ലോക്ഡൗണ്‍ പൂർണമായും ഒഴിവാക്കാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ

നവംബർ അവസാനത്തോടെ മഹാരാഷ്ട്രയിലെ ലോക്ഡൗണ്‍ പൂർണമായും എടുത്തു കളയുമെന്ന് ആരോഗ്യ മന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു. മാധ്യമങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് സംസ്ഥാനത്തിന്റെ സ്തംഭനാവസ്ഥക്ക് പരിഹാരമായി ലോക് ഡൌൺ ഒഴിവാക്കുവാനുള്ള തീരുമാനം മന്ത്രി അറിയിച്ചത്.

സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ ഇപ്പോഴും കുറവില്ല. പ്രതിദിനം പതിനായിരത്തിന് മുകളിലാണ് രോഗികളുടെ എണ്ണം റിപ്പോർട്ട് ചെയ്യുന്നത്. പൂനെ, മുംബൈ, നാസിക്, താനെ തുടങ്ങിയ ജില്ലകളിലെ സ്ഥിതിയാണ് അതി രൂക്ഷം. ഇക്കാരണത്താലാണ് ലോക് ഡൌൺ ഒക്ടോബർ 31 വരെ നീട്ടിയത്. അതേസമയം, അൺലോക്ക് 5.0 മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം പുനരാരംഭിക്കാൻ തിരഞ്ഞെടുത്ത മേഖലകളിലെ പ്രവർത്തനങ്ങൾക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

നവംബർ അവസാനത്തോടെ ലോക് ഡൗണുമായി ബന്ധപ്പെട്ട എല്ലാ നിയന്ത്രണങ്ങളും എടുത്തു മാറ്റുമെന്നും നഗരജീവിതം പൂർണമായും പുനരാരംഭിക്കാൻ ഈ നടപടി സഹായിക്കുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. നിലവിലെ സ്തംഭനാവസ്ഥക്ക് പരിഹാരം കാണുവാൻ ഇത് മാത്രമാണ് പ്രതിവിധിയെന്നും രാജേഷ് ടോപെ വ്യക്തമാക്കി.

2020 നവംബർ അവസാനം മുതൽ അവശേഷിക്കുന്ന ബിസിനസ്സുകളും സേവനങ്ങളും വീണ്ടും തുറക്കാൻ അനുവദിക്കുമെന്ന് മന്ത്രി ടോപെ പറഞ്ഞു. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ 50 ശതമാനം ഇരിപ്പിട ശേഷിയോടെ ബാറുകൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ഭക്ഷണശാലകൾ എന്നിവ പുനരാരംഭിക്കാൻ സംസ്ഥാനം അനുമതി നൽകിയിട്ടുണ്ട്. എന്നിരുന്നാലും, അടുത്ത ഘട്ട തീരുമാനത്തിൽ, സ്കൂളുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മതപരമായ സ്ഥലങ്ങൾ എന്നിവ തുറക്കാൻ അനുവദിക്കും. എന്നാൽ കോവിഡ് രോഗ വ്യാപനം വിശകലനം ചെയ്ത ശേഷമായിരിക്കും ഈ തീരുമാനം.

വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അനുമതി തേടി നിരവധി ബിസിനസ്സ് ഉടമകൾ, സേവന ദാതാക്കൾ, സംഘടനകൾ, മതസ്ഥലങ്ങളിലെ അധികാരികൾ എന്നിവർ സർക്കാരിനെ സമീപിച്ചിട്ടുണ്ട്. എന്നിരുന്നാലും, വർദ്ധിച്ചുവരുന്ന കേസുകളാണ് നടപടി വൈകിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മുംബൈയിൽ പൊതുജനങ്ങൾക്കായി ലോക്കൽ ട്രെയിൻ തുടങ്ങുന്നതിനായി സമ്മർദ്ദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ട തീരുമാനത്തിൽ, അവശ്യ സേവനങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്ക് മാത്രമാണ് യാത്രാനുമതി നൽകിയിരിക്കുന്നത്.

Attachments area

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News