ഹാഥ്റസ്: പെണ്‍കുട്ടിയെ ഉപദ്രവിച്ചത് കുടുംബമെന്ന് പ്രതികള്‍; പ്രതികളുടെ ശ്രമം അന്വേഷണം വ‍ഴിതെറ്റിക്കാനെന്ന് സഹോദരന്‍

ഹാഥ്റസ് പെണ്കുട്ടിയെ ഉപദ്രവിച്ചത് അമ്മയും സഹോദരനുമാണെന്ന പ്രതികളുടെ ആരോപണം തള്ളി കുടുംബം. പ്രതികൾ നിരന്തരം പെണ്കുട്ടിയെ ശല്യം ചെയ്തിരുന്നു.

അന്വേഷണം വഴി തെറ്റിക്കാൻ വേണ്ടിയാണ് ശ്രമമെന്നും കുടുംബം വ്യക്തമാക്കി. അതേസമയം പെണ്കുട്ടിയുടെ വീട്ടുകാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. നിയമ വിരുദ്ധ തടങ്കൽ ആരോപിച്ചുള്ള ഹർജിയാണ് തള്ളിയത്.

ഹാഥ്റസ് സംഭവത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതികൾ കഴിഞ്ഞ ദിവസം എസ്പിക്ക് കത്തയച്ചിരുന്നു. ഇതിൽ പെൺകുട്ടിയുടെ സഹോദരനും അമ്മയ്ക്കുമെതിരെ പ്രതികൾ ഗുരുതര ആക്ഷേപങ്ങളാണ് ഉന്നയിച്ചത്. എന്നാൽ ആരോപണങ്ങൾ കുടുംബം നിഷേധിക്കുന്നു.

പെണ്കുട്ടിയുമായി സൗഹൃദത്തിൽ ആയിരുന്നുവെന്ന പ്രതികളുടെ വാദം കുടുംബം തള്ളി. പെണ്കുട്ടിക്ക് മൊബൈൽ ഫോണില്ല. അന്വേഷണം വഴി മുട്ടിക്കാനുള്ള പ്രതികളുടെ നീക്കം വിലപ്പോവില്ല. എങ്ങനെയാണ് ഒരാൾക്ക് സ്വന്തം സഹോദരിയെ കൊല്ലുന്നത് ആലോചിക്കാൻ ആവുകയെന്നും സഹോദരൻ ചോദിക്കുന്നു.

വീട്ടിൽ തടഞ്ഞു വച്ചിരിക്കുകയാണെന്ന് കാണിച്ചാണ് ഹാഥ്റസ് പെണ്കുട്ടിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ വിശദമായ വാദത്തിലേക്ക് പോലും കടക്കാതെ ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു. സുപ്രീംകോടതി പരിഗണിക്കുന്ന വിഷയത്തിൽ ഇടപെടാൻ ആകില്ലെന്ന് ഹർജി തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കി.

ഹർജിക്കാർക്ക് മറ്റ് എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാമെന്നും കോടതി നിർദേശിച്ചു. റിപ്പോർട്ട് സമർപ്പിക്കാൻ ഒരാഴ്ച ബാക്കി നിൽക്കെയാണ് സംഭവം പുനരാവിഷ്കരിക്കാൻ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചത്.

ഇരയുടെ അമ്മയെയും സഹോദരനെയും സ്ഥലത്ത് എത്തിച്ചാകും പുനരാവിഷ്കാരം നടത്തുക. അതേസമയം സിബിഐ അന്വേഷണത്തിന് സർക്കാർ ശുപാർശ നൽകിയെങ്കിലും ഇതുവരെ സിബിഐ എഫ് ഐ ആർ ഇട്ടിട്ടിട്ടില്ല. സുപ്രീംകോടതി തീരുമാനം വന്ന ശേഷം തുടർ നടപടികളിലേക്ക് കടന്നാൽ മതിയെന്നാണ് സിബിഐ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News