‘ബിരിയാണി’ യിലെ മികച്ച പ്രകടനം; കനി കുസൃതിക്ക് വീണ്ടും അന്താരാഷ്ട്ര പുരസ്‌ക്കാരം

42-മത് മോസ്‌കോ ചലച്ചിത്ര മേളയിലെ ബ്രിക്‌സ് മത്സര വിഭാഗത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം കനി കുസൃതിക്ക്. സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണിയിലെ അഭിനയത്തിനാണ് പുരസ്‌കാരം.

മോസ്‌കോ മേളയില്‍ ഒരു മലയാള സിനിമക്ക് ആദ്യമായാണ് അവാര്‍ഡ് ലഭിക്കുന്നത്. നേരത്തേ സ്‌പെയിനിലെ ഇമാജിന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ കനി കുസൃതിക്ക് രണ്ടാമത്തെ മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചിരുന്നു.

പ്രശസ്ത റഷ്യന്‍ സംവിധായകന്‍ സെര്‍ജി മോക്രിട്‌സ്‌കി ചെയര്‍മാനും, ജന്ന ടോള്‍സ്റ്റിക്കോവ ( ബ്രസീല്‍) മഹിമ സിക്കന്റ് ( ഇന്ത്യ) സാങ് ജിംഗ്‌സെങ് ( ചൈന) മുഡെമലി മഡിവ ആരോണ്‍ (സൗത്താഫ്രിക്ക) എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്

1935 -ല്‍ തുടങ്ങിയ ലോകത്തിലെ ഏറ്റവും മികച്ച 15 ചലച്ചിത്രമേളകളില്‍ ഒന്നായ മോസ്‌കോ മേളയുടെ ബ്രിക്‌സ് വിഭാഗത്തില്‍ ആകെ രണ്ട് ഇന്ത്യന്‍ സിനിമകളാണ് മത്സരിച്ചിരുന്നത്.

റോമിലെ ഏഷ്യാട്ടിക്ക ഫെസ്റ്റിവലില്‍ വേള്‍ഡ് പ്രീമിയറായി പ്രദര്‍ശിപ്പിച്ച ബിരിയാണി അവിടെ മികച്ച സിനിമക്കുള്ള നെറ്റ്പാക്ക് അവാര്‍ഡ് നേടിയിരുന്നു. ബാംഗ്ലൂര്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ജൂറി അവാര്‍ഡ്,
മികച്ച തിരക്കഥക്കുള്ള പത്മരാജന്‍ പുരസ്‌ക്കാരം എന്നിവയും നേടിയിട്ടുണ്ട്. അമേരിക്ക, ഫ്രാന്‍സ്, ജര്‍മ്മനി, നേപ്പാള്‍ തുടങ്ങിയ അന്താരാഷ്ട്ര മേളയിലേക്കും ചിത്രം തെരഞ്ഞെടുത്തിരുന്നു.

കടല്‍ തീരത്ത് താമസിക്കുന്ന ഒരു ഉമ്മയുടേയും മകളുടെയും ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില സംഭവങ്ങളാണ് അവരുടെ പലായനവുമാണ് സിനിമയുെട പ്രമേയം. മകളായി കനി കുസൃതിയും, ഉമ്മയായി ശൈലജയും, അഭിനയിക്കുന്നു. സുര്‍ജിത് ഗോപിനാഥ്, അനില്‍ നെടുമങ്ങാട്, ശ്യാം റെജി, തോന്നക്കല്‍ ജയചന്ദ്രന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നു.

UAN ഫിലിം ഹൗസിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ കാര്‍ത്തിക് മുത്തുകുമാറും, എഡിറ്റിംഗ് അപ്പു ഭട്ടതിരിയും, മ്യൂസിക് ലിയോ ടോമും, ആര്‍ട്ട് നിതീഷ് ചന്ദ്ര ആചാര്യയും നിര്‍വഹിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here