പെൺമകൾ പറക്കണം: അന്താരാഷ്ട്ര ബാലികാ ദിനത്തിൽ നവീന പുതിയോട്ടിൽ എഴുതുന്നു

വാർത്തകളിൽ നിന്ന് തുടങ്ങുന്ന പെൺ പ്രയാണങ്ങൾ ഞെട്ടിക്കുന്ന ആനുകാലികതയുടെ മിടിക്കുന്ന ഞരമ്പുകളാകുന്നത് ശ്ളാകനീയം തന്നെ. സ്ത്രീകൾക്കെതിരെ 59,445 കുറ്റകൃത്യങ്ങൾ, 4,322 ബലാത്സംഗ കേസുകൾ- പ്രതിവർഷം. പ്രതിദിനം 162 കുറ്റ കൃത്യങ്ങൾ ഓരോ രണ്ടു മണിക്കൂറിലും ഒരു ബലാത്സംഗ കേസ് ഓരോ 90 മിനുട്ടിലും കുഞ്ഞുങ്ങൾക്കെതിരായ ഒരു കുറ്റകൃത്യം ഇങ്ങനെ ഇങ്ങനെ പോകുന്നു പുതിയകാല പെൺ വാർത്തകൾ.

പെൺമകൾ എന്നത് സൗഭാഗ്യമായിക്കാണാൻ ആൺകൊയ്മയുടെ പഴകാലങ്ങൾ പോലും മതഭേതമന്യേ പറയുന്നു. പെൺകുഞ്ഞ് പിറന്നാൽ വലിയ ആഘോഷങ്ങൾ നടത്തുന്ന,ലക്ഷ്മി പിറന്നു എന്ന് പറയുന്ന,
നാരീപൂജ നടത്തുന്ന നമ്മുടെ രാജ്യത്ത് എന്നിട്ടും നമ്മുടെ പെൺകുഞ്ഞുങ്ങൾക്കിതെന്ത് പറ്റുന്നു.
വീടിനകത്ത് അന്ധകാരമുണ്ടോ?

ആ അന്ധകാരം ചുമന്നാണോ അവർ പുറത്തേക്കിറങ്ങുന്നത്?അതോ ചുവടുകൾ പിഴച്ചു പോകുന്നത് അകത്തോ പുറത്തോ?

പലപ്പോഴായി പല സന്ദർഭങ്ങളിലായി നമ്മൾ വിശകലനം ചെയ്തതും ചർച്ച ചെയ്തതുമായ വിഷയങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ നിന്നനിൽപ്പിൽ നീലിച്ച് പോകുന്ന അവസ്ഥയാണ്. ഒരു ഭാഗത്ത് പോരാടി ജയിക്കാൻ ഒരു വിഭാഗം സധൈര്യം ഇറങ്ങിത്തിരിക്കുമ്പോൾ മറുഭാഗത്ത് ആക്കമില്ലാതെ തളർന്ന് പിച്ചിച്ചീന്തപ്പെടുന്ന, പൊലിഞ്ഞമരുന്ന ജീവിതങ്ങൾ.

തുല്യതാവാദം
[ഫെമിനിസം] എന്നാണ് അതിന്റേതായ മൂല്യത്തോടെ സംഭവിക്കപ്പെടുക എന്നത് ആശങ്കയോടെ നോക്കിയിരിപ്പ് തുടങ്ങിയിട്ട് നാളിതെത്രയായി. അപ്പോലും ഫെമിനിസം എന്ന പദത്തെച്ചൊല്ലിയുള്ള തർക്കങ്ങളിൽ
വ്യാപൃതരാവാനാരുന്നു പലർക്കും താൽപര്യം.

അവിടെ ഈ തർക്കവിതർക്കങ്ങൾക്ക് അധികാരത്തിന്റെ രുചിയറിഞ്ഞവന്റെ കൊതി കൂടി ഉണ്ട് എന്ന് പറയാതെ വയ്യ.എന്ത് തന്നെയായാലും ഏത് സാഹചര്യത്തേയും നേരിടാനും മറികടക്കാനും ഉള്ള മാനസികാരോഗ്യം പുതുതലമുറയിലെ പെൺകുട്ടികൾക്ക് ഉണ്ടാക്കിയെടുക്കുക എന്ന ദൗത്യബോധമാണ് ഓരോ രക്ഷിതാവിനും അദ്ധ്യാപകനും സുഹൃത്തിനും വേണ്ടത്.

ആത്മവിശ്വാസത്തിലധിഷ്ടിതമായ ഇടപെടലുകൾ നമ്മുടെ പെൺകുട്ടികളെ കരുത്തുറ്റവരാക്കും.അതുകൊണ്ട് തന്നെ പതിനെട്ട് വയസ്സ് പൂർത്തിയായ മകൾക്ക് മൈത്രേയൻ എഴുതിയ കത്ത് ഏതൊരു രക്ഷിതാവിനും മാതൃകയാക്കാവുന്നതാണ്. ആ കത്ത് കുറച്ചധികം സ്വാതന്ത്ര്യമാണ് പറഞ്ഞു വെക്കുന്നത് എന്ന് തോന്നുകയാണെങ്കിൽ പോലും ആത്മവിശ്വാസം നൽകുന്നവാക്കുകളെന്നത് തള്ളിക്കളയാനാകില്ല.

അതുപോലെ തന്നെയാണ് വായനയിലൂടെ വഴികാട്ടിയാകുന്ന ഒരു പുസ്തകമാണ് കെ രാജേന്ദ്രൻ തയ്യാറാക്കിയ ക്യാപ്റ്റൻ ലക്ഷ്മിയുടെ ജീവിതകഥ. ഇങ്ങനെ വിവിധങ്ങളായ അനുഭവങ്ങളും സന്ദേശങ്ങളും ബലവത്തായ പെൺതലമുറയെ വാർത്തെടുക്കാനുതകുന്നവ തന്നെ.

ആധുനിക സിനിമയുടെ ചരിത്രത്തിൽത്തന്നെ സ്ത്രീസാന്നിധ്യത്തിന്റെ ശക്തി വ്യക്തമാക്കിയ ചലച്ചിത്രകാരിയാണ് ലിന വെർട്ട്മുള്ളർ. പുരുഷാധിപത്യമൂല്യങ്ങളോടും ഫാസിസത്തിനോടും പൊരുതൻ അവർ സിനിമ മാധ്യമമായി സ്വീകരിച്ചു. അവരുടെ സിനിമകൾ പലതും തുല്യതയോടെ സ്ത്രീയേയും പുരുഷനേയും അമ്പരപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്തു.

ഫാസിസ്റ്റുകളുടെ സ്ത്രീ സങ്കൽപത്തിനെതിരെയുള്ള ചെറുത്തു നിൽപ്പുകളുടെ സന്ദേശങ്ങൾ നിറഞ്ഞ ശബ്ദങ്ങൾ ഉയർത്തുന്നവയായിരുന്നു ലിന വെർട്ട്മുള്ളറിന്റെ ചിത്രങ്ങളത്രയും. ഡൊറോത്തി ആർസ്നർ, മാർത്ത മെസെറോസ്, മീര നായർ തുടങ്ങി സിനിമയുടെ തട്ടകങ്ങളിൽ തിളങ്ങി നിന്ന പെൺപുലുകൾ ഇതിഹാസമാണ്.

ആർത്തവം ആഘോഷമാക്കുന്ന ഇക്കാലത്ത് ഇത്തരം നിലവാരമുള്ള കാഴ്ചകളിലൂടെ വഴിനടത്തപ്പെടുമ്പോൾ നമ്മുടെ പെൺമക്കൾ ഉയർന്ന് പറക്കും. ഭയങ്ങളേയും ഭയപ്പാടുകളേയും കാറ്റിൽപ്പറത്തും കടലാസ്സ് തോണിയിലും പെൺപുലികൾ പുഴകടക്കും.

നവീന പുതിയോട്ടിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News