മയക്കുമരുന്ന് കേസിൽ നടി റിയ ചക്രബർത്തിക്ക് ബോംബെ ഹൈക്കോടതിയുടെ ജാമ്യം

സുശാന്ത് സിംഗ് രജ്പുത് മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ നടി റിയ ചക്രബർത്തിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. എന്നാൽ സഹോദരൻ ഷോയിക്കിന്റെ അപേക്ഷ ഹൈക്കോടതി നിരസിക്കുകയായിരുന്നു. മയക്കുമരുന്നിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് തനിക്കെതിരായ ആരോപണങ്ങളെല്ലാം റിയ നിഷേധിച്ചു.

സുശാന്ത് സിങ്ങിന് മയക്കുമരുന്ന് സംഘടിപ്പിച്ചു കൊടുത്തിരുന്നുവെന്നതായിരുന്നു റിയ ചക്രബർത്തിയുടെ മേൽ ഉണ്ടായിരുന്ന പ്രധാന ആരോപണം. സുശാന്തിന്റെ മരണം കൊലപാതകമല്ലെന്ന് കഴിഞ്ഞ ദിവസം എയിംസ് ഫൊറൻസിക് സംഘവും, സുശാന്തിന്റെ മരണത്തിന് മയക്ക് മരുന്നുമായി ബന്ധമില്ലെന്ന് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയും വ്യക്തമാക്കിയിരുന്നു.

മയക്കുമരുന്ന് ശീലം നിലനിർത്താൻ സുശാന്ത് സിംഗ് താനുമായി അടുപ്പമുള്ളവരെ ദുരുപയോഗം ചെയ്തിരുന്നുവെന്നാണ് റിയയുടെ പുതിയ വെളിപ്പെടുത്തൽ. റിയയും സഹോദരനും ഇതിന്റെ ബലിയാടുകളായിരുന്നുവെന്നും ജാമ്യാപേക്ഷയിൽ റിയ ചക്രബർത്തി പറയുന്നു.

നടൻ സുശാന്ത് സിങ്ങിന് ബൈപോളാർ ഡിസോർഡർ ഉണ്ടെന്ന് കണ്ടെത്തിയതായും ഈ കാലയളവിൽ വിഷാദരോഗത്തിലിരിക്കെ നടൻ തന്റെ കുടുംബവുമായി മാനസികമായ അടുപ്പത്തിലായിരുന്നില്ലെന്നും റിയ പറയുന്നു. ലോക് ഡൌൺ സമയത്ത് അദ്ദേഹത്തിന്റെ മാനസികാരോഗ്യം കൂടുതൽ വഷളാകുകയായിരുന്നുവെന്നും നടി കോടതിയെ ധരിപ്പിച്ചു

സുശാന്ത് സിങ്ങിനെ ദുരൂഹത നിറഞ്ഞ മരണത്തെക്കുറിച്ച് സിബിഐ ആണ് അന്വേഷിക്കുന്നത്. നടന്റെ പിതാവ് ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here