ശ്രീലക്ഷ്മി അറക്കലിനെതിരെ കേസ്

തിരുവനന്തപുരം: യൂട്യൂബ് ചാനലിലൂടെ അശ്ലീല സംഭാഷണങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറക്കലിനെതിരെ കേസ്. സൈബര്‍ പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ‘മെന്‍സ് റൈറ്റ് അസോസിയേഷനാ’ണ് ശ്രീലക്ഷ്മി അറക്കലിനെതിരെ പരാതി നല്‍കിയത്.

ശ്രീലക്ഷ്മി ഒട്ടേറെ യൂട്യൂബ് ചാനലുകളിലൂടെ ലൈംഗിക സംഭാഷണങ്ങള്‍ നടത്തി യുവതലമുറയെ തെറ്റായ ലൈംഗിക രീതികളിലേക്ക് നയിക്കുന്നു, അങ്ങനെ സമൂഹത്തില്‍ അരാജകത്വമുണ്ടാക്കുന്നുവെന്നുമാണ് മെന്‍സ് റൈറ്റ് അസോസിയേഷന്‍ ഭാരവാഹി അഡ്വ. നെയ്യാറ്റിന്‍കര നാഗരാജ് നല്‍കിയ പരാതിയില്‍ പറയുന്നത്. ഇതിനോടൊപ്പം ശ്രീലക്ഷ്മിയുടെ യൂട്യൂബ് ചാനലുകളുടേതെന്ന് പറയപ്പെടുന്ന ചാനലുകളുടെ വിവരങ്ങളും ലിങ്കുകളും ഇയാള്‍ നല്‍കിയിട്ടുണ്ട്.

അതേസമയം തന്റെ വീഡിയോകള്‍ എടുത്ത് അശ്ലീല തമ്പ്‌നെയിലുകള്‍ ഉണ്ടാക്കി യൂട്യൂബില്‍ പോസ്റ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതിനെതിരെ ശ്രീലക്ഷ്മി അറയ്ക്കല്‍ കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തെത്തിയിരുന്നു.

അതൊന്നും തന്റെ യൂട്യൂബ് ചാനലല്ലെന്നും ശ്രീലക്ഷ്മി അറയ്ക്കല്‍ വ്യക്തമാക്കിയിരുന്നു. തന്റെ യഥാര്‍ത്ഥ യൂട്യൂബ് ചാനലിന്റെയും അതിലെ ഉള്ളടക്കങ്ങളുടെയും ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അവരുടെ പോസ്റ്റ്.

വിജയ് പി. നായര്‍ എന്ന യൂട്യൂബര്‍ സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തില്‍ വീഡിയോകള്‍ ചെയ്തതില്‍ പ്രതികരിച്ച് ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ശ്രീലക്ഷ്മി അറക്കലും ദിയാ സനയും രംഗത്തെത്തിയിരുന്നു. വിജയ് പി നായരെ കൈകാര്യം ചെയ്യുകയും ശരീരത്തില്‍ കറുത്ത മഷി ഒഴിക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here