അടുത്ത കാലത്ത് ഏറ്റവും ദുരുപയോഗം ചെയ്യപ്പെട്ടത് അഭിപ്രായ സ്വാതന്ത്ര്യമെന്ന് സുപ്രീംകോടതി. തബ്ലീഗ് ജമാ അത്ത് സമ്മേളനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. തബ്ലീഗ് ജമാ സമ്മേളനത്തിന് എതിരായ മാധ്യമ വാര്‍ത്തകളെ ന്യായീകരിച്ച കേന്ദ്ര സര്‍ക്കാരിനെ കോടതി ശകാരിച്ചു. സര്‍ക്കാര്‍ സത്യവാങ്മൂലം അവ്യക്തവും നിര്‍ലജ്ജവുമെന്നായിരുന്നു വിമര്‍ശനം.
രാജ്യത്തെ കൊവിഡ് വ്യാപനത്തിന് പിന്നില്‍ ദില്ലി നിസാമുദീനില്‍ നടന്ന തബ്ലീഗ് ജമാ സമ്മേളനമാണെന്ന് നിരവധി മാധ്യമങ്ങള്‍ വിദ്വേഷ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. വര്‍ഗീയ നിറത്തോടെ ഇത്തരം വാര്‍ത്തകള്‍ നല്‍കിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജം അത്ത് ഉല്‍ ഉലമ ഹിന്ദ് സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തു.
ഈ ഹര്‍ജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് S A ബോബ്ഡെ നിര്‍ണായക പരാമര്‍ശം നടത്തിയത്. അടുത്ത കാലത്ത് ഏറ്റവും ദുരുപയോഗം ചെയ്യപ്പെട്ട സ്വതന്ത്രങ്ങളില്‍ ഒന്ന് അഭിപ്രായ സ്വാതന്ത്ര്യമാണെന്നായിരുന്നു കോടതി നിരീക്ഷണം. കേസില്‍ കേന്ദ്ര സര്‍ക്കാരിനെ ശക്തമായ ഭാഷയില്‍ സുപ്രീംകോടതി വിമര്‍ശിച്ചു.
വിദ്വേഷ വാര്‍ത്തകളെ ന്യായകരിച്ചുള്ള നിലപാട് സ്വീകരിച്ചതിനാണ് സര്‍ക്കാര്‍ വിമര്‍ശനം ഏറ്റുവാങ്ങിയത്. തബ്ലീഗ് സമ്മേളനത്തിനെതിരെ മോശം റിപ്പോര്‍ട്ടിങ് നടന്നില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലം. ഇതാണ് കോടതിയെ ചൊടിപ്പിച്ചത്. നിര്‍ലജ്ജവും അവ്യക്തവുമായ സത്യവാങ്മൂലമെന്നാണ് കോടതി കുറ്റപ്പെടുത്തിയത്. സത്യവാങ്മൂലം അംഗീകരിക്കാനും കോടതി വിസമ്മതിച്ചു.
ജൂനിയര്‍ ഉദ്യോഗസ്ഥന്‍ സത്യവാങ്മൂലം നല്‍കിയതിനും കേന്ദ്ര സര്‍ക്കാര്‍ വിമര്‍ശനം ഏറ്റുവാങ്ങി. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ സെക്രട്ടറി തല ഉദ്യോഗസ്ഥന്‍ തന്നെ സത്യവാങ്മൂലം നല്‍കണമെന്ന് കോടതി നിലപാട് എടുത്തു. ഇത് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. കോടതി നിര്‍ദേശിച്ചത് പോലെ പുതിയ സത്യവാങ്മൂലം നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഉറപ്പ് നല്‍കി.
Get real time update about this post categories directly on your device, subscribe now.