രസതന്ത്ര നൊബേൽ പങ്കിട്ട് ഇമ്മാനുവേല്‍ ഷാര്‍പെന്റിയറും ജന്നിഫെര്‍ ഡൗഡ്‌നയും

രസതന്ത്രത്തിൽ ഈ വർഷത്തെ നൊബേൽ പുരസ്‌കാരം ആദ്യമായി രണ്ട്‌ സ്‌ത്രീകൾ പങ്കിട്ടു‌. ജീൻ എഡിറ്റിങ്ങിനുള്ള പ്രത്യേക സങ്കേതം ക്രിസ്‌പർ- കാസ് ‌9 വികസിപ്പിച്ചതിന് ഫ്രഞ്ച്‌ ശാസ്‌ത്രജ്ഞ ഇമാനുവേൽ ഷർഹോന്തിയേക്കും(51) അമേരിക്കൻ ശാസ്‌ത്രജ്ഞ ജെനിഫർ എ ഡൗഡ്‌നയ്‌ക്കു(56)മാണ്‌ പുരസ്‌കാരം. സ്വർണമെഡലും ഒരു കോടി സ്വീഡിഷ്‌ ക്രോണയുമാണ്‌‌(8.21 കോടി രൂപ) സമ്മാനം.

ഭാവിയിൽ ജനിതകരോഗങ്ങൾ ഭേദമാക്കുന്നതിൽ വലിയ മാറ്റങ്ങൾക്ക് വഴിവച്ചേക്കാവുന്നതാണ്‌ “ക്രിസ്‌പർ –- കാസ്‌9’ ജീൻ എഡിറ്റിങ്ങെന്ന്‌ പുരസ്‌കാര സമിതി അഭിപ്രായപ്പെട്ടു. ഡിഎൻഎ തന്മാത്രകളിൽ കൃത്യമായ തിരുത്തലുകളും മുറിച്ചുമാറ്റലുകളും കുട്ടിച്ചേർക്കലുകളും വരുത്താൻ ജീൻ ‌എഡിറ്റിങ് വഴി സാധിക്കും.

അർബുദം, പാരമ്പര്യ ജനിതകരോഗങ്ങൾ തുടങ്ങിയവയുടെ ചികിത്സയ്‌ക്കും ഇത്‌ സഹായകമാകുന്നതാണെന്ന് ‌ പുരസ്‌കാര നിർണയസമിതിയിലെ പെർനില വിത്തുങ്‌ സ്‌റ്റഫ്‌ഷെദ്‌ അഭിപ്രായപ്പെട്ടു. ബെർലിനിലെ മാക്‌സ്‌ പ്ലാങ്ക്‌ യൂണിറ്റ്‌ ഫോർ സയൻസ്‌ ഓഫ്‌ പാത്തജൻസിന്റെ ഡയറക്‌ടറാണ്‌ ഇമാനുവേൽ ഷർഹോന്തിയെ. ബെർക്‌ലിയിലെ കലിഫോർണിയ സർവകലാശാലയിൽ ഗവേഷകയാണ്‌ ജെനിഫർ എ ഡൗഡ്‌ന.

2011ലാണ്‌ ഇരുവരും ചേർന്ന്‌ പഠനം തുടങ്ങുന്നത്‌. ഇതിന്‌ മുമ്പ്‌ അഞ്ച്‌ വനിതാ ഗവേഷകർക്കാണ്‌ രസതന്ത്രത്തിൽ നൊബേൽ പുരസ്‌കാരം ലഭിച്ചത്‌.ഭൗതികശാസ്‌ത്രത്തിൽ(1903) നൊബേൽ പുരസ്‌കാരം നേടിയ ആദ്യ സ്‌ത്രീയായ മേരി ക്യൂറി തന്നെയാണ്‌ രസതന്ത്രത്തിലും(1911) നേടിയ ആദ്യ സ്‌ത്രീ
സാഹിത്യ നൊബേൽ പുരസ്‌കാരം വ്യാഴാഴ്‌ചയും സമാധാനത്തിനുള്ളത്‌ വെള്ളിയാഴ്‌ചയും പ്രഖ്യാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News