ജോസ് കെ മാണിയും ഊഹാപോഹങ്ങളും

ജോസ് കെ. മാണിയുടെ മുന്നണിമാറ്റ ചർച്ചകൾ സജീവമായി തുടരുന്നതിനിടെ നിർണായക സൂചന നൽകി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ജോസ് കെ മാണി എൽഡിഎഫിലേക്ക് പോകില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

ജോസിന് എൽഡിഎഫിനൊപ്പം പ്രവർത്തിക്കാനാവില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. അത്തരത്തിൽ ഒരു തീരുമാനം എടുത്തതായി കരുതുന്നില്ലെന്നും കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ വ്യക്തമാക്കി.

ഒരാഴ്ചക്കുള്ളിൽ മുന്നണി മാറ്റപ്രഖ്യാപനം ഉണ്ടാകുമെന്ന് ജോസ് കെ മാണി വാർത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. കേരള രാഷ്ട്രീയത്തിന്റെ ഗതിമാറ്റുന്ന പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് ജോസ് കെ.മാണി വാർത്താസമ്മേളനത്തില്‍ പറഞ്ഞത്.

അതേസമയം സുരേന്ദ്രന്റെ പ്രതികരണത്തിന് പിന്നാലെ ജോസ് കെ മാണി എൻഡിഎ മുന്നണിയിലേക്ക് ചേരുമെന്ന് പി.ജെ ജോസഫ് പറഞ്ഞു. കേന്ദ്രമന്ത്രി ആകാനാണ് ജോസ് കെ മാണി ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്ന് കേരള കോൺഗ്രസ് ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ജോസഫ് ആരോപിച്ചു.

രണ്ടില ചിഹ്നം ലഭിക്കുന്നതിന് ജോസിനെ ബിജെപിയുടെ ചില കേന്ദ്രനേതാക്കൾ സഹായിച്ചുവെന്നും ഇക്കാര്യം ഒരു ബിജെപി നേതാവ് തന്നോട് പറഞ്ഞിട്ടുണ്ടെന്നും ജോസഫ് പറഞ്ഞു.

അതേസമയം ഇതുവരെ ആരും ചിന്തിക്കാത്ത ചില സസ്പെൻസുകൾ മുന്നണി മാറ്റത്തിൽ ഉണ്ടാകുമെന്നാണ് നേരത്തെ നടത്തിയ വാർത്താസമ്മേളനത്തിൽ ജോസ് കെ മാണി പറഞ്ഞിരുന്നത്. വെള്ളിയാഴ്ചത്തെ വാർത്താസമ്മേളനത്തിലും ചില സൂചനകൾ അദ്ദേഹം നൽകിയിരുന്നു.

കേരള രാഷ്ട്രീയത്തിന്റെ ദിശ തന്നെ മാറ്റുന്ന തീരുമാനം ഒരാഴ്ചയ്ക്കുള്ളിൽ ഉണ്ടാകുമെന്നായിരുന്നു പ്രഖ്യാപനം. കർഷകരുടെ പ്രശ്നങ്ങളിൽ പ്രധാനപ്പെട്ട തീരുമാനമെടുക്കുന്നവർക്കൊപ്പമാകും പാർട്ടി ഉണ്ടാക്കുകയെന്നും ജോസ് വ്യക്തമാക്കി.

കെ സുരേന്ദ്രനും പി.ജെ ജോസഫും ജോസ് കെ. മാണിയും നിലപാടുകൾ വ്യക്തമാക്കിയതോടെ കേരള കോൺഗ്രസ് ജോസ് വിഭാഗം എൻഡിഎ മുന്നണിയിലെത്തുമെന്ന അഭ്യൂഹം ശക്തമായിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News