ഹെല്‍മറ്റില്ലാതെ ബൈക്കിന് പിറകില്‍ യാത്ര ചെയ്ത വയോധികന്റെ കരണത്തടിച്ച് എസ്‌ഐ വലിച്ചിഴച്ച് ജീപ്പില്‍ കയറ്റി. ഹെല്‍മെറ്റില്ലാതെ ബൈക്കിന് പിറകില്‍ യാത്ര ചെയ്തതിനാണ് പോലീസ് വയോധികനെ മര്‍ദ്ദിച്ചതെന്ന് പരാതി.
ചടയമംഗലം പ്രൊബേഷണല്‍ എസ് ഐ ഷെഷജീമാണ് രാമാനന്ദന്‍ നായര്‍ എന്ന 69-കാരനെ മുഖത്തടിക്കുകയും വലിച്ചിഴച്ച് പോലീസ് ജീപ്പില്‍ കയറ്റുകയും ചെയ്തത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.
ചടയമംഗലം സ്വദേശി രാമാനന്ദന്‍ നായരും സുഹൃത്തും ജോലിക്ക് പോകുന്നതിനിടെയാണ് പോലീസ് ഇവരെ കൈക്കാണിച്ച് നിര്‍ത്തിയത്. ബൈക്കോടിച്ചിരുന്ന സുഹൃത്തും പിറകിലിരുന്ന രാമാനന്ദന്‍ നായരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. തുടര്‍ന്ന് ആയിരം രൂപ പിഴയടയ്ക്കാന്‍ പോലീസ് ആവശ്യപ്പെട്ടു. ജോലിക്ക് പോവുകയാണെന്നും കൈയില്‍ പണമില്ലെന്നും ഇരുവരും പറഞ്ഞെങ്കിലും എസ് ഐ ഷെജീം ഇവരെ വിട്ടയച്ചില്ല. സ്റ്റേഷനില്‍ വന്ന് പിന്നീട് പിഴ അടക്കാമെന്ന് പറഞ്ഞതും അനുവദിച്ചില്ല. തുടര്‍ന്നാണ് ഇരുവരെയും പോലീസ് ജീപ്പിലേക്ക് വലിച്ചിഴച്ച് കയറ്റിയത്.
ബൈക്കോടിച്ചിരുന്നയാളെയാണ് ആദ്യം പോലീസ് ജീപ്പില്‍ കയറ്റിയത്. പിന്നീട് രാമാനന്ദന്‍ നായരെ ജീപ്പിലേക്ക് കയറ്റാന്‍ ശ്രമിച്ചെങ്കിലും ഇദ്ദേഹം എതിര്‍ത്തു. താന്‍ ബൈക്കിന് പിറകില്‍ സഞ്ചരിച്ചയാളാണെന്നും തന്നെ പിടികൂടേണ്ടതില്ലെന്നുമായിരുന്നു രാമാനന്ദന്‍ നായര്‍ പറഞ്ഞത്. ഇതോടെയാണ് പ്രൊബേഷണല്‍ എസ്.ഐ. ഷെജീം വയോധികനെ വലിച്ചിഴച്ച് ജീപ്പില്‍ കയറ്റുകയും കരണത്തടിക്കുകയും ചെയ്തത്.
മര്‍ദ്ദനമേറ്റ ഇയാള്‍ രോഗിയാണെന്നും ആശുപത്രിയില്‍ പോകണമെന്നും കരഞ്ഞ് പറയുന്നുണ്ടായിരുന്നു. പിന്നീട് ഇദ്ദേഹം ചടയമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. സംഭവം കണ്ട് നിന്ന ഒരാള്‍ മൊബൈലില്‍ പകര്‍ത്തിയതോടെയാണ് എസ് ഐയുടെ കാടത്തം ലോകം അറിഞ്ഞത്. സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ റൂറല്‍ എസ്പി ഹരിശങ്കര്‍ നിര്‍ദേശിച്ചിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

Get real time update about this post categories directly on your device, subscribe now.