കൊവിഡും മരണവും മേഘ്‌നയും; ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പ്

തിരുവനന്തപുരം: കൊവിഡ് മരണവും മേഘ്‌നയും ചേര്‍ത്ത് വച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ഹണി ഭാസ്‌കര്‍.

കുറിപ്പിന്റെ പൂര്‍ണരൂപം:
കോവിഡിനെ കുറിച്ചുള്ള ഭീതി ആളിപ്പടരുന്ന ആ തുടക്ക സമയം. ഒരു സുഹൃത്തിന്റെ ഭര്‍ത്താവ് കോവിഡ് വന്ന് മരിച്ചു.  മരണത്തിന്റെ രണ്ടാം ദിവസമാണ് അവളെ ഞാന്‍ വിളിക്കുന്നത്.
പ്രോട്ടോക്കോള്‍ പ്രകാരം അവള്‍ക്കു ദൂരെ നിന്നു ബോഡി കാണാന്‍ അടക്കുമ്പോള്‍ അനുമതി കിട്ടിയിരുന്നു.

ആ അലറിക്കരച്ചിലും വിഭ്രാന്തികള്‍ക്കും ഇടയില്‍ വാക്കുകള്‍ നഷ്ടപ്പെട്ട് ഞാനും അലറി കരഞ്ഞു. അവള്‍ അലമുറയിട്ടത് മുഴുവന്‍ അയാള്‍ നല്‍കിയ സ്‌നേഹത്തെ, കരുതലിനെ കുറിച്ച് പറഞ്ഞാണ്.

രണ്ടു കുഞ്ഞുങ്ങളെ ഏല്‍പ്പിച്ചാ പോയത്, ഞാന്‍ ജീവിക്കും അതില്ലായിരുന്നെങ്കില്‍ ഞാനും അദ്ദേഹത്തിനൊപ്പം മരിച്ച് കൂടെ കിടന്നേനേ എന്ന് ഉറക്കെയുറക്കെ അവളലറി പെയ്തു.
മമ്മി എന്തിനാ കരയുന്നേ എന്ന് മൂന്നു വയസ്സുള്ള മകള്‍ ചോദിക്കുന്നത് ഫോണില്‍ ഞാന്‍ കേട്ടു. ‘മമ്മിക്കൊന്നുമില്ല മോളേ.. ‘ എന്ന് അവള്‍ പറയുന്നത് എനിക്കത് താങ്ങാവുന്ന സങ്കടത്തിനും അപ്പുറമായിരുന്നു. മകന് തുട്ടുവിന്റെ പ്രായമാണ്.

ഫോണ്‍ വെക്കല്ലേ ഹണീ… എനിക്ക് മിണ്ടണം എന്ന് അവള്‍ സങ്കടങ്ങള്‍ പറഞ്ഞ് അലമുറയിട്ടു.
അന്നു ഞാനും കരഞ്ഞു പനിച്ചു.
ബന്ധുക്കള്‍ അടുത്തില്ലാതെ, രണ്ടു കുഞ്ഞുങ്ങളെയും അണച്ചു പിടിച്ച് അവളാ ഭ്രാന്തമായ ദിനങ്ങളെ മറികടന്നു. ഞങ്ങള്‍ ദൂരെ നിന്നും വാക്കുകള്‍ കൊണ്ട് കെട്ടിപ്പിടിച്ചു.
കുറേ നാള്‍ അവള്‍ ഓര്‍മ്മകള്‍ ചിതറിയ ഒരാളെ പോലെ ആയി തീര്‍ന്നു. ശേഷമിപ്പോള്‍ മാസങ്ങള്‍ക്കു ശേഷം ഡ്രൈവിംഗ് ലൈസന്‍സെടുത്തു. ജോലിക്ക് റിജോയിന്‍ ചെയ്തു. കരുത്തു പകര്‍ന്ന് ഓഫിസിലെയും പുറത്തെയും പലരും കൂടെ നിന്നു.
കുഞ്ഞുങ്ങള്‍ക്കിപ്പോഴും അച്ഛന്‍ മരിച്ചതറിയില്ല.
ഇത്തിരിയൊന്നു ക്ഷമിച്ചാല്‍, കരുതല്‍ കൊടുത്താല്‍ അനുഭവിക്കാന്‍ സാധിക്കുന്ന ചില സ്വര്‍ഗ്ഗങ്ങളുണ്ട് ബന്ധങ്ങളില്‍.
സ്വപ്നം കാണുന്ന പോലെ അസാധ്യമായി സ്‌നേഹിക്കാനറിയുന്ന മനുഷ്യരും.
നമുക്കോര്‍ക്കാന്‍ ഇഷ്ടമല്ലാത്തതെന്തോ അതിനെ നിരന്തരം ഓര്‍മ്മിപ്പിക്കുന്നത് സ്‌നേഹമല്ല.
ഓര്‍ക്കുമ്പോഴെല്ലാം ഇഷ്ടമേറി വരുന്നത് സ്‌നേഹവും.
എത്ര എളുപ്പമാണെന്നോ നമുക്കൊരാളെ വേദനിപ്പിക്കാന്‍
ഇടറുന്ന നേരത്ത് കൈ വിട്ടു കളയാന്‍
ഒറ്റക്കാണെന്ന് പരിഹസിക്കാന്‍
തെളിമയുള്ള വാക്കുകള്‍, പരസ്പര ബഹുമാനം, കരയുമ്പോഴൊരു ചേര്‍ത്തു പിടുത്തം ഇത്തരം ചില ചേരുവകള്‍ തന്നെ ധാരാളമാണ് പലപ്പോഴും മനുഷ്യര്‍ക്ക് പരസ്പരം അകമഴിഞ്ഞ് സ്‌നേഹിക്കാന്‍.
ഏതു കൂരയിലും സമാധാനമുണ്ടാവാന്‍.
മഴ പോലെ തണുപ്പിക്കുന്ന കരുതല്‍.
അസാനിധ്യത്തില്‍ പോലും കൂടെയുണ്ടെന്ന ഒരുവളുടെ ഉറപ്പിലേക്ക് അവളെ ഇത്രകണ്ട് പ്രചോദിപ്പിക്കണമെങ്കില്‍ അയാളെന്തൊരു സൗന്ദര്യം ജീവിതത്തില്‍ കൊണ്ടു നടന്ന മനുഷ്യനായിരിക്കണം.
കുഞ്ഞുങ്ങളെ ഒറ്റക്ക് വളര്‍ത്തുകയെന്നതൊരു മഹാകടമ്പയാണ്…!
നടന്നു കയറേണ്ട മാനസിക പ്രയാസങ്ങള്‍…!
തനിച്ചു ഇടപെടേണ്ട ഇടങ്ങള്‍.
സമൂഹത്തിന്റെ സദാചാര ചാട്ടവാറടികള്‍…!
ഒരുപാട് ജീവിതത്തില്‍ കരയേണ്ടി വന്ന മനുഷ്യരോട് കുറേ സഹിച്ചതല്ലേ ഇതും കൂടി താങ്ങിക്കോളും എന്ന നിലപാടല്ല മനുഷ്യര്‍ക്ക് വേണ്ടത് ഇനിയും ദു:ഖിക്കാനിട നമ്മളായി വരുത്തരുത് എന്നതാവണം.
പ്രതിസന്ധികളെ തരണം ചെയ്‌തൊരാള്‍ മുന്നോട്ട് നടക്കുന്നത് വേദനിക്കാത്തതുകൊണ്ടല്ല, ചില പ്രതീക്ഷകള്‍ നമ്മുടെ ആയുസ്സുകൊണ്ടു മാത്രമേ നിലനില്‍ക്കൂ എന്ന സത്യം കൊണ്ടാണ്…!
അവര്‍ വീഴുന്നത് നിങ്ങളറിയുന്നില്ല എന്നേ ഉള്ളൂ…
ധൈര്യശാലിയായി ആരും പിറക്കുന്നില്ല. ചില ദുരന്തങ്ങള്‍ ധൈര്യമുണ്ടെന്ന് നമ്മളോട് നുണ പറയുകയാണ്. ആ നുണയെ മരിക്കാന്‍ ഓപ്ഷനില്ലാത്ത മനുഷ്യര്‍ മുറുകെ പിടിക്കയാണ്. ദൈവത്തോട് കാര്യം പറയും പോലെ…!
ഈ ചിത്രം അനുഭവങ്ങളിലെ പലതുമോര്‍മ്മിപ്പിച്ചു.
ഒറ്റക്കല്ലെന്ന് ബോധ്യപ്പെടുത്തി ഒരാളെ പുഞ്ചിരിപ്പിക്കുന്നതിലും മനോഹരമായ മറ്റേതു കര്‍മ്മമുണ്ട്…!
അവരുടെ മൗനത്തിന്റെ തോട് പൊട്ടിച്ച് നിറങ്ങളും മണങ്ങളും കിലുക്കങ്ങളും നിറയ്ക്കുന്നതിലും ശുദ്ധമായ മറ്റേതാചാരമുണ്ട്…!

കോവിഡിനെ കുറിച്ചുള്ള ഭീതി ആളിപ്പടരുന്ന ആ തുടക്ക സമയം. ഒരു സുഹൃത്തിൻ്റെ ഭർത്താവ് കോവിഡ് വന്ന് മരിച്ചു.

മരണത്തിൻ്റെ…

Posted by Honey Bhaskaran on Wednesday, 7 October 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here