നാടിന്‍റെ ദാഹമകറ്റാന്‍ തന്നാലായത്; കുടിവെള്ള പദ്ധതിക്ക് സ്ഥലം വിട്ടു നല്‍കി ഉണ്ണികൃഷ്ണന്‍

സര്‍ക്കാര്‍ പദ്ധതികള്‍ക്ക് സ്ഥലം കണ്ടെത്താൻ പലപ്പോ‍ഴും ബുദ്ധിമുട്ട് നേരിടാറുണ്ട്. ഭൂമി കണ്ടെത്താന്‍ ക‍ഴിയാതെ പല പദ്ധതികളും ചിലപ്പോൾ നീണ്ടു പോകാറുമുണ്ട്.. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു കഥയാണ് പാലക്കാട് അയിലൂരില്‍ നിന്ന്.

വര്‍ഷങ്ങളായി നാട് നേരിടുന്ന പ്രശ്നത്തിന് പരിഹാരം കാണാന്‍ പദ്ധതിയെത്തിയപ്പോള്‍ പാലക്കാട് അയിലൂരുകാര്‍ ബുദ്ധിമുട്ടിയില്ല. പദ്ധതിക്ക് ഭൂമി ലഭിച്ചു. അതും സൗജന്യമായി.

അയിലൂര്‍ പഞ്ചായത്തിലെ കൈതച്ചിറയെന്ന ഗ്രാമപ്രദേശത്ത് കേരള വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പദ്ധതിക്ക് വേണ്ടിയുള്ള വാട്ടര്‍ ടാങ്ക് ഉയരുകയാണ്. ഇവിടെ ഭൂരിഭാഗം സമയത്തും ഈ മനുഷ്യനുണ്ടാവും. മുന്‍സൈനികന്‍ കൂടിയായ ഉണ്ണികൃഷ്ണന്‍.

നിര്‍മാണ പ്രവൃത്തികള്‍ ഘട്ടം ഘട്ടമായി പൂര്‍ത്തിയാവുന്നത് നോക്കി കാണും. അയിലൂരില്‍ കാലങ്ങളായുള്ള കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതായി പദ്ധതി തയ്യാറായപ്പോള്‍ ഏറ്റവും അനുയോജ്യമായ സ്ഥലം കണ്ടെത്തിയത് കൈതച്ചിറയിലായിരുന്നു. ആവശ്യമുള്ളത് 12 സെന്‍റ് സ്ഥലം.

പലരെയും സമീപിച്ചെങ്കിലും സ്ഥലം നല്‍കാന്‍ തയ്യാറായില്ല. അവസാനം അന്വേഷണമെത്തി നിന്നത് ഉണ്ണികൃഷ്ണന്‍റെ സ്ഥലത്ത്. മറ്റൊരാലോചനയുമില്ലാതെ 12 സെന്‍റ് സ്ഥലത്തിന് പുറമെ പദ്ധതി സ്ഥലത്തേക്ക് റോഡിനാവശ്യമായ 5.5 സെന്‍റ് സ്ഥലവും ഉണ്ണികൃഷ്ണന്‍ നല്‍കി. നാടിന് വേണ്ടി. സൗജന്യമായി.

2017ലാണ് ഉണ്ണികൃഷ്ണന്‍ പദ്ധതിക്കായി സ്ഥലം വിട്ടുനല്‍കിയത്. കുടിവെള്ള പദ്ധതിക്ക് സ്ഥലം ആവശ്യമാണെന്ന് പറഞ്ഞപ്പോള്‍ തന്നെ സൗജന്യമായി സ്ഥലംവിട്ടു നല്‍കുകയായിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വക്കറ്റ് സുകുമാരന്‍ പറഞ്ഞു.

പത്ത് വര്‍ഷം സൈന്യത്തില്‍ സേവനമനുഷ്ഠിച്ച ശേഷം ഉണ്ണികൃഷ്ണന്‍ നാട്ടിലെത്തി കൃഷിക്കാരനായി. ഭാവിയില്‍ തന്‍റെ മക്കളും ഇതുപോലെ നാടിന്‍റെ നന്‍മയ്ക്കൊപ്പം കൈകോര്‍ക്കണമെന്നാണ് ഉണ്ണികൃഷ്ണന്‍റെ ആഗ്രഹം.

പോത്തുണ്ടി ഡാമില്‍ നിന്നുള്ള വെള്ളം ശുദ്ധീകരിച്ച് കൈതച്ചിറയിലെ വാട്ടര്‍ ടാങ്കിലേക്കെത്തിച്ച് പഞ്ചായത്തിലെ 17 വാര്‍ഡുകളിലേയും വീടുകളില്‍ പൈപ്പ് ലൈന്‍ വ‍ഴി കുടിവെള്ളം വിതരണം ചെയ്യുന്നതാണ് പദ്ധതി. പഞ്ചായത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് കിഫ്ബിയിലൂടെ 2.2 കോടി മുടക്കിയാണ് പതിനൊന്നര ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള വാട്ടര്‍ ടാങ്ക് നിര്‍മിക്കുന്നത്.

ഡിസംബറോടെ വാട്ടര്‍ ടാങ്കിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കി ഫെബ്രുവരിയില്‍ ജലവിതരണം ആരംഭിക്കുന്നതോടെ നൂറുകണക്കിന് കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാവും.

നാടിന്‍റെ ദാഹമകറ്റാനുള്ള സര്‍ക്കാര്‍ ഇടപെടലിനൊപ്പം ചെറു സഹായവുമായി നാട്ടുകാര്‍ക്കൊപ്പം കൂടെ നില്‍ക്കാന്‍ ക‍ഴിഞ്ഞതില്‍ ഉണ്ണികൃഷ്ണന് അഭിമാനം. ആത്മസംതൃപ്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News