തോടുമുള്ള പകയല്ലെങ്കില്‍, വാളയാറിലെ പ്രതികളെ സംരക്ഷിക്കാന്‍ പോലീസ് സ്റ്റേഷനില്‍ നിങ്ങള്‍ കയറി ഇറങ്ങുമായിരുന്നില്ലല്ലോ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here