സ്വര്‍ണ്ണക്കടത്ത് കേസ്‌; തീവ്രവാദബന്ധത്തിന് തെളിവ് എവിടെയെന്ന് ആവര്‍ത്തിച്ച് എന്‍ഐഎ കോടതി

സ്വര്‍ണ്ണക്കടത്ത് കേസില്‍ തീവ്രവാദബന്ധത്തിന് തെളിവ് എവിടെയെന്ന് ആവര്‍ത്തിച്ച് എന്‍ഐഎ കോടതി. കള്ളക്കടത്ത് കേസുകളിലെല്ലാം യുഎപിഎയാണോ പ്രതിവിധിയെന്നും ഭീകരബന്ധമുണ്ടെന്ന അനുമാനത്തിന് എന്ത് അടിസ്ഥാനമാണ് ഉള്ളതെന്നും കോടതി ചോദിച്ചു. അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷയിലുള്ള വിശദമായ വാദത്തിനിടെയായിരുന്നു കോടതി വീണ്ടും തെളിവുകള്‍ ആരാഞ്ഞത്. ജാമ്യാപേക്ഷയില്‍ ചൊവ്വാ‍ഴ്ച വിധി പറയും.

സ്വർണ്ണക്കള്ളക്കടത്ത് കേസിനെ തീവ്രവാദ പ്രവർത്തനവുമായി എങ്ങനെ ബന്ധിപ്പിക്കാൻ കഴിയും എന്ന ചോദ്യം തന്നെയായിരുന്നു ജാമ്യാപേക്ഷയിലെ വാദത്തിനിടയിലും കോടതി ആവര്‍ത്തിച്ചത്. അന്വേഷണം ആരംഭിച്ചു 90 ദിവസം ആകാറായിട്ടും തെളിവ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലേ എന്ന് കോടതി ചോദിച്ചു. വിദേശ രാജ്യവുമായുള്ള ഇന്ത്യയുടെ ബന്ധം തകർക്കാൻ പ്രതികൾ ശ്രമിച്ചു, തീവ്രവാദ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകി തുടങ്ങിയ അനുമാനങ്ങൾക്ക് തെളിവുകൾ എവിടെയെന്ന് കോടതി ആരാഞ്ഞു.

എന്നാല്‍ ഈ ചോദ്യങ്ങൾക്ക് NIA നിരത്തിയ മറുവാദങ്ങൾ ദുർബലമായിരുന്നു. വിമാനത്താവളങ്ങളിൽ വൻതോതിൽ സ്വർണക്കടത്ത് നടക്കുന്നുണ്ടെന്നും 2019ലെ കേന്ദ്ര സാമ്പത്തിക ഇന്‍റലിജൻസ് ബ്യൂറൊ സ്വര്‍ണ്ണക്കടത്തിനെക്കുറിച്ച് വിവരങ്ങള്‍ നല്‍കിയിരുന്നുവെന്നും എഎസ്ജി വാദിച്ചു. ഇത്തരത്തിൽ എത്തുന്ന പണം ഭീകരവാദത്തിന് ഉപയോഗിക്കുന്നതായാണ് വിവരം. മുംബൈ സ്‌ഫോടനങ്ങൾക്ക് ദാവൂദ് സംഘം പണം കണ്ടെത്തിയത് സ്വർണക്കടത്തിലൂടെയാണെന്നും എഎസ്ജി ചൂണ്ടിക്കാട്ടി.

പ്രതികൾ സ്വാധീനം ഉള്ളവരാണെന്നും യുഎഇയെ എന്തിനാണ് സുരക്ഷിത കേന്ദ്രമായി പ്രതികൾ കാണുന്നതെന്ന് പരിശോധിക്കേണ്ടതുണണ്ടെന്നും എഎസ്ജി പറഞ്ഞു. സാമ്പത്തിക ലാഭം ആയിരുന്നില്ല പ്രതികളുടെ ലക്ഷ്യം. ഇതായിരുന്നു ജാമ്യാപേക്ഷയെ എതിർത്തുകൊണ്ടുള്ള NIA യുടെ പ്രധാന വാദങ്ങൾ. എന്നാല്‍ സ്വര്‍ണ്ണക്കടത്തില്‍ പിടിയിലായവരെല്ലാം തീവ്രവാദബന്ധം ഉളളവരാണെന്ന് എങ്ങനെ പറയാന്‍ ക‍ഴിയുമെന്ന് കോടതി മറുചോദ്യം ആവര്‍ത്തിച്ചു.

പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാല്‍ ജൂവലറിയില്‍ നിന്നും നികുതിയടച്ച് കളളക്കടത്ത് സ്വര്‍ണം വാങ്ങിയവരും കുറ്റക്കാരാകുമോയെന്നും കോടതി ചോദിച്ചു. സ്വർണ്ണക്കടത്ത് കേസുകൾക്ക് UAPA ആണോ പ്രതിവിധി എന്നും കോടതി ആരാഞ്ഞു. തുടര്‍ന്ന് വാദം തിങ്കളാ‍ഴ്ചത്തേക്ക് മാറ്റി. കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സന്ദീപ് നായരുടെ രഹസ്യ മൊഴിയും. തിങ്കളാഴ്ച പരിശോധിക്കും. ചൊവ്വാഴ്ച ജാമ്യാപേക്ഷകളിൽ വിധി പറയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News