വിജയ് പി.നായര്‍ക്കെതിരായ ആക്രമണം: ഭാഗ്യലക്ഷ്മിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍

സാമൂഹ്യമാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ച വിജയ് പി.നായരെ ഭാഗ്യലക്ഷ്മി ദിയ സന ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ കൈയേറ്റം ചെയ്തിരുന്നു .ഈ ആക്രമണത്തില്‍ ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍.

സ്ത്രീകളെ അപമാനിച്ചുകൊണ്ട് വീഡിയോ തയ്യാറാക്കി വിജയ് പി.നായര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കു വച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. കേരളത്തിലെ അറിയപ്പെടുന്ന വനിതാ സാമൂഹ്യ പ്രവര്‍ത്തകരെ അസഭ്യമായ ഭാഷയിലാണ് വിജയ് തന്റെ വീഡിയോയില്‍ പരാമര്‍ശിച്ചത്. അടിസ്ഥാനമില്ലാത്ത വിവരണങ്ങള്‍ നിറഞ്ഞ ഈ വീഡിയോ പലരും യൂടൂബിന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഭാഗ്യലക്ഷ്മിയും സംഘവും പരസ്യമായി വിജയ് പി.നായര്‍ക്കെതിരെ അതിരൂക്ഷമായി പ്രതികരിച്ചത്.

ജാമ്യം നല്‍കുന്നത് നിയമം കയ്യിലെടുക്കുന്നതിനു പ്രതികള്‍ക്ക് പ്രചോദനമാകുമെന്നു ചൂണ്ടികാണിച്ചാണ് ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തത്. ഭാഗ്യലക്ഷ്മിക്കു പുറമേ ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് പ്രോസിക്യൂഷന്‍ എതിര്‍ത്തത്. ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം ജില്ലാ കോടതി മറ്റന്നാള്‍ വിധി പറയും.

സ്ത്രീകളെ അപമാനിച്ചു കൊണ്ടുള്ള വിവരണം നിറഞ്ഞ വീഡിയോ ചിത്രീകരിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച വിജയ് പി.നായരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. വിജയ് പി.നായര്‍ നല്‍കിയ പരാതിയിലാണ് തമ്പാനൂര്‍ പൊലീസ് കേസെടുത്തത്. അതിക്രമിച്ചു കടക്കല്‍, ഭീഷണി, കൈയ്യേറ്റം ചെയ്യല്‍, മോഷണം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. അഞ്ചു വര്‍ഷം തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം, സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വീഡിയോ ചെയ്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വിജയ് പി.നായരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വിജയ് പി.നായര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here