പാലാരിവട്ടം പാലത്തിന്റെ ഗര്‍ഡറുകള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

പാലാരിവട്ടം പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെ പാലത്തിന്റെ ഗര്‍ഡറുകള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ആദ്യ ദിനം പുലര്‍ച്ചെ ഒന്നരയോടെ പാലത്തിലെ മൂന്നു ഗര്‍ഡറുകള്‍ ആണ് മുറിച്ച് നീക്കിയത്.

ഗതാഗത തടസമുണ്ടാകാതിരിക്കാന്‍ വരും ദിവസങ്ങളിലും രാത്രിയിലാകും ഗര്‍ഡറുകള്‍ നീക്കം ചെയ്യുക. പാലത്തിലെ ആകെ ഗര്‍ഡറുകളില്‍ 5 എണ്ണമൊഴികെ ബാക്കി എല്ലാത്തിനും തകരാറുകള്‍ ഉള്ളതായി നേരത്തെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

പാലത്തിന്റെ വലിയ ഭാഗങ്ങള്‍ നീക്കം ചെയ്യുമ്പോള്‍ ഗതാഗത തടസം ഉണ്ടാകാതിരിക്കാനാണ് ഗര്‍ഡറുകള്‍ മുറിച്ച് മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ രാത്രിയോടെ ആരംഭിച്ചത്. പാലത്തിലെ ടാറിംഗും കോണ്‍ക്രീറ്റ് പാളികളും നീക്കം ചെയ്ത ശേഷമാണ് ഗര്‍ഡറുകള്‍ മുറിച്ചു മാറ്റുന്ന പ്രവര്‍ത്തി ആരംഭിച്ചത്. 35 ടണ്‍ ഭാരമുള്ള ഗര്‍ഡറുകള്‍ പുലര്‍ച്ചെ ഒന്നരയോടെയാണ് മുറിച്ചു നീക്കാന്‍ ആരംഭിച്ചത്.

661 മീറ്റര്‍ നീളമുള്ള പാലത്തിലാകെ 102 ഗര്‍ഡറുകള്‍ ഉണ്ട്. ഓരോ സ്പാനിലും 6 വീതം ഗര്‍ഡറുകള്‍. ആദ്യ ദിവസം മൂന്നു ഗര്‍ഡറുകളാണ് മുറിച്ചു മാറ്റിയത്. വരും ദിവസങ്ങളില്‍ കോണ്‍ക്രീറ്റും സ്‌ളാബുകളും നീക്കം ചെയ്യുന്നതിന് അനുസരിച്ചു ശേഷിക്കുന്ന ഗര്‍ഡറുകളും മുറിച്ചു മാറ്റും.

ഡിഎംആര്‍സിയുടെ മുട്ടം യാര്‍ഡിലേക്ക് ആണ് ഗര്‍ഡറുകള്‍ ചെറിയ കഷ്ണങ്ങളാക്കി മാറ്റുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ പാലാരിവട്ടം പാലത്തിനു കീഴിലൂടെയുള്ള ഗതാഗത നിരോധനം തുടരുകയാണ്. പോലീസ് ഒരുക്കിയ ബദല്‍ റൂട്ടുകളിലൂടെ സ്വകാര്യ വാഹനങ്ങളും കടന്നു പോകുന്നതിനാല്‍ പരിമിതമായ ഗതാഗത കുരുക്ക് മാത്രമേ പാലാരിവട്ടത്തു ഉള്ളൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News