അഞ്ചാമതും തോല്‍വി നുണഞ്ഞ് പഞ്ചാബ്; പുരാനിലൊതുങ്ങി പഞ്ചാബിന്‍റെ ഒറ്റയാള്‍ പോരാട്ടം

ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിന് അഞ്ചാം തോൽവി. ആറാം മത്സരത്തില്‍ സൺറൈസേഴ്സ് ഹൈദരാബാദ് 69 റണ്‍സിനാണ് പഞ്ചാബിനെ മുട്ടുകുത്തിച്ചത്.

ടോസ് നേടി ആദ്യം ബാറ്റു ചെയ്ത സൺറൈസേഴ്സ് 202 റൺസെന്ന വലിയ വിജയലക്ഷ്യമാണ് പഞ്ചാബിന് മുന്നിൽ ഉയർത്തിയത്.

മറുപടി ബാറ്റിങ്ങിൽ പഞ്ചാബ് പോരാട്ടം 132 റൺസിൽ അവസാനിച്ചു. അർധസെഞ്ചുറി നേടിയ നിക്കോളാസ് പുരാൻ (37 പന്തിൽ 77) മാത്രമാണ് പഞ്ചാബ് നിരയിൽ ബാറ്റിങ്ങിൽ തിളങ്ങിയത്.

ഹൈദരാബാദിന്റെ മൂന്നാം ജയമാണിത്. ഇതോടെ പോയിന്റ് പട്ടികയിൽ അവർ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. പട്ടികയിൽ അവസാന സ്ഥാനക്കാരാണ് പഞ്ചാബ്.

ജോണി ബെയര്‍സ്റ്റോയുടെ തകര്‍പ്പൻ ബാറ്റിങ് പ്രകടനത്തിൽ പഞ്ചാബിനെതിരെ ഹൈദരാബാദ് നേടിയത് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിൽ 201 റൺസ്. അർധസെഞ്ചുറിയുമായി ജോണി ബെയർസ്റ്റോയും ക്യാപ്റ്റൻ ഡേവിഡ് വാർണറും തിളങ്ങി. 55 പന്തുകള്‍ നേരിട്ട ബെയർസ്റ്റോ നേടിയത് 97 റൺസ്. ആറ് സിക്സും ഏഴു ഫോറുകളുമാണ് താരം പഞ്ചാബിനെതിരെ അടിച്ചുപറത്തിയത്. വാർണർ 40 പന്തിൽനിന്ന് 52 റൺസെടുത്തു.

ടോസ് നേടിയ സൺറൈസേഴ്സ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കം മുതൽ തന്നെ ഹൈദരബാദ് ബാറ്റിങ് ആക്രമണത്തിന്റെ ചുമതല ജോണി ബെയർസ്റ്റോയ്ക്കായിരുന്നു. ഫോമില്ലെന്നും പ്രകടനം നിരാശാജനകമാണെന്നുമുള്ള വിമർശനങ്ങൾ ഈ ഒറ്റ മത്സരത്തോടെ ഇംഗ്ലിഷ് ബാറ്റ്സ്മാൻ മായ്ച്ചുകളഞ്ഞു. തലങ്ങും വിലങ്ങും ബൗണ്ടറികൾ പായിച്ച ബെയര്‍സ്റ്റോ 28 പന്തുകളിൽനിന്ന് അർധസെഞ്ചുറി പൂർത്തിയാക്കി. ഡേവിഡ് വാർണറും ബെയർസ്റ്റോയ്ക്കു പിന്തുണയേകി നിലകൊണ്ടു. ഇതോടെ 160 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ദുബായിൽ പിറന്നത്. 37 പന്തുകളിൽനിന്ന് വാർണര്‍ അർധ സെഞ്ചുറി തികച്ചു. തൊട്ടുപിന്നാലെ താരം പുറത്താകുകയും ചെയ്തു. സ്പിന്നർ രവി ബിഷ്ണോയിയുടെ പന്തില്‍ ഗ്ലെൻ മാക്സ്‍വെൽ ക്യാച്ചെടുത്താണു വാർണറുടെ പുറത്താകൽ.

സെഞ്ചുറിക്കു തൊട്ടുമുൻപ് 97 റൺസെടുത്തു നിൽക്കെ ബെയർസ്റ്റോ പുറത്തായി. യുവതാരം രവി ബിഷ്ണോയി ബെയർസ്റ്റോയെ എൽബിയിൽ കുരുക്കി വിക്കറ്റ് നേട്ടം രണ്ടാക്കി. ഓപ്പണിങ് കൂട്ടുകെട്ട് വീണതിന് പിന്നാലെ ഹൈദരാബാദ് താരങ്ങൾ ഓരോരുത്തരായി മടങ്ങി. രണ്ട് പന്തുകൾ നേരിട്ട മനീഷ് പാണ്ഡെ ഒരു റൺസ് മാത്രമെടുത്തു പുറത്തായി. അർഷ്ദീപ് സിങ് സ്വന്തം പന്തില്‍ ക്യാച്ചെടുത്താണ് പാണ്ഡെയെ പറഞ്ഞയച്ചത്. 160 റൺസിൽ ആദ്യ വിക്കറ്റ് നഷ്ടമായ ഹൈദരാബാദിന് 161 ല്‍ രണ്ടും മൂന്നും വിക്കറ്റുകൾ നഷ്ടമായി. ഹൈദരാബാദ് സ്കോർ 173 ൽ നില്‍ക്കെ അവരുടെ നാലാം വിക്കറ്റും വീണു.

അബ്ദുൽ സമദ് ബൗണ്ടറിക്ക് ശ്രമിച്ച പന്ത് പിടിച്ചെടുത്തത് അർഷ്ദീപ് സിങ്. സമദിന്റെയും വിക്കറ്റ് സ്വന്തമാക്കിയത് രവി ബിഷ്ണോയിയാണ്. പ്രിയം ഗാർഗ് നേരിട്ട ആദ്യ പന്തിൽതന്നെ റണ്ണൊന്നുമെടുക്കാതെ മടങ്ങി. ആറ് പന്തിൽ 12 റൺസെടുത്ത അഭിഷേക് ശർമ 20–ാം ഓവറിൽ ഗ്ലെൻ മാക്സ്‍വെല്ലിന് ക്യാച്ച് നൽകി മടങ്ങി. കെയ്ൻ വില്യംസനും (10 പന്തിൽ 20), റാഷിദ് ഖാനും (പൂജ്യം) ചേര്‍ന്ന് ഹൈദരാബാദ് സ്കോർ 200 കടത്തി. പഞ്ചാബിനായി രവി ബിഷ്ണോയി മൂന്ന് വിക്കറ്റ് വീഴ്ത്തി. അർഷ്ദീപ് സിങ് രണ്ടും മുഹമ്മദ് ഷമി ഒരു വിക്കറ്റും സ്വന്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News