മന്ത്രി കെടി ജലീലിന്‍റെ വാഹന വ്യൂഹത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റിയ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

മന്ത്രി കെ ടി ജലീലിന്റെ വാഹനവ്യൂഹത്തിനു നേരെ അപകടകരമായ നിലയിൽ കാർ ഇടിച്ചുകയറ്റിയ സംഭവത്തിലെ പ്രതികളായ ബിജെപി–യുവമോർച്ച പ്രവർത്തകരുടെ മുൻകൂർ ജാമ്യാപേക്ഷ നിരസിച്ചു.

കേസിൽ ഒന്നു മുതൽ നാലുവരെ പ്രതികളായ യുവമോർച്ച ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ജമുൻ ജഹാംഗീർ, വിഷ്ണു പ്രസാദ്, അഖിൽ, ഗോകുൽ എന്നിവരുടെ ജാമ്യാപേക്ഷയാണ്‌ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് സി സുരേഷ്‌കുമാർ (സീനിയർ)നിരസിച്ചത്‌.

സെപ്‌തംബർ 13ന്‌ തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ പാരിപ്പള്ളിയിൽ വച്ചാണ്‌ യുവമോർച്ചക്കാർ മന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ അപകടകരമായി കാർ ഇടിച്ചുകയറ്റിയത്‌.

പൈലറ്റ് വാഹനത്തിനും മന്ത്രിയുടെ വാഹനത്തിനും എസ്കോർട്ട് വാഹനത്തിനും 75,000 രൂപയുടെ കേടുപാടുകൾ സംഭവിച്ചു. പാരിപ്പള്ളി പൊലീസാണ്‌ കേസെടുത്തത്‌. പ്രോസിക്യൂഷനുവേണ്ടി ജില്ലാ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ ആർ സേതുനാഥ് ഹാജരായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here