തുലാമാസപൂജ; ശബരിമലയിൽ ഒരു ദിവസം 250 പേർക്ക് വീതം ദർശനം അനുവദിക്കും

ശബരിമലയിൽ തുലാമാസപൂജയ്ക്ക് ഒരു ദിവസം 250 പേർക്ക് വീതം ദർശനം അനുവദിക്കും. തീർത്ഥാടകർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.

ശബരിമലയിൽ തുലാമാസപൂജയ്ക്ക് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തീർത്ഥാടകരെ പ്രവേശിപ്പിക്കാനാണ് തീരുമാനം. വിർച്വൽ ക്യൂവിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യ 250 പേർക്കായിരിക്കും ഓരോ ദിവസവും പ്രവേശനം അനുവദിക്കുക. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമേ പ്രവേശനം നൽകൂ. 48 മണിക്കൂറിനുള്ളിൽ എടുത്ത സർട്ടിഫിക്കറ്റായിരിക്കണം.

48 മണിക്കൂറിനുള്ളിലുള്ള സർട്ടിഫിക്കറ്റ് ഇല്ലാത്ത തീർത്ഥാടകർക്ക് നിലയ്ക്കലിൽ സബ്‌സിഡി നിരക്കിൽ കൊവിഡ് പരിശോധനയ്ക്ക് സൗകര്യമൊരുക്കും. ശബരിമലയിലേക്കുള്ള യാത്രാമധ്യേ പരിശോധനാ സൗകര്യമുള്ള ആരോഗ്യകേന്ദ്രങ്ങളിലും തീർഥാടകർക്ക് പരിശോധനയ്ക്ക് സൗകര്യമൊരുക്കും.മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വരുന്നവർ കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം.

നിലയ്ക്കലിൽ തന്നെ ബേസ് ക്യാമ്പ് തുടരും. ശബരിമലയിലേക്ക് സ്വാമി അയ്യപ്പൻ റോഡ് വഴിയാകും മലകയറാനും ഇറങ്ങാനും സൗകര്യമൊരുക്കുക. അന്നദാനത്തിന് പേപ്പർ പ്ലേറ്റുകൾ ഉപയോഗിക്കും. കുടിവെള്ളത്തിന് സ്റ്റീൽ ബോട്ടിലുകൾ നൽകും.

ശബരിമല തീർത്ഥാടന സമയത്ത് സേവനത്തിനും ചികിത്സയ്ക്കുമായി സന്നദ്ധപ്രവർത്തനത്തിന് ആരോഗ്യപ്രവർത്തകർക്ക് അവസരം നൽകും. തീർത്ഥാടനകാലത്ത് സേവന സന്നദ്ധരായ ഡോക്ടർമാർക്കും പാരാമെഡിക്കൽ ജീവനക്കാർക്കും വേണ്ട സൗകര്യമൊരുക്കും.

തിരിച്ചറിയൽ കാർഡുള്ള ജീവനക്കാർക്കും ശുചീകരണ പ്രവർത്തകർക്കും വിർച്വൽ ക്യൂവിലല്ലാതെ മല കയറാൻ സൗകര്യമൊരുക്കും.തുലാമാസ പൂജയ്ക്കും മണ്ഡല-മകരവിളക്ക് കാലത്തും പമ്പാസ്നാനം അനുവദിക്കില്ല. പകരം ഷവറുകൾ സ്ഥാപിക്കും.

നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുള്ള റോഡ് ഉടൻ ഗതാഗതയോഗ്യമാക്കാനും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News