നവാബ് രാജേന്ദ്രന്‍; പൊതുതാല്‍പര്യ വ്യവഹാരങ്ങളിലൂടെ അധികാര കേന്ദ്രങ്ങളിലെ അ‍ഴിമതിക്കെതിരെ വിരല്‍ ചൂണ്ടിയ വ്യക്തിത്വം

പൊതുതാല്‍പര്യ വ്യവഹാരങ്ങളിലൂടെ ഭരണകൂടത്തിലെ അ‍ഴിമതികള്‍ നിരന്തരം അനാവരണം ചെയ്ത ധീരനായ മനുഷ്യവകാശ പ്രവര്‍ത്തകനും, നിയമപോരാളിയുമായ നവാബ് രാജേന്ദ്രന്‍റെ 17 ചരമവാര്‍ഷിക ദിനമാണിന്ന്.

പ്രതിഫലേശ്ചയോ നിക്ഷിപ്ത താല്‍പര്യങ്ങളോ ഇല്ലാതെ സുധീരം പോരാടിയ നവാബിന്‍റെ ഓര്‍മ്മകള്‍ ഇന്ത്യലെമ്പാടും ഉളള മനുഷ്യവകാശ പ്രവര്‍ത്തകര്‍ക്കും , അ‍ഴിമതി വിരുദ്ധ പോരാളികള്‍ക്കും ഇന്നും വലിയ ആവേശമാണ് നല്‍കുന്നത

നവാബ് രാജേന്ദ്രന്‍ , ഹൈക്കോടതി വരാന്ത ,കൊച്ചി കേള്‍ക്കുമ്പോള്‍ വിചിത്രമായ മേല്‍വിലാസം എന്ന് തോന്നുമെങ്കിലും നവാബ് രാജേന്ദ്രന്‍റെ മേല്‍വിലാസം അക്ഷരാര്‍ത്ഥത്തില്‍ നിയമപോരാളിയുടെതായിരുന്നു. നിയമത്തെ കാല്‍കൊണ്ട് തട്ടി തായം കളിച്ചവരെ അതേ നിയമം ഉപയോഗിച്ച് ആണിയടിച്ച് തറച്ച മോഹമുക്തനായ വ്യവഹാരി.

തൃശൂരില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന നവാബ് എന്ന പത്രത്തിന്‍റെ പത്രാധിപരായിരുന്നു രാജേന്ദ്രന്‍ . കോണ്‍ഗ്രസിലെ കീരീടം വെയ്ക്കാത്ത രാജാവായിരുന്ന കെ കരുണാകരനെതിരെ അദ്ദേഹത്തിന്‍റെ സ്വന്തം തട്ടകത്തില്‍ നിന്ന് അയാള്‍ നടത്തിയ പോരാട്ടം ചോര ത്രസിപ്പിക്കുന്ന അധ്യായമാണ് . എല്ലാ ദിവസവും സര്‍ക്കാരിന്‍റെ അ‍ഴിമതി കഥകള്‍ കൊണ്ട് നിറഞ്ഞ ഒരു പത്രത്തിന്‍റെ പ്രസിദ്ധീകരണം കരുണാകരന് ഉണ്ടാക്കിയ അലോസരം ചെറുതായിരുന്നില്ല. അന്ന് വീണ വിളിപേര് ആണ് നവാബ് രാജേന്ദ്രനെന്നത്.

അ‍ഴിമതിക്കെതിരായ നവാബിന്‍റെ കുരിശ് യുദ്ധത്തിന് തുടക്കം 1970കളുടെ തുടക്കത്തിലാണ് .കാര്‍ഷിക സര്‍വ്വകലാശാലക്ക് വേണ്ടി ഭൂമി ഏറ്റെടുക്കാന്‍ അന്നത്തെ സര്‍ക്കാര്‍ തീരുമാനിക്കുന്നു. 1972 ഏപ്രില്‍ ഒന്നിന് പുറത്തിറങ്ങിയ നവാബില്‍ പത്രത്തില്‍ തട്ടില്‍ എസ്റ്റേറ്റ് അക്വയര്‍ ചെയ്യുന്നതിന് ആഭ്യന്തരമന്ത്രി കരുണാകരന്‍ രണ്ടുലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി വാര്‍ത്ത വന്നു.

എസ്റ്റേറ്റ് ഉടമയുടെ മകളുടെ ഭര്‍ത്താവായ വി.വി. ജോണിന് കരുണാകരന്റെ പേഴ്‌സണല്‍ അസിസ്റ്റന്‍റ് ഗോവിന്ദന്‍ അയച്ച കത്തിന്‍റെ ഫോട്ടോസ്റ്റാറ്റ് സഹിതമായിരുന്നു വാര്‍ത്ത.വാര്‍ത്ത പുറത്ത് വന്നതോടെ കരുണാകരന്‍റെ വിശ്വസ്ഥനായ ജില്ലാ പോലീസ് മേധാവി ജയാറാം പടിക്കല്‍ നവാബിനെ പൊക്കി. കത്തിന്‍റെ ഒര്‍ജിനല്‍ കണ്ടെടുകുകയായിരുന്നു ലക്ഷ്യം. ഭീഷണി വിലപോകില്ലെന്ന് കണ്ടപ്പോള്‍ ഒരു മദ്യകുപ്പിയുടെ ബോട്ടില്‍ തുറന്ന് ജയറാം പടിക്കല്‍ അല്‍പ്പം മദ്യം നവാബിന് നല്‍കി.

മദ്യലഹരിയില്‍ കത്ത് സിപിഐഎം നേതാവായ അ‍ഴീക്കോടന്‍ രാഘവന്‍റെ പക്കല്‍ എത്തിച്ചതായി നവാബ് സമ്മതിച്ചു .പിന്നെ കത്ത് കണ്ടെടുക്കാനുളള വ്യഗ്രതയില്‍ അ‍ഴീക്കോടന്‍റെ വീട്ടിലെത്തിയെങ്കിലും കത്ത് കണ്ടെടുക്കാനായില്ല. ഇതോടെ വാശിയിലായ പോലീസ് കണ്ണൂര്‍ ലോക്കപ്പിലിട്ട് നവാബിനെ തല്ലി ചതച്ചു. ജയറാം പടിക്കലിന്‍റെ മര്‍ദ്ദനത്തില്‍ മുന്‍ നിരയിലെ രണ്ട് പല്ലുകള്‍ നവാബിന് നഷ്ടമായി. എന്നാല്‍ അ‍ഴീക്കോടന്‍റെ കൈവശം കത്ത് ഉണ്ടെന്ന അനുമാനത്തില്‍ പോലീസ് എത്തിച്ചേര്‍ന്നു.

തൃശൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ കരുണാകരന്‍റെ പിഎ ഗോവിന്ദന്‍ സമര്‍പ്പിച്ച മാനനഷ്ട കേസില്‍ 1972 സെപ്റ്റംബര്‍ 25-ന് കത്തിന്‍റെ ഒറിജിനല്‍ കോടതിയില്‍ ഹാജരാക്കണമെന്ന് മജിസ്ട്രേറ്റ് ബി. മാധവമേനോന്‍ നവാബിനോട് ആവശ്യപ്പെട്ടു.കോടതി പറയുന്നപോലെ കത്തു കോടതിയില്‍ ഹാജരാക്കുമെന്ന് ഇടത് മുന്നണി കണ്‍വീനര്‍ അഴീക്കോടന്‍ പത്ര പ്രസ്താവന പിന്നാലെ വന്നു.കോണ്‍ഗ്രസ് ക്യാബും പോലീസും അക്ഷരാര്‍ത്ഥത്തില്‍ വിരണ്ടു.

കോടതിയില്‍ കത്ത് ഹാജരാക്കുന്നതിന് മുന്നോടിയായി സെപ്റ്റംബര്‍ 24 ന് പ്രതിപക്ഷ നിരയിലെ നേതാക്കളുടെ യോഗം അ‍ഴീക്കോടന്‍ തൃശൂരില്‍ വി‍ളിച്ച് ചേര്‍ത്തു. എന്നാല്‍ സെപറ്റംബര്‍ 23 ന് രാത്രി 10 മണിക്ക് തൃശൂര്‍ ചെട്ടിയങ്ങാടിയില്‍ വെച്ച് അ‍ഴീക്കോടന്‍ രാഘവന്‍ കൊലചെയ്യപ്പെട്ടു.ഇതിന് ശേഷമാണ് നവാബ് മു‍ഴുവന്‍ സമയ വ്യവഹാരിയാകുന്നത്.കെ കരുണാകരന്‍റെ ഏകഛത്രധിപത്യത്തിനെതിരെ നവാബ് നടത്തിയ പോരാട്ടങ്ങള്‍ തുടര്‍കഥയായി.

കരുണാകരന്‍ മന്ത്രിസഭയിലെ പ്രമുഖനായിരുന്ന എംപി ഗംഗാധരന്‍ സ്വന്തം മകളുടെ പ്രായം തിരുത്തി വിവാഹം ക‍ഴിപ്പിച്ചയച്ച സംഭവം ഒടുവില്‍ മന്ത്രിയുടെ രാജിയില്‍ കലാശിച്ചു. ഇതോടെ സര്‍ക്കാര്‍ ശല്യകാരനായ വ്യവഹാരിയായി നബാബിനെ മുദ്ര കുത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപ്പിച്ചു. എന്നാല്‍ കോടതി ആ ആവശ്യം നിരാകരിച്ചു.

വിവിധ പാര്‍ട്ടികളിലെ നേതാക്കളെയും, മന്ത്രിമാരേയും , ഉദ്യോഗസ്ഥരെയും, എന്തിനേറെ ജഡ്ജിമാരെയും വരെ നവാബ് കോടതി മുറികളില്‍ ചോദ്യം ചെയ്തു.കോടതി മുറികളിലെ അയാളുടെ ക്രോസ് വിസ്താരങ്ങളില്‍ പ്രഗല്‍ബരായ വക്കീലന്‍മാര്‍ പോലും ചൂളി പോയ സംഭവങ്ങള്‍ നിരവധിയാണ് പൊതുതാല്‍പര്യത്തിനപ്പുറത്ത് മറ്റെരു ജീവിതം ഇല്ലാതാരുന്ന നവാബിന് ഒരിക്കല്‍ രണ്ട് ലക്ഷം രൂപ അവാര്‍ഡ് ലഭിച്ചു.

എന്നാല്‍ ആ തുക എറണാകുളം ജനറല്‍ ആശുപത്രിക്ക് കൈമാറി അവിടെയും മാതൃകയായി അയാള്‍. ജീവിത്തില്‍ കാഷായം ചുറ്റിയ സന്ന്യസിയല്ലാത്ത സന്ന്യസിയായിരുന്നു നവാബ് രാജേന്ദ്രന്‍ . 2003 ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സ്വന്തം മൃതദേഹം പഠിക്കാന്‍ വിട്ട് നല്‍കി അയാള്‍ അന്ത്യയാത്രയായി.

എന്നാല്‍ നവാബിന്‍റെ മൃതദേഹം മോര്‍ച്ചറി മുറിയിലിരുത്തി പു‍ഴുപ്പിച്ച് കളഞ്ഞാണ് കോണ്‍ഗ്രസ് നവാബിനോട് മരണത്തിന് ശേഷവും പ്രതികാരം ചെയ്തത്. അധികാരകസേരകളുടെയും അതിന്‍റെ ഉപജാപകവൃന്ദത്തിന്‍റെയും പേടി സ്വപ്നമായ നവാബിന്‍റെ ഓര്‍മ്മദിവസം കൂടി കടന്ന് പോകുകയാണ്. ആരും ഒാര്‍മ്മിക്കണം എന്ന് നിര്‍ബന്ധം ഇല്ലെങ്ക്ിലും നീതിയുടെ പരിവ്രാജകന്‍റെ ഒാര്‍മ്മകള്‍ പോലും പ്രതീക്ഷയുടെ ഒറ്റത്തുരുത്താണ് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News