കേരളത്തെ കൊലക്കളമാക്കാന്‍ ആര്‍എസ്എസ്-കോണ്‍ഗ്രസ് ശ്രമം; മാധ്യമങ്ങള്‍ ജനവിരുദ്ധമാകരുത്, സംവാദമാകാം: കോടിയേരി

കേരളത്തെ കൊലക്കളമാക്കി മാറ്റാനാണ് ആര്‍എസ്എസ് ബിജെപി സംഘവും കോണ്‍ഗ്രസും തീരുമാനിച്ചിട്ടുള്ളതെന്ന് സിപിഐ എം പ്രവര്‍ത്തകരുടെ കൊലപാതകങ്ങളില്‍ നിന്നും വ്യക്തമായിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍.

കായംകുളത്ത് ഒരാളേയും വെഞ്ഞാറമ്മൂട് രണ്ട് പേരെയും പിന്നീട് തൃശൂരില്‍ സനൂപിനേയും കൊല്ലുകയായിരുന്നു. 3 ന്യൂനപക്ഷ വിഭാഗത്തിലേയും, ഒരു പട്ടികജാതി വിഭാഗത്തിലേയും പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത് എങ്ങോട്ടാണ് കേരളം പോകുന്നത് എന്നതിനെ സംബന്ധിച്ച് നമ്മെ ഗൗരവപൂര്‍വ്വം ചിന്തിപ്പിക്കേണ്ടതാണെന്നും കോടിയേരി ഓര്‍മിപ്പിച്ചു

കൊലക്കത്തി രാഷ്ട്രീയം ഉപേക്ഷിക്കാന്‍ കോണ്‍ഗ്രസും ആര്‍എസ്എസും തയ്യാറാകണം. യാതൊരു പ്രകോപനത്തിലും പെടരുതെന്നാണ് പാര്‍ട്ടി പരസ്യമായി അഭ്യര്‍ഥിക്കുന്നത്. കൊലപാതക രാഷ്ട്രീയത്തെ ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്നും അതിനായുള്ള പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രചരണ പരിപാടികള്‍ പാര്‍ട്ടി ഘടകങ്ങള്‍ സംഘടിപ്പിക്കണം.

കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്ന വികസന പ്രവര്‍ത്തനം സമാനതകളില്ലാത്തതാണെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തിയതായി കോടിയേരി വ്യക്തമാക്കി. വികസനങ്ങളൊന്നും ചര്‍ച്ചയാകരുതെന്ന് വലതുപക്ഷ ശക്തികള്‍ ആഗ്രഹിക്കുന്നു. അതിനായി ആസൂത്രിത തന്ത്രം പ്രയോഗിക്കുന്നു. ഇത് പ്രാവര്‍ത്തികമാക്കുന്നത് മാധ്യമങ്ങള്‍ വഴിയാണെന്നത് പ്രത്യേകം പരിശോധിക്കണം. ജനതാല്‍പര്യം ഉയര്‍ത്താന്‍ മാധ്യമങ്ങള്‍ക്ക് കഴിയുമെന്ന് നാം കരുതുന്നു. എന്നാല്‍ മാധ്യമങ്ങള്‍ പൊതുവിലിപ്പോള്‍ കോര്‍പറേറ്റ് താല്‍പര്യം സംരക്ഷിക്കുന്നു. ഒപ്പം കോര്‍പറേറ്റ് മാധ്യമം തന്നെയായി അവര്‍ മാറുന്നു.

അതിനാല്‍ കോര്‍പറേറ്റുകള്‍ക്ക്‌ വിരുദ്ധമായ ഒരു ചര്‍ച്ചയും നടത്താന്‍ ശ്രമിക്കുന്നില്ല. ഇതിന്റെ ഉദാഹരണമാണ് കര്‍ഷക ബില്ല്. അത് ചര്‍ച്ചയാകാന്‍ മാധ്യമങ്ങള്‍ തയ്യാറാകുന്നില്ല. ചിലര്‍ ഒരു ദിവസം ചര്‍ച്ചയാക്കി. എന്നാല്‍ അത് നിരന്തരം ചര്‍ച്ചയാക്കണമെന്ന താല്‍പര്യം മാധ്യമങ്ങള്‍ക്കില്ല. കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമ സമീപനം കേരളത്തില്‍ പരമാവധി ആയിരിക്കുന്നു. ചിലര്‍ തുറന്ന് പറഞ്ഞ് തന്നെ ഇത്തരത്തില്‍ മാധ്യമപ്രവര്‍ത്തനം നടത്തുന്നു. ഈ നിലപാട് ജനാധിപത്യത്തിന് ഭീഷണിയാണെന്ന് മാധ്യമങ്ങള്‍ തിരിച്ചറിയണം.

വസ്തുകള്‍ മറച്ചുവച്ച് നുണപ്രചാരവേല നടത്തുന്നു. വികസന പദ്ധതികള്‍ക്കല്ല, ഒരേ വിഷയം നിരന്തരം ചര്‍ച്ച ചെയ്യുകയാണെന്നും ഇത് രാഷ്ട്രീയ ലക്ഷ്യം വച്ചാണെന്നും കോടിയേരി പറഞ്ഞു. കേരളത്തിലെ ഭൂരിപക്ഷം മാധ്യമങ്ങളുടെ ഇടപെടല്‍ ജനവിരുദ്ധവും വികസന വിരുദ്ധവുമാണ്. അത് തിരുത്തണം. വലതുപക്ഷ മാധ്യമത്തിന്റെ സമീപനം തുറന്ന് കാണിക്കും. മാധ്യമങ്ങളുമായി സംവാദത്തിന് തയ്യാറാണ്.ജനജീവിതവുമായി ബന്ധമില്ലാത്ത വിവാദ ചര്‍ച്ചകള്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും.

ജനജീവിതവുമായി ബന്ധപ്പെട്ട കാര്യത്തിലേക്ക് ചര്‍ച്ചകള്‍ മാറ്റിയെടുക്കണം. മാധ്യരംഗം ഇതിന് സന്നദ്ധമാകണം. പുനപരിശോധന നടത്തണം. മാധ്യമങ്ങളുടെ പിന്തുണയോടെയല്ല കമ്യൂണിസ്റ്റ് പാര്‍ട്ടി എല്ലാ കാലത്തും കേരളത്തില്‍ പ്രവര്‍ത്തിച്ചത്. ജനപിന്തുണയോടെ കള്ള പ്രചാരണത്തെ നേരിട്ടു.

മാധ്യമങ്ങള്‍ ഏകപക്ഷീയമാണ്. സര്‍ക്കാരിന് തെറ്റുണ്ടാകുന്നെങ്കില്‍ വസ്തുതാപരമായി ചൂണ്ടിക്കാണിക്കണം. അല്ലാതെ ഏകപക്ഷീയമായി തെറ്റായ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോഴാണ് സംശയിക്കുക.

മാധ്യമസ്വാതന്ത്ര്യത്തിന് വേണ്ടി ജയിലില്‍ പോയവരാണ് സിപിഐ എം പ്രവര്‍ത്തകരെന്നും കോടിയേരി പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് പ്രി-സെന്‍സര്‍ഷിപ്പ് ഉണ്ടായിരുന്ന ഒരേ ഒരു പത്രം ദേശാഭിമാനിയാണ്. അന്ന് പത്രം പ്രസിദ്ധീകരിക്കണമെങ്കില്‍ ഒരു ഡിവൈഎസ്പി ഓഫീസിലെത്തി തലേദിവസം വാര്‍ത്തകള്‍ അംഗീകരിക്കണം. പലപ്പോഴും മുഖപ്രസംഗം എഴുതാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍, തെറ്റായ വാര്‍ത്തകള്‍ കൊടുക്കരുത് എന്ന് പറയുക മാത്രമാണ് ചെയ്യുന്നതെന്നും കോടിയേരി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel