കിഫ്ബിക്ക് ബദലെന്തുണ്ട്?, സുസ്ഥിര വികസനത്തിന് യുഡിഎഫ് പരിപാടിയെന്ത്?; രമേശ് ചെന്നിത്തലയോട് തോമസ് ഐസക്

കേരള വികസനം സുസ്ഥിരമാക്കാനും അതിജീവിക്കാനും എന്ന തലക്കെട്ടില്‍ ഒരുമാധ്യമത്തില്‍ എ‍ഴുതിയ പ്രതിപക്ഷ നേതാവിന്‍റെ ലേഖനത്തിലെ പൊള്ളത്തരം തുറന്നുകാട്ടി തോമസ് ഐസക്. ഇടതുപക്ഷത്തിന്‍റെ വികസന മാതൃകകളെയാകെ കണ്ണടച്ച് വിമര്‍ശിക്കുന്ന പ്രതിപക്ഷത്തിന് കേരളത്തിന്‍റെ സുസ്ഥിര വികസനത്തിന് എന്ത് പരിപാടിയാണ് മുന്നോട്ടുവയ്ക്കാനുള്ളതെന്ന് തോമസ് ഐസക് ചോദിച്ചു. കിഫ്ബിയെ കുറ്റപ്പെടുത്തുമ്പോ‍ഴും അതിന് ബദലായി മുന്നോട്ടുവയ്ക്കാന്‍ യുഡിഎഫിന് ഒന്നുമില്ല. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം 15 ശതമാനം പിടിക്കുമെന്ന് പറയുന്ന ചെന്നിത്തല കൊവിഡ് കാലത്ത് സര്‍ക്കാര്‍ ജോലിക്കാരുടെ ശമ്പള വിഹിതം താല്‍ക്കാലികമായി ചോദിച്ചതിനെ എതിര്‍ത്തത് എന്തിനാണെന്ന് പറയണമെന്നും തോമസ് ഐസക് ഫെയ്സ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു

ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം

കേരള വികസനം അതിജീവിക്കാനും സുസ്ഥിരമാക്കാനും എന്താണ് പരിപാടി? ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കൃത്യമായ പരിപാടിയുണ്ട്. യുഡിഎഫിന്റെ പരിപാടി എന്താണെന്നു മനസ്സിലാക്കാനുള്ള ആകാംഷയോടെയാണ് മാതൃഭൂമിയിലെ പ്രതിപക്ഷ നേതാവിന്റെ ലേഖനം വായിച്ചത്. അതാണ് യുഡിഎഫ് നിലപാടെങ്കിൽ അവരുടെ കീഴിൽ കേരളം എങ്ങും എത്തിച്ചേരാൻ പോകുന്നില്ല.

പ്രതിപക്ഷ നേതാവ് പറയുന്നതുപോലെ നമ്മുടെ മുന്നിൽ രണ്ട് വെല്ലുവിളികളാണുള്ളത്. “2021-24 ധനവർഷത്തെ പദ്ധതി ഉടച്ചുവാർത്ത് ജനങ്ങളുടെ ജീവിതസന്ധാരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചെലവുകൾ കേന്ദ്രീകരിക്കേണ്ടിവരും.” മറ്റു വാക്കുകളിൽ പറഞ്ഞാൽ ജനങ്ങളുടെ സാമൂഹ്യക്ഷേമത്തിനും പാവപ്പെട്ടവരുടെ സുരക്ഷയ്ക്കും വേണ്ടി കൂടുതൽ പണം ചെലവഴിക്കണം. ഒരാൾക്കും ഇതിൽ തർക്കമുണ്ടാവില്ല. പക്ഷെ, ജനക്ഷേമത്തിനുള്ള പരിപാടികൾ ഏതൊക്കെ? അതിനുള്ള പണം എങ്ങനെ സമാഹരിക്കാം? എന്നതിനെയൊക്കെ സംബന്ധിച്ച് ഗൗരവമായ അഭിപ്രായ വ്യത്യാസമുണ്ട്.

“മന്ത്രിമാരും ജീവനക്കാരും 2023-24 വരെ 15 ശതമാനം വരുമാനം നീക്കിവച്ച്” ഈ യജ്ഞത്തിൽ പങ്കാളികളാവണം എന്നുപറയുന്ന രമേശ് ചെന്നിത്തല 6 ദിവസത്തെ ശമ്പളം താൽക്കാലികമായി മാറ്റിവയ്ക്കുന്നതിനെ എതിർത്തത് എന്തുകൊണ്ടാണ്? “സർവ്വകലാശാലകൾ, ക്ഷേമനിധി ബോർഡുകൾ, കമ്പനികൾ, സൊസൈറ്റികൾ, അതോറിറ്റികൾ” എന്നിങ്ങനെയുള്ളവയെ പുനസംഘടിപ്പിച്ചും ഏകോപിപ്പിച്ചും 3000 – 4000 കോടി രൂപ പ്രതിവർഷം മിച്ചംവയ്ക്കുന്ന വിദ്യ ഒന്നു വിശദീകരിക്കാമോ?

രാഹുൽ ഗാന്ധി പറഞ്ഞ സാർവ്വത്രിക മിനിമം വരുമാനം ആണ് രമേശ് ചെന്നിത്തലയുടെ ക്ഷേമത്തിനുള്ള മാന്ത്രിക സൂത്രം. “ക്ഷേമപെൻഷനുകളുമായി ചേർത്ത് ദരിദ്രകുടുംബങ്ങൾക്ക് പ്രതിമാസം 2000 രൂപ ഭക്ഷണം, മരുന്ന് എന്നിവയ്ക്കായി നൽകണം” എന്നാണ് നിർദ്ദേശം. ഇങ്ങനെ 600 രൂപയാണ് കൊടുത്തുകൊണ്ടിരുന്നത്. അതുതന്നെ യുഡിഎഫ് കാലത്ത് കുടിശികയായിരുന്നു. ഇത് ഇപ്പോൾ ഞങ്ങൾ 1400 രൂപയാക്കി. ഇത് വർദ്ധിപ്പിച്ചാൽ രാഹുൽ ഗാന്ധിയുടെ പദ്ധതിയാകുമോ? കേരളത്തിൽ ഇതിനുപുറമേ നമ്മൾ ഏതാണ്ട് സൗജന്യമായി പാവപ്പെട്ടവർക്കെല്ലാം റേഷൻ കൊടുക്കുന്നുണ്ട്. ഇപ്പോൾ എല്ലാ മാസവും കിറ്റുമുണ്ട്. എല്ലാവർക്കും സമ്പൂർണ്ണ, സൗജന്യ, ഗുണമേന്മയുള്ള വിദ്യാഭ്യാസവും ആരോഗ്യ സൗകര്യവും നൽകുന്നുണ്ട്. പാവപ്പെട്ടവർക്കെല്ലാം 5 ലക്ഷം രൂപ വരെ ആരോഗ്യ ഇൻഷ്വറൻസും ഉണ്ട്. ഇവയൊക്കെ മാറ്റിവച്ച് കുറച്ചുകൂടുതൽ പണം ഡിബിറ്റി വഴി നൽകുക എന്നത് ഞങ്ങൾ അംഗീകരിക്കുന്നില്ല. ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യ തുടങ്ങിയവ പ്രത്യക്ഷ സഹായമായോ സേവനമായോ നൽകണം എന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട്. എന്നാൽ ചെന്നിത്തലയുടെ കാഴ്ച്ചപ്പാട് അങ്ങനെയാണോയെന്നു സംശയിച്ചുപോകും.

കേൾക്കൂ ആരോഗ്യമേഖലയെക്കുറിച്ച് ചെലവ് ചുരുക്കലിന്റെ മാർഗ്ഗമായി അദ്ദേഹം പറയുന്നത് – “പബ്ലിക് ഹെൽത്തിന് സംസ്ഥാന വ്യാപകമായി കേഡറുള്ള ഒരു പുതിയ വകുപ്പുതന്നെ വേണ്ടതുണ്ടോ എന്ന് ആലോചിക്കണം.” ഇങ്ങനെയൊക്കെയാണ് 3000 – 4000 കോടി രൂപ ലാഭിക്കാൻ ഉദ്ദേശിക്കുന്നത്. എത്ര പ്രതിലോമകരമായ ആശയമാണ് അദ്ദേഹത്തിന്റെ ക്ഷേമ തന്ത്രം.
രണ്ടാമത്തെ വെല്ലുവിളി “പശ്ചാത്തല വികസനവും തൊഴിലും ഉടൻ കേരളത്തിൽ ലഭ്യമാകുന്ന പദ്ധതികളിലേയ്ക്ക് ഊന്നുക”യാണ്. ശരിയാണ്. പക്ഷെ, അതിനു കിഫ്ബി പോരാ. വേറെ എന്താ പരിപാടി? കിഫ്ബിയെക്കുറിച്ച് പ്രതിപക്ഷ നേതാവ് ഇതുവരെ പ്രസംഗിച്ചതെല്ലാം ഒരു ലഘുലേഖയാക്കി ഇറക്കിയാൽ എത്രമാത്രം സങ്കുചിതവും ഹ്രസ്വദൃഷ്ടിയുമാണ് യുഡിഎഫിനെ നയിക്കുന്നതെന്ന് വ്യക്തമാകും. അതെ, വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ ഇതൊരു വിഷയമാണ്. പണി പൂർത്തീകരിച്ച നിർമ്മാണങ്ങളുടെ ഉദ്ഘാടനങ്ങൾക്കൊപ്പം പുതിയ പ്രവൃത്തികൾക്കുള്ള തറക്കല്ലിടൽ കേരളം മുഴുവൻ നടന്നുകൊണ്ടിരിക്കുകയാണ്. ഞങ്ങൾ പറയുക ഇവയൊക്കെ പൂർത്തിയാകണമെങ്കിൽ കിഫ്ബി തുടരണം എൽഡിഎഫ് തുടരണം എന്നാണ്. നമുക്ക് നോക്കാം ജനങ്ങൾ ആരെയാണ് വിശ്വസിക്കുന്നതെന്ന്.

കിഫ്ബിയുടെ “തിരിച്ചടവിനുതന്നെ സംസ്ഥാനം ഭാവിയിൽ ബുദ്ധിമുട്ടും” എന്നാണല്ലോ അദ്ദേഹത്തിന്റെ വാദം. തിരിച്ചടവ് ആവശ്യമില്ലാത്ത ഒരു നിക്ഷേപ പദ്ധതി അദ്ദേഹം വിശദീകരിക്കട്ടെ. അദ്ദേഹമടക്കം അംഗീകരിച്ച് നിയമസഭ പാസ്സാക്കിയ കിഫ്ബി നിയമത്തിൽ പറയുന്നതുപോലെ മോട്ടോർവാഹന നികുതിയുടെ പകുതിയും പെട്രോൾ സെസും നൽകിയാൽ മതി. അതിനപ്പുറം തിരിച്ചടവിന് ഒന്നും നൽകണ്ട. എത്ര പ്രാവശ്യം കണക്കുകൾ വച്ച് ഇത് വിശദീകരിച്ചിട്ടുള്ളതാണ്. എന്നാലും അതുതന്നെ പറഞ്ഞുകൊണ്ടിരിക്കും.
കിഫ്ബിയിൽ നിന്ന് അടുത്ത 5 വർഷത്തിനിടയിൽ ഇപ്പോൾ അംഗീകരിച്ചിരിക്കുന്ന 50,000 കോടി രൂപയ്ക്കു പുറമേ മറ്റൊരു 25,000 കോടി രൂപകൂടി നിക്ഷേപം നടത്താൻ കഴിഞ്ഞേയ്ക്കും. കേരളത്തിന്റെ വികസനത്തിന് ഇതുപോരായെന്നാണ് ഞങ്ങൾ കാണുന്നത്. പുതിയ റെയിൽപാത, വ്യവസായ ഇടനാഴി, തലസ്ഥാന റിംങ് റോഡ് വികസന പദ്ധതി തുടങ്ങിയ ഭീമൻ പദ്ധതികളിൽ ഒരുലക്ഷം കോടിയെങ്കിലും മുതൽ മുടക്കേണ്ടി വരും. ഇതിനു പുറമേ സംസ്ഥാന ബജറ്റിൽ നിന്നുള്ള മൂലധന മുടക്ക് 40000 – 50000 കോടി രൂപയെങ്കിലും വേണം. അങ്ങനെ ചുരുങ്ങിയത് 2 ലക്ഷം കോടി രൂപയെങ്കിലും മുതൽ മുടക്കാനാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്. എന്താ നിങ്ങളുടെ പരിപാടി?

മേൽപ്പറഞ്ഞ പശ്ചാത്തലസൗകര്യ വികസനം കേരളത്തെ നിക്ഷേപകർക്ക് ആകർഷകമാക്കും. എന്നാൽ പുറത്തുനിന്നുള്ള കോർപ്പറേറ്റുകൾ മാത്രമല്ല, കേരളത്തിന് അകത്തുള്ള സൂക്ഷ്മ – ചെറുകിട – ഇടത്തരം സംരംഭകരെയും സ്റ്റാർട്ട്അപ്പുകളെയും പ്രോത്സാഹിപ്പിക്കണം. ആ പ്രോത്സാഹനത്തിന്റെ ഫലം ഇന്ന് കൃത്യമായി ലഭ്യമാണ്. പുതിയതായി ആരംഭിച്ചിട്ടുള്ള സംരംഭങ്ങളുടെ എണ്ണം, തൊഴിൽ ലഭിച്ചിട്ടുള്ളവരുടെ എണ്ണം, ഉൽപ്പാദന വളർച്ച ഇതെല്ലാം കേരളത്തിലെ വ്യവസായ വളർച്ചയിൽ വലിയ മുന്നേറ്റം ഇതിനകം സൃഷ്ടിച്ചു കഴിഞ്ഞു. 2014-15ൽ സംസ്ഥാന വരുമാനത്തിന്റെ 9.8 ശതമാനമായിരുന്നു വ്യവസായ മേഖലയുടെ വിഹിതം. 2018-19 ൽ അത് 13.9 ശതമാനമായി ഉയർന്നു. 2014-15 ദേശീയ വ്യവസായ ഉൽപ്പാദനത്തിൽ കേരളത്തിന്റെ വിഹിതം 1.2 ശതമാനമായിരുന്നു. 2018-19 ൽ അത് 1.6 ശതമാനമായി ഉയർന്നു. ഇതാണ് അതിജീവിക്കാനും സുസ്ഥിരമാകാനുമുള്ള മാർഗ്ഗം.

https://www.facebook.com/thomasisaaq/posts/4008709845811793

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News