‘അതുല്യമായ വിപ്ലവ സാർവ്വദേശീയതയാണ് ചെയുടെ ചിന്തയുടേയും ജീവിതത്തിന്റേയും ആധാരശ്രുതി’; അനശ്വര വിപ്ലവകാരി ചെഗുവേരയെ അനുസ്മരിച്ച് എംഎ ബേബി

അനശ്വരനായ വിപ്ലവ പ്രതിഭയാണ് ചെഗുവേര.അദ്ദേഹത്തിന്റെ ഓർമദിനമാണ് ഒക്ടോബർ 9 . ചെ എന്ന ഏണസ്റ്റോ ഗുവേര ഡേ ലാ സെർനയുടെ 53 -)൦ രക്തസാക്ഷിദിനം.

അർജന്റീനയിലെ റൊസാരിയോയിൽ ജനനം. വൈദ്യശാസ്ത്രപഠനത്തിനിടയിൽ വായനയിലൂടെയും , ലാറ്റിനമേരിക്കയിലെ മോട്ടൊർസൈക്കിൾ യാത്രയിലൂടെ സ്ഥിതിഗതികൾ നേരിട്ടു കണ്ടുമനസ്സിലാക്കിയും അതെല്ലാം സൂക്ഷ്മ നിരീക്ഷണത്തിനുവിധേയമാക്കിയും സ്വയം മാർക്സിസ്റ്റായി ചെ വളർന്നു.

ഫിദൽ കാസ്‌ട്രോയ്ക്ക് ഒപ്പം ക്യൂബൻ വിപ്ലവത്തിന്റെ പ്രധാന നേതാവായിരുന്ന ചെ ,ജനസമരങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടങ്ങളെ തുടച്ചുമാറ്റുവാൻ സാഹചര്യം അനുയോജ്യമെങ്കിൽ ഒളിപ്പോരുൾപ്പെടെയുള്ള സായുധ സമരങ്ങളെയും ആശ്രയിക്കാം എന്ന് വിശ്വസിച്ചു.

1956ല്‍ മെക്‌സികോയിലായിരിക്കുമ്പോള്‍ ചെഗുവേര ഫിഡല്‍ കാസ്‌ട്രോയുടെ ‘ജൂലൈ 26 പ്രസ്ഥാനം ‘എന്ന വിമോചനമുന്നേറ്റസേനയില്‍ ചേര്‍ന്നു. തുടര്‍ന്നുള്ള വിപ്ലവ ജീവിതം ചരിത്രത്തിൽ അതുല്യമാതൃകയും ആവേശവുമായി തുടരുന്നു.

അതിനോട് താരതമ്യപ്പെടുത്താവുന്നത് മാർക്സും എംഗൽസുംതമ്മിലുള്ളസൌഹൃദം മാത്രം! നമ്മുടെനാട്ടിൽ ഈ എം എസ്സും ഏ കെജിയും തമ്മിൽ തുടർന്ന കമ്മ്യൂണിസ്റ്റ് സാഹോദര്യവും അപൂർവ്വമാതൃകയാണ്. 1956 ൽ ഏകാധിപതിയായ ജനറൽ ഫുൾജെൻസിയോ ബാറ്റിസ്റ്റയെ‍ ക്യൂബയിൽ നിന്നും തുരത്തി ജനകീയ അധികാരം സ്ഥാപിക്കുക എന്ന ഉദ്ദേശ്യത്തോടെ ഗ്രൻ‌മ എന്ന ചെറുപായ്ക്കപ്പലിൽ അദ്ദേഹം ഫിദലിനൊപ്പം ക്യൂബയിലേക്ക് യാത്ര തിരിച്ചു. വിപ്ലവാനന്തരം, “സുപ്രീം പ്രോസിക്യൂട്ടർ” എന്ന പദവിയിൽ നിയുക്തനായി. പുതിയ ജനകീയഭരണകൂടത്തിൽ പല പ്രധാന ചുമതലകളും അദ്ദേഹംവഹിച്ചു.

ഗറില്ലാ യുദ്ധമുറകളെ പറ്റിയും വിപ്ളവധാർമ്മികതയെപ്പറ്റിയുംപുസ്തകങ്ങളും ലേഖനങ്ങളും എഴുതി . അതുല്യമായ വിപ്ളവ സാർവ്വദേശീയതയാണ് ചെയുടെ ചിന്തയുടേയും ജീവിതത്തിന്റേയും ആധാരശ്രുതി.
1965-ൽ കോംഗോയിലും തുടർന്ന് ബൊളീവിയയിലും വിമോചന പ്രസ്ഥാനം സംഘടിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ ചെ ക്യൂബ യോടു യാത്രപറഞ്ഞു .

ട്രൈകോൺടിനെന്റൽ ‘ എന്ന(ഏഷ്യ ,ആഫ്രിക്ക ,ലാറ്റിനമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ വിമോചന വിപ്ളവപ്രസ്ഥാനങ്ങളുടെ)കൂട്ടായ്മയുടെ പിന്നിലെ മുഖ്യപ്രചോദനം ചെയായിരുന്നു. ഫിദലിനെഴുതിയ ചെയുടെ വിടവാങ്ങൽ കത്ത് വിപ്ളവ കവിതയാണ്. ‘ഫിദലിനൊരുഗീതം’ എന്നകവിത പ്രശസ്തകവി സച്ചിദാനന്ദൻ മലയാളത്തിലാക്കിയിട്ടുണ്ട്.വിശ്രുതകവി നിക്കൊളാസ് ഗിയന്റെ ‘ ചെ’ എന്നകവിതമലയാളത്തിലേക്ക് മൊഴിമാറ്റിയത് ഡോഃ അയ്യപ്പപ്പണിക്കരാണ്.

ബൊളീവിയയിൽ വച്ച് ധീരോജ്വലമായ മോചനപ്പോരാട്ടത്തിനിടയിൽ അമേരിക്കയുടെ ചാരസംഘടനയായ സിഐഎയുടെ സഹായത്തോടെ ബൊളീവിയൻ സേന നടത്തിയ ഒരു ആക്രമണത്തിൽ പിടിയിലായ ചെഗുവേരയെ 1967 ഒക്ടോബർ 9-നു ബൊളീവിയൻ സൈന്യം ‘ലാ ഹിഗ്വേര’ യിൽ വെച്ച് വിചാരണ കൂടാതെ വധിച്ചു. സാമ്രാജ്യത്വ നിഷ്ടൂരതയുടെയും നിയമരാഹിത്യത്തിന്റേയും മനുഷ്യാവകാശലംഘനത്തിന്റേയുംമറ്റൊരുദാഹരണം.

കോവിഡിന്റെമുന്നിൽലോകം വിറങ്ങലിച്ചുനിൽക്കുമ്പോഴാണ് ഇത്തവണ ചെയുടെ ഓർമ്മദിനമെത്തുന്നത്. കോവിഡ് ഉൾപ്പടെ മനുഷ്യരഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കൊന്നും മുതലാളിത്തത്തിന് പരിഹാരമില്ലെന്ന് ഫ്രാൻസിസ് മാർപാപ്പ സൂചിപ്പിച്ചത് ഏതാനം നാളുകൾക്ക് മുമ്പാണ്. മുഖ്യപ്രശ്നങ്ങൾക്കൊക്കെ കാരണം എല്ലാം കൂടുതൽ കൂടുതൽ ലാഭം എന്നതിനെ ആസ്പദമാക്കിതീരുമാനിക്കുന്ന വ്യവസ്ഥമൂലമാണെന്നും മാർപാപ്പ വ്യക്തമാക്കി .

ചെയുടെകൂടി നേതൃത്വത്തിലും പങ്കാളിത്തത്തിലും രൂപമെടുത്ത ക്യൂബയിലെ സോഷ്യലിസ്റ്റ് മാതൃകയും അതിന്റെ അവിഭാജ്യഭാഗമായ ആരോഗ്യ സംവിധാനവും എപ്രകാരം വ്യത്യസ്തവുംവിജയകരവുമാണെന്നതും ലോകം കാണുന്നുണ്ട്. ഒരുചെറുസംസ്ഥാനമാണെന്നതുൾപ്പെടെ ഒരുനൂറുപരിമിതികളും കേന്ദ്രത്തിന്റെ ഇടങ്കോലിടീലുകളുമുണ്ടായിട്ടും കോവിഡ് പ്രതിരോധത്തിലുൾപ്പടെ ജനങ്ങൾക്ക് ആശ്വാസവുംസംരക്ഷണവും പകരുന്നതിൽ കേരളത്തിലെ എൽ .ഡി .എഫ് സർക്കാരിന്റെ നേട്ടങ്ങളും സാർവ്വത്രികമായ അംഗീകാരം നേടിയിട്ടുണ്ട്.

ചുരുക്കത്തിൽ ചെ മുന്നോട്ടുവച്ചആശയങ്ങൾ പ്രത്യക്ഷമായോ പരോക്ഷമായോ കൂടുതൽകൂടുതൽ സ്വീകാര്യമായിക്കൊണ്ടിരിക്കുന്നകാലഘട്ടമാണ് നമ്മുടേത്. അതുകൊണ്ടു തന്നെ
കാലമേറെ കഴിഞ്ഞിട്ടും ചെയുടെ സ്മരണ സമരോൽസുകയുവത്വത്തെയും അനീതികൾക്കെതിരേ പൊരുതുന്നവരേയും ഇപ്പോഴും ആവേശം കൊള്ളിക്കുന്നു .
മരണത്തെ എപ്പോഴും മുഖാമുഖം കണ്ട ചെ ഒരിക്കലും മരണത്തെ ഭയപ്പെട്ടിരുന്നില്ല,പകരം അദ്ദേഹം ഇങ്ങനെ പറഞ്ഞു.

“പതിയിരിക്കുന്ന മരണം എവിടെയെങ്കിലും ചാടി വീണ് ഞങ്ങളെ വിസ്മയിച്ചു കൊള്ളട്ടെ ;അതിനെ ഞങ്ങള്‍ സ്വാഗതം ചെയ്യും.പക്ഷെ ഒന്നുമാത്രം, ഞങ്ങളുടെ ഈ സമര കാഹളം,അത് ശ്രവിക്കുവാൻ തയ്യാറുള്ള ഒരു ചെവിയെങ്കിലുമെത്തണം. മറ്റൊരു കൈ ഈ ആയുധങ്ങള്‍ എടുത്തുയര്‍ത്താന്‍ നീളണം .ഞങ്ങളുടെ ചരമ ഗാനത്തില്‍ യന്ത്രതോക്കുകളുടെ നിര്‍ഘോഷം കലര്‍ത്താന്‍ മറ്റു ചിലരെങ്കിലും എത്തണം വിജയത്തിന്‍റെയും സമരത്തിന്‍റെയും പുത്തന്‍ ആരവങ്ങൾ ഉയരണം”.

രക്ത സാക്ഷി ആയിട്ട് അര നൂറ്റാണ്ടിലേറെ കഴിഞ്ഞിട്ടും ലോകത്തിന്റെ ഹൃദയത്തിൽ രക്ത നക്ഷത്രമായി തിളങ്ങി നിൽക്കുന്ന ചെഗുവേരയുടെ ഓർമകൾക്ക് മുന്നിൽ രക്ത പുഷ്പങ്ങൾ .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News