കൊവിഡ് വ്യാപനം: സര്‍ക്കാര്‍ നിയന്ത്രണങ്ങളെ കാറ്റില്‍പ്പറത്തി കൊച്ചി കോര്‍പറേഷന്‍

കൊവിഡ് രോഗവ്യാപനം തടയാൻ പ്രഖ്യാപിച്ച നൂറ്റിനാല്പത്തിനാലാം വകുപ്പിനെ നോക്ക് കുത്തിയാക്കി കൊച്ചി കോർപ്പറേഷൻ. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാനാകാതെ നൂറുകണക്കിന് ആളുകളാണ് വിവിധ സേവനങ്ങൾക്കായി നഗരസഭയ്ക്ക് മുന്നിൽ ക്യൂ നിൽക്കുന്നത്.

ഇ ഗവേണൻസ് സംവിധാനത്തിന്റെ പ്രവർത്തനത്തെ കുറിച്ച് വ്യാപക പരാതികൾ ഉയർന്നതോടെ നഗരസഭ ഓൺലൈൻ സേവനങ്ങൾ അവസാനിപ്പിച്ചിരുന്നു. ഇതാണ് കൊച്ചി നഗരത്തിൽ രോഗവ്യാപനം തീവ്രമാക്കുന്ന തരത്തിൽ ക്യൂ പ്രത്യക്ഷപ്പെടാനും കാരണം.

144 ആം വകുപ്പ് പ്രകാരം 5 പേരിൽ കൂടുതൽ പേർ കൂട്ടം കൂടരുത് എന്നാണ് ചട്ടം. എന്നാൽ ഇത് നടപ്പാക്കാൻ ബാധ്യതയുള്ള കൊച്ചി കോർപ്പറേഷന്റെ മുന്നിലെ കാഴ്ചയാണിത്. വിവിധ സേവനങ്ങൾക്കായി ആളുകൾ മുൻപ് കൊച്ചി കോർപ്പറേഷൻ ആസ്ഥാനത്ത് ആയിരുന്നു എത്തിയിരുന്നത്.

എന്നാൽ കൊവിഡ് വ്യാപന ഭീതിയെ തുടർന്ന് ഇത്തരം സേവനങ്ങൾ നൽകാൻ വേണ്ടി ഏതാനും ദിവസങ്ങൾക്ക് മുൻപ് സമീപത്തെ ഓഡിറ്റോറിയത്തിൽ താല്ക്കാലിക സൗകര്യം ഒരുക്കി. പൊരി വെയിലേറ്റ് നൂറുകണക്കിന് ആളുകളാണ് ഇവിടെ ഓരോ ദിവസവും ക്യൂ നിൽക്കുന്നത്.

കൊവിഡ് പടർന്നു പിടിക്കുന്ന നഗരത്തിൽ നഗരസഭ സൃഷ്ടിച്ച ഈ ക്യൂവിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നില്ല എന്നതാണ് സത്യം. ഓൺലൈൻ വഴി നഗരസഭ സേവനങ്ങൾ ലഭ്യമാകാതെ വന്നതോടെയാണ് പൊരി വെയിലത്ത് ജനങ്ങൾക്ക് ക്യൂ നിൽക്കേണ്ടി വന്നത്.

നഗരസഭ ഇഗവേണൻസ് നടപ്പാക്കാൻ TCS എന്ന സ്വകാര്യ കമ്പനിയെയാണ് ഏൽപ്പിച്ചത്. കരാർ പ്രകാരം 22 വിവിധ സേവനങ്ങൾ ലഭ്യമാക്കാം എന്ന് വാക്കു നൽകിയ TCS 5 എണ്ണം മാത്രം പൂർത്തിയാക്കി കരാർ തുകയായ 8 കോടിയിൽ 5 കോടിയും കൈപ്പറ്റി.

പൂർത്തിയാക്കിയ 5 സേവനങ്ങളിലും ഗുരുതര പിഴവുകളാണ് ഉള്ളത്. 4731/2020 എന്ന നമ്പർ പ്രകാരം ഓൺലൈനായി ഒരു പുരുഷന്റെ മരണ സർട്ടിഫിക്കറ്റിനാണ് ബന്ധുക്കൾ അപേക്ഷിച്ചത്. എന്നാൽ ലഭിച്ചതാകട്ടെ ഇവരുമായി ബന്ധമില്ലാത്ത ഒരു സ്ത്രീയുടെ പേരിലുള്ള മരണ സർട്ടിഫിക്കറ്റും.

മാർച്ച് 25 ന് പൈവസി അഗ്രീമന്റ് പോളിസി അവസാനിച്ച വെബ്‌ സൈറ്റിന്റെ സുരക്ഷ ഉറപ്പു വരുത്താൻ കോർപ്പറേഷനും ഒന്നും ചെയ്തിട്ടില്ല. ഇതോടെ വെബ്സൈറ്റ് ഉപയോഗിക്കുന്ന ആളുകളുടെ വ്യക്തി വിവരങ്ങളും ഹാക്കർമാർക്ക് യഥേഷ്ടം എടുക്കാൻ സാധിക്കും. വെബ്സൈറ്റിലെ സേവനങ്ങളെ കുറിച്ചുള്ള പരാതികൾ വർദ്ധിച്ചതോടെ ഉണ്ടായിരുന്ന 5 സേവനങ്ങളും ലഭ്യമാകാതെയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News